പത്തനംതിട്ട: കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതിയുടെ അനുമതി. റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയത്. ശബരിമല പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ് പ്രകാശ് ബാബു.
ചിത്തിര ആട്ടവിശേഷത്തിന് ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിലാണ് കോഴിക്കോട്ടെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ കെ.പി. പ്രകാശ് ബാബുവിനെ റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തത്. പമ്പ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രകാശ് ബാബുവിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പിന്നീട് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
ശബരിമല ദര്‍ശനത്തിനെത്തിയ തൃശ്ശൂര്‍ സ്വദേശിനിയായ 52-കാരിയെ ആക്രമിച്ച കേസിലെ 16-ാം പ്രതിയാണ് പ്രകാശ് ബാബു. വധശ്രമം, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ഒന്നാംപ്രതിയാണ് ഇദ്ദേഹം. ഈ കേസിലും പ്രകാശ്ബാബുവിന് ജാമ്യം ലഭിച്ചിട്ടില്ല.
Content Highlights: kozhikode nda candidate adv prakash babu can be submit his nomination, ranni court given permission