തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു; മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി


1 min read
Read later
Print
Share

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം പ്രധാനമന്ത്രി ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപണത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക അറിയിച്ച് മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നതായും ഇത് നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അപകടകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് രാജ്യത്തെ മുന്‍ ഉന്നത ഉദ്യോഗസ്ഥരായ 66 പേര്‍ ചേര്‍ന്ന് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ ഇടപെടല്‍ നടത്താത്തതും കമ്മീഷന്റെ ലാഘവവും വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാവുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി മാതൃകാ പെരുമാറ്റച്ചട്ടങ്ങളില്‍ വീഴ്ച വരുത്തുന്നതും ദുരുപയോഗം ചെയ്യുന്നതും തങ്ങള്‍ക്ക് ദു:ഖമുണ്ടാക്കുന്നതാണെന്നും കത്തില്‍ പറയുന്നു.

ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപണത്തിന്റെ പ്രഖ്യാപനം, പ്രധാനമന്ത്രിയുടെ ജീവചരിത്ര ചലച്ചിത്രത്തിന്റെ റിലീസ്, യോഗി ആദിത്യനാഥിന്റെ മോദിസേന പരാമര്‍ശം, നമോ ടി.വി.യുടെ പ്രക്ഷേപണം തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം പ്രധാനമന്ത്രി ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപണത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ചട്ടലംഘനമില്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.

മോദിയുടെ ജീവചരിത്രം പറയുന്ന ചലച്ചിത്രത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ചിത്രം റിലീസ് ചെയ്യുന്നതോടെ രാഷ്ട്രീയനേതാവിന് സൗജന്യമായി പരസ്യം ലഭിക്കുകയാണെന്നും ഇത് മോദിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ കൂട്ടിച്ചേര്‍ക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. യോഗി ആദിത്യനാഥിന്റെ മോദിസേന പരാമര്‍ശത്തിനെതിരെ ശക്തമായ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഏപ്രില്‍ എട്ടിന് രാഷ്ട്രപതിക്ക് കൈമാറിയ കത്തിന്റെ പകര്‍പ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും നല്‍കിയിട്ടുണ്ട്.

Content Highlights: former bureaucrats given letter to president on election commission's working

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram