കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിനെ പരിഹസിച്ചുള്ള മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ ജി എന്ന വാചകത്തോടെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ട്രോള്‍ ചിത്രമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
പോസ്‌റ്റൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്നാണ് ട്രോള്‍ ചിത്രത്തിലെ വാചകം. ഈ പോസ്റ്റ് രാഹുല്‍ ഗാന്ധിയെയും ഇതരസംസ്ഥാനക്കാരെയും വംശീയമായി അധിക്ഷേപിക്കുന്നതാണെന്നാണ് പ്രധാന ആക്ഷേപം.
ഹിന്ദി സംസാരിക്കുന്നവരെ ജോലിസംബന്ധമായും വംശീയമായും അവഹേളിക്കുന്നതാണ് മന്ത്രിയുടെ പോസ്‌റ്റെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അപലപിക്കുന്നതായി പറഞ്ഞ വി.ടി. ബല്‍റാം എം.എല്‍.എ., കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശം വംശീയപരമാണെന്നും ഉത്തരേന്ത്യക്കാരെ അപമാനിക്കുന്നതാണെന്നും വിവേകശൂന്യമായ അല്പബുദ്ധിയാണെന്നും കുറ്റപ്പെടുത്തി.
മന്ത്രിയുടെ ട്രോള്‍ പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് തവനൂര്‍ മണ്ഡലം പ്രസിഡന്റ് രഞ്ജിത് തൊറയാറ്റില്‍ പോലീസില്‍ പരാതി നല്‍കി. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയത്.
ഇതിനുപുറമേ 'പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്' എന്ന മന്ത്രിയുടെ പരാമര്‍ശവും വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. എലിമാളം എന്ന് മന്ത്രി വിശേഷിപ്പിച്ചത് സി.പി. ഐയെയാണെന്നും വയനാട് മണ്ഡലത്തെയാണെന്നുമാണ് ഈ പരാമര്‍ശത്തിനെതിരായ ആരോപണം.
സി.പി.ഐക്കാർ എലികളാണെന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് എതിരാളികളുടെ ആരോപണം. മന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ' പുലിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നു പറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്' - എന്നായിരുന്നു പി.കെ. ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
Content Highlights: allegations against minister kt jaleel's facebook post