ന്യൂഡല്‍ഹി: മോദിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ക്കെതിരേ നടപടിയുണ്ടായേക്കും. ഗവര്‍ണര്‍ കല്യാണ്‍ സിങ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് രാഷ്ട്രപതി നടപടികളിലേക്ക് കടന്നത്. വിദേശ പര്യടനം കഴിഞ്ഞെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കല്യാണ്‍ സിങിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന ഫയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞമാസം അലിഗഢില്‍ വച്ചാണ് കല്ല്യാണ്‍സിങ് വിവാദ പ്രസ്താവന നടത്തിയത്. നമ്മള്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്നും തീര്‍ച്ചയായും തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിക്കണമെന്നും രാജസ്ഥാന്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. മോദി ഒരിക്കല്‍കൂടി പ്രധാനമന്ത്രി ആകണെന്നാണ് എല്ലാവരുടെയും ആവശ്യമെന്നും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കുന്നത് രാജ്യത്തിന് പ്രയോജനം ചെയ്യുമെന്നും രാജസ്ഥാന്‍ ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന വ്യക്തി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ പരാതിയുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും സംഭവത്തില്‍ അന്വേഷണം നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാപെരുമാറ്റച്ചട്ടം ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ പദവി വഹിക്കുന്നവര്‍ക്ക് ബാധകമല്ലെങ്കിലും രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശമാണ് കല്ല്യാണ്‍ സിങിനെതിരായ നടപടികളിലേക്ക് വഴിവെച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു.
ഗവര്‍ണര്‍ പദവിയിലിരിക്കുന്നവര്‍ രാഷ്ട്രീയ പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് രാഷ്ട്രപതിയുടെ നയം. മുതിര്‍ന്ന ബി.ജെ.പി. നേതാവായ കല്യാണ്‍സിങ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന അദ്ദേഹം 1999-ല്‍ ബി.ജെ.പി. വിട്ടു. പിന്നീട് 2004-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2014-ലാണ് രാജസ്ഥാന്‍ ഗവര്‍ണറായി ചുമതലയേറ്റത്.
Content Highlights: campaign for modi, president may be take action against rajasthan governor kalyan singh