തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച യോഗത്തില്‍ തര്‍ക്കം. ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥലസൗകര്യങ്ങളില്ലെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതാണ് വാക്കു തര്‍ക്കത്തിലേക്ക് വഴിതെളിച്ചത്.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാബിനിലാണ് സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തിനെത്തിയ സമയത്ത് സ്ഥലത്തിന്റെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് ബിജെപി നേതാക്കള്‍ പരാതി അറിയിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും പദ്മകുമാറുമാണ് യോഗത്തിനെത്തിയത്. ബിജെപി നേതാക്കളുമായി പിന്നീട് വാക്കുതര്‍ക്കത്തിലേക്ക് പോവുകയായിരുന്നു.
പിന്നാലെയെത്തിയ മറ്റ് പാര്‍ട്ടി നേതാക്കളും ഇതേ പരാതി ഉന്നയിച്ചു. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചു. സാധാരണ ഈ ക്യാബിനിലല്ല സര്‍വകക്ഷിയോഗം ചേരുന്നതെന്നും കുറച്ചുകൂടി സൗകര്യമുള്ള ഹാളിലാണെന്നും ആനത്തലവട്ടം ആനന്ദന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം ടിക്കാറാം മീണ നിരാകരിക്കുകയായിരുന്നു.
ഇവിടെത്തന്നെയാണ് താന്‍ യോഗം വിളിച്ചത്. ഇവിടെ തന്നെ അത് നടത്തുകയും ചെയ്യും എന്ന് ടിക്കാറാം മീണ വ്യക്തമാക്കി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ യോഗം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനില്‍ തന്നെ ആരംഭിച്ചു. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
യോഗത്തില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കുമെന്ന് ബിജെപിയും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയം ഉപയോഗിക്കുന്നത് ചട്ടലംഘനമാകുമെന്നാണ് ടിക്കാറാം മീണ നേരത്തെ പറഞ്ഞിരുന്നത്.
Content Highlights: face off with CEO and Political Parties in all party meeting