കണ്ണൂര്‍: റീപോളിങ് നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളില്‍ ഭേദപ്പെട്ട പോളിങ്. കുന്നിരക്ക യു.പി. സ്‌കൂളിലെ 53-ാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ കാരണം പോളിങ് അല്പസമയം നിര്‍ത്തിവെച്ചു. തുടര്‍ന്ന് മറ്റൊരു യന്ത്രമെത്തിച്ചാണ് ഇവിടെ പോളിങ് പുനരാരംഭിച്ചത്.
നേരത്തെ കംപാനിയന്‍ വോട്ടിനെചൊല്ലി കുന്നിരക്കയിലെ 52-ാം നമ്പര്‍ ബൂത്തില്‍ വാക്കേറ്റമുണ്ടായിരുന്നു. പിലാത്തറയിലെ പോളിങ് ബൂത്തിലും നേരിയ വാക്കേറ്റമുണ്ടായി.
12 മണി വരെ വിവിധ ബൂത്തുകളിലെ പോളിങ് ശതമാനം ഇങ്ങനെ-
പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166) - 40.11 %
കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 52) - 46.39 %
കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 53) - 34.94 %
പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19) - 45.92 %
പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍- (ബൂത്ത് നമ്പര്‍ 69) - 27.05 %
പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍- (ബൂത്ത് നമ്പര്‍ 70) - 48.06 %
അതേസമയം, റീപോളിങ് നടക്കുന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. നേരത്തെ വെബ്കാസ്റ്റിങ് ദൃശ്യങ്ങളിലൂടെയാണ് കാസര്‍കോട് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്.
കാസര്‍കോടും കണ്ണൂരും റീപോളിങ് നടത്തുന്നതിനെ എതിര്‍ത്ത് കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. സുധാകരനും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും രംഗത്തെത്തി. ഒന്നോ രണ്ടോ കള്ളവോട്ടിന് വോട്ടര്‍മാരെ മുഴുവന്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. ഇത് ഭാവിയില്‍ ഒരു കീഴ്‌വഴക്കമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ റീപോളിങ് നടത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
Content Highlights: loksabha election re polling in kannur and kasargod loksabha constituency, leaders against re polling