പാട്‌ന: ജെ.എന്‍.യു. സമരനായകനും വിദ്യാര്‍ഥിനേതാവുമായ കനയ്യകുമാര്‍ ബേഗുസാരായ് ലോക്‌സഭ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയാകും. ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കനയ്യകുമാറിനെ ബേഗുസാരായ് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനമെടുത്തത്. സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിയായാണ് കനയ്യകുമാര്‍ മത്സരരംഗത്തിറങ്ങുന്നത്.
പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കനയ്യകുമാര്‍ മത്സരിച്ചേക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ മഹാസഖ്യത്തില്‍ സി.പി.ഐക്കും സി.പി.എമ്മിനും സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ കനയ്യകുമാര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ആര്‍.ജെ.ഡിയ്ക്കാണ് ബേഗുസാരായ് മണ്ഡലം ലഭിച്ചത്. തന്‍വീര്‍ ഹുസൈനെയാണ് ആര്‍.ജെ.ഡി. ഇവിടെ പരിഗണിക്കുന്നത്.
കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും നേതൃത്വം നല്‍കുന്ന ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യം കഴിഞ്ഞദിവസമാണ് സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയത്. സഖ്യത്തില്‍ ഉള്‍പ്പെട്ട സി.പി.ഐ(എം.എല്‍.)-ന് ഒരു സീറ്റ് ലഭിച്ചെങ്കിലും സി.പി.ഐയെയും സി.പി.എമ്മിനെയും സഖ്യനേതാക്കള്‍ പൂര്‍ണമായും തഴയുകയായിരുന്നു. സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ തങ്ങള്‍ സ്വന്തംനിലയില്‍ മത്സരിക്കുമെന്ന് ബിഹാറിലെ സി.പി.ഐ. നേതാക്കളും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കനയ്യകുമാറിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.ഐയും സി.പി.എമ്മും തീരുമാനമെടുത്തത്.
Content Highlights: loksabha election 2019; kanhaiya kumar is the left candidate from bihar begusarai constituency