കോഴിക്കോട്: യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിക്കൊപ്പം പോയ എം.പി. വീരേന്ദ്രകുമാറിനോട് സഹതാപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചയ്ക്കുപോലും വീരേന്ദ്രകുമാറിനെ വിളിച്ചില്ല. യു.ഡി.എഫ്. അവർക്ക് സീറ്റ് നൽകിയിരുന്നു. ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയായി. ഇതേപ്പറ്റി പാർട്ടി പ്രവർത്തകർ ചിന്തിക്കണം. യു.ഡി.എഫിൽ തുടർന്നിരുന്നെങ്കിൽ ഒരു സീറ്റ് നൽകാൻ തയ്യാറായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ്. സീറ്റ് തന്നു എന്നത് ശരിയാണ്. എന്നാൽ, വൻഭൂരിപക്ഷത്തോടെ തോൽപ്പിച്ചുവെന്നത് മറക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ എം.പി. വീരേന്ദ്രകുമാർ എം.പി.യുടെ പ്രതികരണം. സീറ്റ് തന്നപ്പോഴെല്ലാം കോൺഗ്രസ് ‘വളരെ നന്നായി’ സഹായിച്ചിട്ടുണ്ടെന്നും വീരേന്ദ്രകുമാർ പരിഹസിച്ചു.
പാലക്കാട് മണ്ഡലത്തിൽ വെറുതെ നിന്നുതന്നാൽ മതിയെന്നാണ് യു.ഡി.എഫ്. പറഞ്ഞത്. അതനുസരിച്ച് നിന്നു. ബാക്കിയെല്ലാം കോൺഗ്രസ് ‘ചെയ്തുതന്നു’. യു.ഡി.എഫിൽ ചേർന്നപ്പോൾ ലോക് താന്ത്രിക് ജനതാദളിന് ഒരു നേട്ടവും ഉണ്ടായിട്ടില്ല. നേരത്തേ എൽ.ഡി.എഫിലുള്ളപ്പോൾ ലഭിച്ച സ്ഥാനങ്ങൾമാത്രമേ പാർട്ടി നേടിയിട്ടുള്ളൂ. അധികമായി ഒരു സ്ഥാനവും ലഭിച്ചില്ല. എന്നാൽ, കോൺഗ്രസിന് വലിയ നേട്ടമുണ്ടായിരുന്നുവെന്ന കാര്യം മറക്കരുതെന്നും വീരേന്ദ്രകുമാർ ഓർമിപ്പിച്ചു.