സിദ്ദുവിന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് അമരീന്ദര്‍ സിങ്; ഭിന്നത പുതിയ തലത്തിലേക്ക്‌


1 min read
Read later
Print
Share

കേന്ദ്ര നേതൃത്വമാണ് സിദ്ദുവിനെതിരായി നടപടി സ്വീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചണ്ഡീഗഡ്: തന്നെ സ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാവാന്‍ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. നേരത്തെ സിദ്ദു തനിക്കെതിരെ നടത്തിയ പരോക്ഷ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് അമരീന്ദര്‍ സിങ് സിദ്ദുവിനെ കടന്നാക്രമിച്ചത്. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിലെ വിഭാഗീയത പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ്.
സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാവാം. തനിക്ക് സിദ്ദുവിനെ കുട്ടിക്കാലം മുതലേ അറിയാം. സിദ്ദുവുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ സിദ്ദുവിന് തന്നെ മാറ്റി മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുണ്ടായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യമാണ്. പക്ഷെ ഈ തിരഞ്ഞെടുപ്പിന്റെ സമയം അതിനായി ഉപയോഗിക്കുന്നത് തെറ്റാണ്. അത് ബാധിക്കുക പാര്‍ട്ടിയേയും പാര്‍ട്ടി സ്ഥാനാര്‍ഥികളെയുമാണെന്നും അമരീന്ദര്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
കേന്ദ്ര നേതൃത്വമാണ് സിദ്ദുവിനെതിരായി നടപടി സ്വീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ചടക്കരാഹിത്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. അല്ലാത്ത പക്ഷം ആര്‍ക്കും പാര്‍ട്ടിക്കെതിരെ എന്തും പറയാം എന്ന അവസ്ഥയുണ്ടാകുമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ സിദ്ദുവിന്റെ ഭാര്യക്ക് അമൃതസറില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലൂടെയാണ് സിദ്ദുവും അമരീന്ദര്‍ സിങും തമ്മിലുളള പടലപ്പിണക്കം പരസ്യമാവുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ പോകാന്‍ സിദ്ദുവിന് അനുമതി നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ സിദ്ദു നടത്തിയിരുന്നു. താന്‍ ക്യാപ്റ്റനായി അംഗീകരിക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണെന്നായിരുന്നു സിദ്ദുവിന്റെ അന്നത്തെ പ്രതികരണം. പഞ്ചാബില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന അമരീന്ദര്‍ സിങിനെ ലക്ഷ്യം വെച്ചായിരുന്നു സിദ്ദുവിന്റെ ഈ പ്രസ്താവന.
content highlights: Navjot Singh Sidhu Probably Wants To Become CM says Amarinder Singh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram