ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മറ്റു മുഖ്യമന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചെന്നും സത്യപ്രതിജ്ഞാ ചടങ്ങായതിനാല്‍ പങ്കെടുക്കാനാണ് തീരുമാനമെന്നും മമതാ ബാനര്‍ജി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. മെയ് 30-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രിയെ നരേന്ദ്രമോദി നേരത്തെ ക്ഷണിച്ചിരുന്നു.
മെയ് 30-ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബിംസ്റ്റെക് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയെക്കൂടാതെ ബിംസ്റ്റെക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍.
Content Highlights: bengal cm mamata banarjee will attend pm modi's swearing ceremony