ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും കഴിഞ്ഞതോടെ നാടകീയമായ നീക്കങ്ങള്‍ക്കാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ബി.എസ്.പി അദ്ധ്യക്ഷ മായാവതി യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മായാവതി നാളെ കാണും. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മാാവതിയുടെ ഈ നീക്കം നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലിങ്ങോട്ട് കടുത്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന മായാവതയുടേയും ബിഎസ്പിയുടേയും ഈ മലക്കംമറിയല്‍ നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ കക്ഷി ചേര്‍ക്കാന്‍ എസ്.പിയും-ബി.എസ്.പിയും തയ്യാറായിരുന്നില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് എന്നായിരുന്നു അന്ന് മായാവതിയുടെ നിലപാട്.
അതേസമയവും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. പിന്നീട് പ്രചാരണ സമയത്തുടനീളം ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന നിലപാടായിരുന്നു മായാവതി സ്വീകരിച്ചിരുന്നത്. അവസാനം മധ്യപ്രദേശിലെ ബി.എസ്.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പോലും ശക്തമായ വിമര്‍ശനമാണ് മായാവതി കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയിരുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നത് പോലും ആലോചിക്കുമെന്ന ഭീഷണിയും മായാവതി ഉയര്‍ത്തിയിരുന്നു.
തിരഞ്ഞെടുപ്പ് സമയത്തുടനീളം ഫെഡറല്‍ മുന്നണി സര്‍ക്കാരിനായി വാദിച്ച മായാവതി കോണ്‍ഗ്രസ് പാളയത്തിലേക്ക് അടുക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലുകളാണ് കോണ്‍ഗ്രസും ബി.എസ്.പിയും തമ്മിലുള്ള മഞ്ഞുരുകാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
content highlights: Mayawati To Meet Sonia Gandhi, Rahul Gandhi Tomorrow