ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ നേതാക്കളുടെ വസതികളില്‍ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന തുടരുന്നു. പുതുച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.രംഗസ്വാമിയുടെ വസതിയിലാണ് പരിശോധന നടക്കുന്നത്. വോട്ടിന് പണം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന.
മധുരയിലെ എ.ഐ.എ.ഡി.എം.കെ. നേതാവ് ദേവദാസിന്റെ വസതിയിലും ബുധനാഴ്ച ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സക്വാഡ് പരിശോധന നടത്തി. എന്നാല്‍ ഇവിടെനിന്ന് പണമോ മറ്റോ പിടിച്ചെടുത്തോ എന്നകാര്യത്തില്‍ വ്യക്തതയില്ല.
ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ ഉപതിരഞ്ഞെടുപ്പും നടക്കുന്ന തമിഴ്‌നാട്ടില്‍ ഏപ്രില്‍ 18-നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡും ആദായനികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വോട്ടിന് പണം നല്‍കുന്നതായുള്ള പരാതികളുയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആണ്ടിപ്പെട്ടിയില്‍നിന്ന് 1.48 കോടി രൂപയാണ് പിടികൂടിയത്. അമ്മ മക്കള്‍ മുന്നേറ്റകഴകം പാര്‍ട്ടിയുടെ നേതാവിന്റെ പക്കല്‍നിന്നാണ് പണം പിടികൂടിയത്. മണ്ഡലത്തിലെ ഓരോ വോട്ടര്‍ക്കും മുന്നൂറ് രൂപ വീതം നല്‍കാനായിരുന്നു ഇത്രയധികം പണം സൂക്ഷിച്ചതെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അതിനിടെ ഡി.എം.കെ. നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നെങ്കിലും പണം കണ്ടെത്തിയിരുന്നില്ല. വെല്ലൂരില്‍ ഡി.എം.കെ. സ്ഥാനാര്‍ഥിയുടെ ഗോഡൗണില്‍നിന്ന് 11.5 കോടി രൂപ പിടിച്ചെടുത്തതിനാല്‍ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 205 കോടി രൂപയാണ് തമിഴ്‌നാട്ടില്‍നിന്ന് പിടികൂടിയത്.
Content Highlights: election flying squad raid in various places at tamil nadu and puducherry