ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വ്യാപക പിശകെന്ന് റിപ്പോർട്ട്


2 min read
Read later
Print
Share

മെയ് 19-ന് വൈകിട്ട് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ന്യൂഡല്‍ഹി: ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ വ്യാപക പിശകെന്ന് ആക്ഷേപം. ആക്‌സിസ് മൈ ഇന്ത്യ വെബ്‌സൈറ്റില്‍ നല്‍കിയ ഔദ്യോഗിക എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് വ്യാപകമായി പിശക് കടന്നുകൂടിയതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവം വാര്‍ത്തയായതോടെ തെറ്റായി രേഖപ്പെടുത്തിയ ഭാഗങ്ങള്‍ ആക്‌സിസ് മൈ ഇന്ത്യ വെബ്‌സൈറ്റില്‍നിന്ന് നീക്കി.

മെയ് 19-ന് വൈകിട്ട് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട പല കണക്കുകളിലും ഗുരുതരമായ പിഴവുകളുണ്ടെന്ന് ഒട്ടേറെ പേര്‍ ചൂണ്ടിക്കാട്ടി.

ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളുടെയും പേരുകള്‍ തെറ്റായാണ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ നല്‍കിയതെന്നാണ് പ്രധാന ആക്ഷേപം. ഹരിദ്വാര്‍, ഗര്‍വാള്‍, നൈനിറ്റാള്‍ ഉള്‍പ്പെടെ അഞ്ച് ലോക്‌സഭമണ്ഡലങ്ങളാണ് ഉത്തരാഖണ്ഡിലുള്ളത്. എന്നാല്‍ ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തില്‍ സദുല്‍സഹാര്‍, ഗംഗാനഗര്‍, കരന്‍പുര്‍,സുറത്ത്ഗഢ്, റായിസിങ് നഗര്‍ എന്നിങ്ങനെയായിരുന്നു ലോക്‌സഭാ മണ്ഡലങ്ങളുടെ പേരുകള്‍. ഈ അഞ്ചുമണ്ഡലങ്ങളിലും ബി.ജെ.പി. വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ നിലവിലില്ലാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പി. എങ്ങനെ വിജയിക്കുമെന്നായിരുന്നു ട്വിറ്ററിലെ ചോദ്യം,

തമിഴ്‌നാട്ടിലെ എക്‌സിറ്റ്‌പോള്‍ ഫലത്തിലും ആക്‌സിസ് ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചു. ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇതിനുപുറമേ സിക്കിമിലെ വോട്ട് വിഹിതം രേഖപ്പെടുത്തിയതിലും ഗുരുതരമായ പിഴവാണുണ്ടായത്. 44 ശതമാനം വോട്ട് വിഹിതം നേടി സിക്കിം ഡെമോക്രാറ്റിക് മുന്നണി വിജയിക്കുമെന്നും 46 ശതമാനം വോട്ട് വിഹിതം നേടുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച രണ്ടാമതാകുമെന്നുമായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലം. കണക്കിലെ ഈ പൊരുത്തക്കേട് തന്നെയാണ് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തിന് തിരിച്ചടിയായത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ തെറ്റുകള്‍ ട്വിറ്ററില്‍ പ്രചരിച്ചതോടെ ഈ ഭാഗങ്ങളെല്ലാം പിന്നീട് വെബ്‌സൈറ്റില്‍നിന്ന് നീക്കി.

Content Highlights: Multiple Errors in India Today Axis My India Exit Poll Results

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram