തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് കിട്ടിയില്ലെന്ന് എം എല്‍ എ ഒ. രാജഗോപാല്‍. മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയപോലെയാണിത്. ശബരിമല വിഷയത്തിന്റെ ഗുണംകിട്ടിയത് ഒന്നും ചെയ്യാത്ത യു ഡി എഫിനാണ്. അതിനാലാണ് പത്തനംതിട്ടയില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാമതായതെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ അറിയപ്പെടുന്ന ചില നേതാക്കള്‍ വോട്ട് മറിച്ചു. പ്രമുഖ സി പി എം നേതാക്കള്‍ നേമത്തും കഴക്കൂട്ടത്തും യു ഡി എഫിന് വോട്ട് മറിച്ചുവെന്നും രാജഗോപാല്‍ ആരോപിച്ചു. താന്‍ പരാജയപ്പെടുത്തിയതില്‍ വിഷമമുള്ള നേതാവും മന്ത്രിയും മേയറും യു ഡി എഫിന് വോട്ട് മറിച്ചു. സി പി എം നേതാക്കളുടെ പേരു പറയാതെയായിരുന്നു രാജഗോപാലിന്റെ ആരോപണം.
തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ കുമ്മനത്തിന് ലഭിച്ചില്ല. നേമത്ത് കഴിഞ്ഞതവണ എന്‍ ഡി എക്ക് ലഭിച്ചതിനെക്കാള്‍ വളരെ കുറച്ച് വോട്ടുകള്‍ മാത്രമേ ഇക്കുറി ലഭിച്ചുള്ളു. കഴക്കൂട്ടത്തും ഇതു സംഭവിച്ചുവെന്നും രാജഗോപാല്‍ പറഞ്ഞു.
പരാജയത്തെക്കുറിച്ച് വിലയിരുത്താന്‍ അടുത്തയാഴ്ച ബി ജെ പി യോഗം ചേരും.
content highlights: o rajagopal on nda candidates failure in loksabha election 2019