ആന്ധ്രയില്‍ വൈ.എസ്.ആര്‍ കൊടുങ്കാറ്റ്; അജയ്യനായി ജഗന്‍മോഹന്‍ റെഡ്ഡി


1 min read
Read later
Print
Share

ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നയിക്കുന്ന ടി.ഡി.പിയെ മലര്‍ത്തിയടിച്ച് വൈ.എസ്. ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ട സൂചനകള്‍ ലഭിച്ച 162 സീറ്റുകളില്‍ 132 സീറ്റുകളിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. മുപ്പത് സീറ്റുകളിലാണ് മുന്നേറുന്നത്. 88 ആണ് ആന്ധ്രയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട മാന്ത്രികസംഖ്യ.

ആന്ധ്രയിലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളില്‍ 20-ലും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പടയോട്ടമാണ്. ബാക്കിയുള്ള അഞ്ച് സീറ്റുകളില്‍ ടി.ഡി.പി. മുന്നേറുന്നു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടി.ഡി.പി ഇത്തവണ കോണ്‍ഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തലസ്ഥാനനഗരിയായി പ്രഖ്യാപിച്ച അമരാവതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇഴഞ്ഞതും ആന്ധ്ര പ്രത്യേക പദവിയെന്ന ആവശ്യം നിര്‍വഹിക്കാന്‍ സാധിക്കാത്തതും ടി.ഡി.പിക്ക് തിരിച്ചടിയായി.

ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടക്കം മുതലേ ആത്മവിശ്വാസത്തിലായിരുന്നു. ഭരണ വിരുദ്ധവികാരവും കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളും വൈ.എസ്.ആറിന് തുണയായി. അധികാരത്തിലെത്തിയാല്‍ അമരാവതിയായിരിക്കും തട്ടകമെന്ന് പാര്‍ട്ടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജയിച്ചാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് താമസിക്കാനുള്ള മുഖ്യമന്ത്രി ഭവനം വരെ വൈ.എസ്.ആര്‍ നിര്‍മ്മിച്ചു. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലാണ് ജഗന് വേണ്ടി പുതിയ വീടും ഓഫീസും അടങ്ങുന്ന ബഹുനില മന്ദിരം പണികഴിപ്പിച്ചത്.

2014ല്‍ ടി.ഡി.പി പതിനഞ്ചും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എട്ടും ബി.ജെ.പി രണ്ടും സീറ്റുകള്‍ നേടിയിരുന്നു.ഒരു സീറ്റ് പോലും നേടാതിരുന്ന കോണ്‍ഗ്രസ് ഇക്കുറി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പടയൊരുക്കം നടത്തിയെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു.

Content Highlights: loksabha election result 2019 live; ysr congress gets majority in andhra pradesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram