ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്തിരുന്ന നമോ ടി.വി. ചാനല്‍ അപ്രത്യക്ഷമായി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചദിവസമാണ് നമോ ടി.വി.യുടെ സംപ്രേഷണവും നിലച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പി.യുടെ പ്രചാരണത്തിനായി മാര്‍ച്ച് അവസാനത്തിലാണ് നമോ ടി.വി.യുടെ സംപ്രേഷണം ആരംഭിച്ചത്. ബി.ജെ.പി. ഐ.ടി. സെല്ലിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചാനലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികളായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. രാജ്യത്തെ പ്രമുഖ ഡി.ടി.എച്ച്. സേവനദാതാക്കളിലൂടെയാണ് ഇവ ജനങ്ങളിലേക്കെത്തിയത്.
അതേസമയം, ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് നമോ ടി.വി. ആരംഭിച്ചതെന്നും അതിനാല്‍ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച മെയ് 17-ന് തന്നെ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവെച്ചതായും ബി.ജെ.പി. നേതാവ് വ്യക്തമാക്കി.
ചാനലിലെ പരിപാടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതി ഉയര്‍ന്നതോടെ നമോ ടി.വി.യെ ചൊല്ലി നേരത്തെ വിവാദമുയര്‍ന്നിരുന്നു. ചാനലിന്റെ ലൈസന്‍സിനെ സംബന്ധിച്ചും ആക്ഷേപമുണ്ടായി. എന്നാല്‍ നമോ ടി.വി. വെറും പരസ്യപ്ലാറ്റ്‌ഫോമാണെന്നും ഇതിന് അപ് ലിങ്കിങ്, ഡൗണ്‍ലിങ്കിങ് അനുമതി ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.
Content Highlights: Namo tv goes off after loksabha election voting procedures