പൊന്നാനി ലീഗിന്റെ പൊന്നാപുരം കോട്ട തന്നെ; കരുത്തുകാട്ടി ഇ.ടി, ചരിത്രഭൂരിപക്ഷം


അഫീഫ് മുസ്തഫ

2 min read
Read later
Print
Share

പൊന്നാനിയെന്ന പൊന്നാപുരം കോട്ട കാത്ത് മുസ്ലീം ലീഗ്. മൂന്നാംതവണ മത്സരത്തിനിറങ്ങിയ ഇ.ടി. മുഹമ്മദ് ബഷീറിന് ഹാട്രിക് വിജയം. എതിരാളിയായ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ ബഹുദൂരം പിന്നിലാക്കിയാണ് ഇ.ടി. പൊന്നാനിയില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫിന്റെ കൈവശമുള്ള നിയമസഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇ.ടി. മുഹമ്മദ് ബഷീര്‍ ലീഡ് നേടി. ഇതോടെ പൊന്നാനിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഭൂരിപക്ഷവുമായാണ് ഇ.ടി. ലോക്സഭയിലെത്തുന്നത്.

വോട്ടെണ്ണെലിന്റെ തുടക്കംമുതല്‍ വ്യക്തമായ മുന്നേറ്റം നടത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ ആകെ 521438 വോട്ടുകള്‍ നേടി. ഇടതുസ്വതന്ത്രനായ പി.വി. അന്‍വറിന് ലഭിച്ചതാകട്ടെ 328208 വോട്ടും. ഇ.ടി.യുടെ ഭൂരിപക്ഷം- 193230.

എല്‍.ഡി.എഫിന് മേല്‍ക്കൈയുണ്ടായിരുന്ന പൊന്നാനി,തവനൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ ഇ.ടി. മുഹമ്മദ് ബഷീറിനായിരുന്നു മുന്നേറ്റം. ഇവിടങ്ങളില്‍ ഇടതുസ്വതന്ത്രനായ പി.വി. അന്‍വറിന് ഒരുചലനവും സൃഷ്ടിക്കാനായില്ല.

പൊന്നാനിയില്‍ വോട്ട് വിഹിതം ഒരുലക്ഷത്തിലധികമായി ഉയര്‍ത്താനായതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, എസ്.ഡി.പി.ഐ.യുടെ വോട്ടുകള്‍ ഇത്തവണ കുറഞ്ഞതും ശ്രദ്ധേയമാണ്.

തുടര്‍ച്ചയായ മൂന്നാം അങ്കത്തിനാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനിയിലെത്തിയത്. കഴിഞ്ഞ രണ്ടുതവണയും പൊന്നാനിയെ പ്രതിനിധീകരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ ഹാട്രിക് വിജയം തേടിയെത്തിയതോടെ യു.ഡി.എഫ്. ക്യാമ്പും ആവേശത്തിലായിരുന്നു. 2014-ലും 2016-ലും ഭൂരിപക്ഷത്തില്‍ കുറവ് വന്നതിനാല്‍ ഇത്തവണ പൊന്നാനിയിലെ മത്സരം മുസ്ലീം ലീഗിനും അഭിമാനപോരാട്ടമായിരുന്നു. ഇതിനിടെ മണ്ഡലത്തിലെ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കങ്ങളും വേണ്ടവിധം പരിഹരിക്കാന്‍ സംസ്ഥാനനേതൃത്വം തന്നെ നേരിട്ട് ഇടപെടുകയും ചെയ്തു.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലീഗ്-എസ്.ഡി.പി.ഐ. നേതാക്കള്‍ തമ്മില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ച മുസ്ലീംലീഗിന് അല്പം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ യു.ഡി.എഫ്. ക്യാമ്പ് അത് തരണംചെയ്ത് മുന്നോട്ടുപോയി. ഓരോ നിയോജകമണ്ഡലത്തിലും ഇ.ടി. മുഹമ്മദ് ബഷീര്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചു.

2014-ല്‍ 25410 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ വിജയിച്ചത്. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയമസഭ മണ്ഡലങ്ങളില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമായ ലീഡ് നേടി. എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാന്‍ പൊന്നാനി, തൃത്താല, തവനൂര്‍ മണ്ഡലങ്ങളിലും മുന്നിട്ടുനിന്നു. എന്നാല്‍ 2009-ല്‍ ഇ.ടി. മുഹമ്മദ് ബഷീറിനുണ്ടായിരുന്ന 80000-ലധികം വോട്ടുകളുടെ ഭൂരിപക്ഷം 25000-ലേക്ക് കുറയ്ക്കാനായത് വലിയനേട്ടമായാണ് ഇടതുമുന്നണി വിലയിരുത്തിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇത്തവണ പൊന്നാനിയില്‍ അട്ടിമറി വിജയം നേടാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ ഇ.ടി. മുഹമ്മദ് ബഷീറിന്റെ മിന്നുംജയത്തോടെ പൊന്നാനി എന്നത് ലീഗിന്റെ പൊന്നാപുരം കോട്ടയാണന്ന് ആണയിട്ട് ഉറപ്പിച്ചിരിക്കുകയാണ് മുസ്ലീംലീഗ്.

നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെയാണ് ഇടതുമുന്നണി സ്വതന്ത്രസ്ഥാനാര്‍ഥിയായി പൊന്നാനിയില്‍ മത്സരത്തിനിറങ്ങിയത്. കോണ്‍ഗ്രസ് വോട്ടുകളില്‍ കണ്ണുനട്ടുള്ള മലപ്പുറം ജില്ലയിലെ ഇടതുപരീക്ഷണങ്ങളുടെ തുടര്‍ച്ചയായിരുന്നു പി.വി. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം. എന്നാല്‍ പി.വി. അന്‍വറിനെതിരായ കൈയേറ്റ വിവാദങ്ങളും കേസുകളും യു.ഡി.എഫ്. പ്രചാരണത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതിനെ മറികടക്കുന്നതില്‍ ഇടതുമുന്നണി പരാജയപ്പെടുകയും ചെയ്തു. മാത്രമല്ല, വോട്ടെടുപ്പിന് പിന്നാലെ പി.വി. അന്‍വര്‍ സി.പി.ഐ.ക്കെതിരെ നടത്തിയ പ്രസ്താവനകളും രാജിപ്രഖ്യാപനവും പിന്നീട് അതില്‍നിന്നുള്ള പിന്മാറ്റവുമെല്ലാം എല്‍.ഡി.എഫിന് പൊതുവെ ക്ഷീണമുണ്ടാക്കി.

Content Highlights: Ponnani Loksabha Election Result, Et Mohammed Basheer Wins

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram