തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരന്‍ വര്‍ഗീയതയുടെയും ഹൈന്ദവ ധ്രുവീകരണത്തിന്റെയും ആളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാറാട് കലാപവും നിലയ്ക്കല്‍ സമരവും എടുത്തു പറഞ്ഞാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവര്‍ത്തന രംഗത്തും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയിലാണെന്നും മുല്ലപ്പളളി ആരോപിച്ചു.
'അത് മാറാട് കലാപമാകട്ടെ അതല്ലെങ്കില്‍ നിലയ്ക്കല്‍ സമരമാകട്ടെ. ഈ രാജ്യത്ത് എവിടെയെല്ലാം തന്നെ വിഭാഗീയത ഉണ്ടാക്കാന്‍ സാധിക്കുമോ ആ സമരങ്ങളുടെ മുന്‍പില്‍ നിന്ന മനുഷ്യന്‍... അദ്ദേഹമാണോ ലോക്‌സഭയിലേക്ക് പോവേണ്ടത്. അനന്തപുരിയിലെ ആളുകളെ നിങ്ങള്‍ നിസാരവത്കരിക്കരുത്. അവരെല്ലാം ചിന്തിച്ച് വിലയിരുത്തുന്ന ആളുകളാണ്'- മുല്ലപ്പള്ളി വ്യക്തമാക്കി.
എന്നാല്‍ വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ പരാമര്‍ശമാണ് മുല്ലപ്പള്ളി നടത്തിയത്. വര്‍ഗീയതയെ ഇളക്കിവിട്ട് പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസാണ്. വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാനുള്ള വിലാപമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നും കുമ്മനം വ്യക്തമാക്കി.
content highlights: Mullappally Ramachandran, Kummanam Rajasekharan, BJP, Congress, lok sabha election 2019