തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പത്തുനാള്‍ മാത്രം ശേഷിക്കേ പ്രചാരണം തലസ്ഥാന ജില്ലയില്‍ ശക്തമായി തുടരുന്നു.
ആറ്റിങ്ങല്‍, തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഓരോ മണ്ഡലങ്ങളിലും രണ്ടും മൂന്നും ഘട്ടം കഴിഞ്ഞു.
ഏറ്റവും അവസാനത്തെ കേന്ദ്രത്തിലുമെത്താനുള്ള ശ്രമം സ്ഥാനാര്‍ഥികള്‍ നടത്തുകയാണ്. വീടുകയറി അഭ്യര്‍ഥന നല്‍കാന്‍ തുടങ്ങി. പകല്‍ ചൂടായതിനാല്‍ രാവിലെയും വൈകുന്നേരവുമാണ് അഭ്യര്‍ഥന വിതരണം.
തലസ്ഥാനനഗരിയില്‍ സി.ദിവാകരന്‍
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.ദിവാകരന്‍ തലസ്ഥാനനഗരിയില്‍ രണ്ടാംഘട്ട പര്യടനം നടത്തി. വൈകുന്നേരം 3-ന് മേലാറന്നൂര്‍ റെയില്‍വേ ക്രോസ് ജങ്ഷനില്‍നിന്ന് ആരംഭിച്ച പര്യടനം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. റഷീദ് ഉദ്ഘാടനംചെയ്തു.
നേമത്തിന്റെ ആദരമേറ്റ് തരൂര്‍
യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂരിന്റെ നേമം നിയോജക മണ്ഡലത്തിലെ പര്യടനത്തിന് രാവിലെ 8.30-ന് വിവേകാനന്ദ നഗറില്‍ തുടക്കമായി.
നേമം നിയോജക മണ്ഡലത്തിലെ പ്രചാരണ പര്യടനം എം.വിന്‍സെന്റ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തിരുമല, മങ്കാട്ടുകടവ്, പുത്തന്‍കട, തൃക്കണ്ണാപുരം, വിജയമോഹിനി മില്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വട്ടവിളയിലായിരുന്നു സ്വീകരണം. ഉച്ചവിശ്രമത്തിനുശേഷം മൂന്നുമണിക്ക് ഡീസന്റ്മുക്കില്‍നിന്ന് ആരംഭിച്ച പര്യടനം ത്രിവിക്രമംഗലം, പൂജപ്പുര, നീറമണ്‍കര, പാപ്പനംകോട്, മേലാംകോട്, പൂഴിക്കുന്ന്, നേമം ജങ്ഷന്‍ ശാന്തിവിള എന്നീ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം പഴയകാരക്കാമണ്ഡപത്തില്‍ സമാപിച്ചു.
നെയ്യാറ്റിന്‍കരയില്‍ കുമ്മനം
എന്‍.ഡി.എ. സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വെള്ളിയാഴ്ചത്തെ പര്യടനം നെയ്യാറ്റിന്‍കരയിലായിരുന്നു. വൈകീട്ട് അഞ്ചിന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുമുന്നില്‍ എത്തിയ കുമ്മനത്തെ പുഷ്പവൃഷ്ടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
രാവിലെ എട്ടരയോടെ അരുവിപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് കുമ്മനം പ്രചാരണം ആരംഭിച്ചത്. മാമ്പഴക്കരയില്‍ എത്തിയ കുമ്മനത്തെ അമ്മമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുള്ളറവിള, വിഷ്ണുപുരം, കീളിയോട്, പൊരുമ്പഴുതൂര്‍, തൊഴുക്കല്‍, വഴുതൂര്‍, ചെമ്പരത്തിവിള, രാമേശ്വരം, അമരവിള തുടങ്ങി നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുമ്മനത്തിന് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.
Content Highlights: Thiruvananthapuram constituency, LokSabhaElection2019, Sasi Tharoor, Kummanam Rajasekharan, C Divarkaran