ന്യൂഡല്‍ഹി: അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലും പഞ്ചാബിലും പരക്കെ സംഘര്‍ഷം. ബംഗാളിലെ ബസീര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരേ ബോംബേറുണ്ടായി. ബസീര്‍ഹട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തതായി ബി.ജെ.പി. ആരോപിച്ചു. നൂറിലധികം ബി.ജെ.പി. പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ബി.ജെ.പി. സ്ഥാനാര്‍ഥി സായന്തന്‍ ബസു മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിലെ പലയിടങ്ങളിലും ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്. ബര്‍സാത്തിലെ ബി.ജെ.പി. ഓഫീസ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. മഥുരാപുരിലും നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇസ്ലാംപുരിലും ബോബേറുണ്ടായി. നോര്‍ത്ത് കൊല്‍ക്കത്തയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി രാഹുല്‍ സിന്‍ഹയെ ഒരു സംഘം ആക്രമിച്ചതായി ബി.ജെ.പി. ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു.
വോട്ടെടുപ്പിനിടെ പഞ്ചാബിലെ ഖാദൂര്‍ സാഹിബ് ലോക്‌സഭ മണ്ഡലത്തിലും വ്യാപക സംഘര്‍ഷമുണ്ടായി. വോട്ട് രേഖപ്പെടുത്തി മടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടത്തും കോണ്‍ഗ്രസ്-അകാലിദള്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
Content Highlights: clash in bengal and punjab during loksabha election final phase polling