കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം യാതൊരുവിധ തരംഗവും ഉണ്ടാക്കില്ലെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍. ബിജെപിക്ക് എതിരായിട്ടാണ് രാഹുല്‍ മത്സരിക്കുന്നതെങ്കില്‍ അത് ബിജെപിയുടെ തട്ടകങ്ങളിലാവണം. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം അവരുടെ പാര്‍ട്ടിക്കാര്യമാണ്. എന്നാല്‍ സ്ഥാനാര്‍ഥിയായതിന്റെ യുക്തിയെ ആണ് താന്‍ ചോദ്യംചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ല എന്നതിന് തെളിവാണ് പൊരിവെയിലത്ത് പോലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് യോഗങ്ങള്‍. കേരളത്തില്‍ ട്വന്റി-ട്വന്റി പറയുന്ന കോണ്‍ഗ്രസ് യു.പിയില്‍ 80ല്‍ 80 എന്ന് പറയാന്‍ ധൈര്യം കാണിക്കണം.
വടകരയില്‍ സോഷ്യലിസ്റ്റുകള്‍ തനിക്കുവേണ്ടി വോട്ട് ചെയ്യുമെന്ന കെ. മുരളീധരന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. വോട്ട് മറിക്കുക എന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ്. ആ സംസ്‌കാരമല്ല സോഷ്യലിസ്റ്റുകളുടേത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് പി ജയരാജന്‍. അങ്ങനെയുള്ള ഒരാളെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവായി ചിത്രീകരിക്കുന്നത് ശരിയല്ല. അതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിലവില്‍വരുന്നതിന് ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ്. മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നു. കര്‍ഷക ആത്മഹത്യ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. സമൂഹത്തെ ധ്രുവീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരുപോലെയാണ്. ബിജെപിക്ക് തുടര്‍ഭരണം ഉണ്ടായാല്‍ അത് ജനാധിപത്യ വ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.