'പട്ടിക പുകയുന്നു'; ബി.ജെ.പി.കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കാതെ മുരളീധരവിഭാഗം


By കെ. പദ്മജന്‍

1 min read
Read later
Print
Share

കെ. സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച തൃശ്ശൂര്‍ കൂടാതെ കാസര്‍കോട്ടും തിരുവനന്തപുരത്തും സുരേന്ദ്രന്റെ പേരുണ്ട്. ചര്‍ച്ചകള്‍ക്കൊടുവില്‍ കാസര്‍കോട് സീറ്റിലേക്ക് എത്തിച്ചേരാന്‍ ഇടയുണ്ടെന്നതിനാലാണ് മുരളീധരവിഭാഗത്തിന്റെ അതൃപ്തി.

കൊച്ചി: സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി ബി.ജെ.പി.യില്‍ അതൃപ്തി പുകയുന്നു. സംസ്ഥാന പ്രസിഡന്റ്് പി.എസ്. ശ്രീധരന്‍പിള്ള കേന്ദ്ര നേതൃത്വത്തിനയച്ച പ്രാഥമികലിസ്റ്റില്‍ വി. മുരളീധരന്‍ വിഭാഗത്തിന് കടുത്ത എതിര്‍പ്പാണുള്ളത്.

പട്ടികയില്‍ മുരളീധരവിഭാഗം നേതാവായ കെ. സുരേന്ദ്രനെ മൂന്നുമണ്ഡലങ്ങളിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. കെ. സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച തൃശ്ശൂര്‍ കൂടാതെ കാസര്‍കോട്ടും തിരുവനന്തപുരത്തും സുരേന്ദ്രന്റെ പേരുണ്ട്. ചര്‍ച്ചകള്‍ക്കൊടുവില്‍ കാസര്‍കോട് സീറ്റിലേക്ക് എത്തിച്ചേരാന്‍ ഇടയുണ്ടെന്നതിനാലാണ് മുരളീധരവിഭാഗത്തിന്റെ അതൃപ്തി.

മതിയായ ചര്‍ച്ചകൂടാതെ ലിസ്റ്റുനല്‍കിയതില്‍ പ്രതിഷേധിച്ച് മുരളീധരവിഭാഗം, വെള്ളിയാഴ്ച ദേശീയ ജനറല്‍സെക്രട്ടറി മുരളീധരറാവുവിന്റെ സാന്നിധ്യത്തില്‍നടന്ന പാര്‍ട്ടി കോര്‍കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തില്ല.

അങ്ങനെയൊരു പട്ടിക നല്‍കിയിട്ടില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലമാണെന്നും സുരേന്ദ്രന് യാത്രാമധ്യേ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വി. മുരളീധരന്‍ എം.പി., കെ. സുരേന്ദ്രന്‍, സി.കെ. പദ്മനാഭന്‍ എന്നിവരാണ് എത്താതിരുന്നത്.

മുരളീധരന്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ളയാളായതിനാല്‍ ഇവിടത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം. തൃശ്ശൂര്‍ സീറ്റിനുവേണ്ടി കൃഷ്ണദാസ് പക്ഷത്തെ എ.എന്‍. രാധാകൃഷ്ണനും രംഗത്തുണ്ട്. ലിസ്റ്റില്‍ അദ്ദേഹത്തെ ആ മണ്ഡലത്തിലേക്കുമാത്രമാണ് പരിഗണിച്ചിട്ടുള്ളത്. എറണാകുളം സ്വദേശിയായ രാധാകൃഷ്ണനെ ഇക്കുറി ആ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തുകപോലും ചെയ്തിട്ടില്ലെന്നാണ് മുരളീധരപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. തര്‍ക്കം രൂക്ഷമാണെങ്കില്‍ ദേശീയ നേതൃത്വത്തിന് ഏകപക്ഷീയമായി തീരുമാനമെടുക്കേണ്ടിവരുമെന്ന് മുരളീധരറാവു നേതാക്കളെ അറിയിച്ചു.

ബി.ഡി.ജെ.എസിന് നല്‍കേണ്ട സീറ്റിനെച്ചൊല്ലിയും പ്രതിഷേധമുയരുന്നുണ്ട്്. എന്‍.ഡി.എ. കണ്‍വീനര്‍കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാതെ പിന്മാറിയതിലാണ് ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി. തൃശ്ശൂരാണ് അദ്ദേഹത്തിന് നല്‍കാന്‍ ബി.ജെ.പി. ആഗ്രഹിക്കുന്നത്. ബി.ഡി.ജെ.എസിന് സീറ്റുനല്‍കുമ്പോള്‍ അവര്‍ ആരെ മത്സരിപ്പിക്കുമെന്നകാര്യംകൂടി ബി.ജെ.പി.അന്വേഷിക്കും.

എറണാകുളം, ഇടുക്കി, ചാലക്കുടി, ആലത്തൂര്‍ മണ്ഡലങ്ങള്‍ ബി.ഡി.ജെ.എസിന് നല്‍കാനാണ് ആലോചന. ആറുസീറ്റാണ് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടതെങ്കിലും തുഷാര്‍ മത്സരിക്കാനില്ലെങ്കില്‍ കൂടുതല്‍ സീറ്റ് ബി.ജെ.പി. പരിഗണിച്ചേക്കില്ല. കോട്ടയം മണ്ഡലത്തില്‍ കേരളാകോണ്‍ഗ്രസ് നേതാവ് പി.സി. തോമസിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, തങ്ങളുടെ സിറ്റിങ് സീറ്റ് നല്‍കുന്നതില്‍ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

Content Highlights:

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram