കാസര്‍കോട്: റീപോളിങ് നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബൂത്തിലെത്തി വോട്ട് ചോദിച്ചതായി പരാതി. പിലാത്തറ സ്‌കൂളിലെ ബൂത്ത് നമ്പര്‍ 19-ല്‍ വരിനില്‍ക്കുന്നവരോട് ഉണ്ണിത്താന്‍ വോട്ടഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണ് പരാതി നല്‍കിയത്.
രാവിലെ ആറരയോടെ പിലാത്തറ സ്‌കൂളിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചെയ്യാന്‍ വരിനിന്നവരോട് വോട്ടഭ്യര്‍ഥിച്ചെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ഥിക്കെതിരേ നടപടി വേണമെന്നുമാണ് എല്‍.ഡി.എഫിന്റെ ആവശ്യം.
നേരത്തെ നടന്ന വോട്ടെടുപ്പില്‍ കള്ളവോട്ട് സ്ഥിരീകരിച്ചതോടെയാണ് കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ യു.പി. സ്‌കൂള്‍ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍ -69, 70 ബൂത്തുകള്‍, കൂളിയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ -ബൂത്ത് നമ്പര്‍ 48 എന്നിവയ്‌ക്കൊപ്പം കണ്ണൂര്‍ പാമ്പുരുത്തി മാപ്പിള സ്‌കൂളിലെ ബൂത്ത് നമ്പര്‍ 166-ലും കുന്നിരിക്ക യു.പി. സ്‌കൂളിലെ 52,53 നമ്പര്‍ ബൂത്തുകളിലും ഞായറാഴ്ച റീപോളിങ് നടക്കുന്നു.
Content Highlights: kasargod re polling; ldf complaint against udf candidate rajmohan unnithan