ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാല് എം.എല്‍.എമാര്‍ക്ക് ജയം, നാലിടത്ത് ഉപതിരഞ്ഞെടുപ്പും


1 min read
Read later
Print
Share

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെ ഒമ്പത് എം.എല്‍.എമാര്‍ മത്സരിച്ചെങ്കിലും അഞ്ച് പേർ പരാജയപ്പെടുകയായിരുന്നു

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സിറ്റിങ് എം.എല്‍.എമാര്‍ വിജയമുറപ്പിച്ചതോടെ സംസ്ഥാനത്തെ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ്, അരൂര്‍ നിയമസഭ മണ്ഡലങ്ങളാണ് ഇനി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെ ഒമ്പത് എം.എല്‍.എമാര്‍ മത്സരിച്ചെങ്കിലും അഞ്ച് പേര്‍ പരാജയപ്പെടുകയായിരുന്നു.

കോന്നി എം.എല്‍.എ.യായ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ എ. സമ്പത്ത് എം.പിയെ അട്ടിമറിച്ചാണ് ലോക്‌സഭയിലെത്തുന്നത്. സി.പി.എം. ഉറച്ചസീറ്റെന്ന് വിശ്വസിച്ചിരുന്ന ആറ്റിങ്ങലില്‍ മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടിയാണ് അടൂര്‍ പ്രകാശ് കരുത്തു കാട്ടിയത്.

എറണാകുളം നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഹൈബി ഈഡനും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയ തീരം തൊട്ടു. ഇതോടെ എറണാകുളത്തും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

വടകരയില്‍ പി. ജയരാജനെ തളയ്ക്കാനുള്ള ദൗത്യമായെത്തിയ കെ. മുരളീധരന്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് ആ ദൗത്യം നിറവേറ്റിയത്. എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ. മുരളീധരന്റെ മുന്നേറ്റം. ഇതോടെ അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകും. കഴിഞ്ഞ തവണ ബി.ജെ.പിയായിരുന്നു വട്ടിയൂര്‍ക്കാവില്‍ രണ്ടാമത്. അതിനാല്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിനെ ബി.ജെ.പി.യും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

കേരളത്തില്‍ സി.പി.എമ്മിന്റെ മാനംകാത്ത സ്ഥാനാര്‍ഥിയാണ് എ.എം. ആരിഫ്. സംസ്ഥാനത്തെ 19 മണ്ഡലങ്ങളും നഷ്ടപ്പെട്ടിട്ടും ആലപ്പുഴയില്‍ ചെങ്കൊടി നാട്ടിയ എ.എം. ആരിഫ് അരൂര്‍ എം.എല്‍.എയാണ്. എന്തായാലും ആരിഫ് ലോക്‌സഭയിലേക്കെത്തുന്നതോടെ അരൂരിലും ഉടന്‍തന്നെ ഉപതിരഞ്ഞെടുപ്പുണ്ടാകും.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍, ആറന്മുള എം.എല്‍.എ. വീണ ജോര്‍ജ്. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ. എ. പ്രദീപ് കുമാര്‍, നെടുമങ്ങാട് എം.എല്‍.എ. സി. ദിവാകരന്‍, അടൂര്‍ എം.എല്‍.എ. ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ പരാജയത്തിന്റെ കയ്പറിഞ്ഞു.

Content Highlights: four mla's from kerala wins in loksabha election

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram