കൊട്ടാരക്കര : ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകൾ തെറ്റിച്ചെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. മോദി വിരോധവും ശബരിമലയുമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മോദി വിരോധികളെല്ലാം കോൺഗ്രസിന് വോട്ട് ചെയ്തു. ശബരിമല നേരിട്ടല്ല ബാധിച്ചത്. സ്ത്രീകളുടെ വോട്ടുകളിലൂടെയാണ് അത് പ്രതിഫലിച്ചത്.
57 മുതൽ തിരഞ്ഞെടുപ്പുകളിൽ സജീവമായിരുന്ന ആളാണ് താൻ. ഇതുപോലെ ആർക്കും ഊഹിക്കാൻ കഴിയാത്ത തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ചില വിഭാഗങ്ങൾ ഒരുഭാഗത്ത് ജാതി പറയുമ്പോൾ സ്വാഭാവികമായും എതിർഭാഗവും സംഘടിക്കും. അതും ഇവിടെയുണ്ടായി. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകൾ. ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും. കോൺഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാൻ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണം ശക്തമായിരുന്നു. അതു വിശ്വസിച്ച ജനം കേരളത്തിൽ കോൺഗ്രസിന് വോട്ട് ചെയ്തു.
ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ നിരാശരാണ്. നല്ല പല സ്ഥാനാർഥികളും തോറ്റുപോയി. ആചാരങ്ങൾക്ക് വീഴ്ചവരാതെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പക്ഷേ, സർക്കാരിന് കോടതിവിധി അനുസരിച്ചേ പറ്റൂ. പിണറായിക്ക് പിണറായിയുടേതായ സ്വഭാവമുണ്ട്. പിണറായി വന്നതിനുശേഷം സർക്കാർതലത്തിൽ അഴിമതി ഇല്ലാതായി എന്നത് വലിയ നേട്ടമാണ്. ശബരിമല വിഷയത്തിൽ ആത്മാർഥമായ നിലപാടാണ് ആദ്യംമുതൽ എൻ.എസ്.എസ്. എടുത്തത്. ശബരിമല വിധിയിൽ മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നു.
മോദിയുടെ രണ്ടാം വരവിൽ ന്യൂനപക്ഷങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. തമിഴ്‌നാട്ടിൽ ഇടതുപക്ഷത്തിനു സീറ്റ് ലഭിച്ചത് ഡി.എം.കെ.യുടെ കൂടെ നിന്നിട്ടാണ്. മൂന്നുപേരുമായി പാർലമെന്റിൽ ഇരുന്നിട്ടുള്ളയാളാണ് താൻ. വലിയ പ്രയാസമാണ്. കുറഞ്ഞത് പതിനഞ്ച് ഇടത് എം.പി.മാരെങ്കിലും പാർലമെന്റിൽ ഉണ്ടാകേണ്ടതായിരുന്നു. അതില്ലാതെ പോയത് ഇന്ത്യയ്ക്കു മൊത്തം നഷ്ടമാണ്. മോദിയെ പ്രതിരോധിക്കാൻ ഇവിടെനിന്നു ജയിച്ചിട്ടുള്ള എത്ര എം.പി. മാരുണ്ടെന്നു പറയാൻ കഴിയില്ല-ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു.
Content Highlights: loksabha election-sabarimala-r.balakrishna pillai