വാഴക്കനെ സൂക്ഷിക്കണമെന്ന് സ്വരാജ്, സ്വരാജിനെ സൂക്ഷിക്കണമെന്ന് പറയില്ലെന്ന് വാഴക്കന്‍


4 min read
Read later
Print
Share

'ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക' എന്ന തലക്കെട്ടിലായിരുന്നു സ്വരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കോണ്‍ഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയില്‍ ചേര്‍ക്കുന്ന ജോലിയിലാണ് ജോസഫ് വാഴയ്ക്കന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നായിരുന്നു സ്വരാജിന്റെ വിമര്‍ശനം.

കൊച്ചി: ഫെയ്‌സ്ബുക്കില്‍ കൊമ്പുകോര്‍ത്ത് എം സ്വരാജ് എം എല്‍ എയും കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കനും. 'ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക' എന്ന തലക്കെട്ടിലായിരുന്നു സ്വരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കോണ്‍ഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയില്‍ ചേര്‍ക്കുന്ന ജോലിയിലാണ് ജോസഫ് വാഴയ്ക്കന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നായിരുന്നു സ്വരാജിന്റെ വിമര്‍ശനം.

എന്നാല്‍, 'സ്വരാജിനെ സൂക്ഷിക്കണം എന്ന് ഞാന്‍ പറയില്ല' എന്ന തലക്കെട്ടിലായിരുന്നു വാഴയ്ക്കന്റെ മറുപടി. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുന്ന അവസാന തലമുറയിലെ അംഗത്തിന് അനാവശ്യ ശ്രദ്ധ കൊടുക്കണം എന്ന് തോന്നുന്നില്ലെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വാഴയ്ക്കന്‍ തിരിച്ചടിക്കുകയും ചെയ്തു.

എം സ്വരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക.
എം.സ്വരാജ്.

കോണ്‍ഗ്രസ് നേതാവ് ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം. കോണ്‍ഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയില്‍ ചേര്‍ക്കുന്ന ജോലിയിലാണ് അദ്ദേഹം ഇപ്പോഴേര്‍പ്പെട്ടിട്ടുള്ളത്.!

ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്നെ ബി ജെ പിയില്‍ ചേര്‍ത്തു കളഞ്ഞു...! രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഞാനൊരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ് ശ്രീ.ജോസഫ് വാഴയ്ക്കനെ ചൊടിപ്പിച്ചത്.

LDF നെതിരെ മത്സരിച്ചാലും ശ്രീ.രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചോളാമെന്ന് ഞാന്‍ പറയാത്തതില്‍ അദ്ദേഹത്തിന് വിഷമം!

ഒരു കാര്യം തീര്‍ത്തു പറയട്ടെ ,
ബിജെപി പ്രസക്തമല്ലാത്ത കേരളത്തില്‍ LDF നെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വരുന്നുണ്ടെങ്കില്‍ തോല്‍പിക്കുമെന്നത് ഒരു LDF പ്രവര്‍ത്തകന്റെ അഭിപ്രായമാണ്.
അതിന് നിങ്ങളെന്നെ BJP അല്ല, അല്‍ - ഖ്വയ്ദ ആക്കിയാലും വിരോധമില്ല .

സ്വന്തം സഹപ്രവര്‍ത്തകരില്‍ എത്ര പേര്‍ ബി ജെ പിയില്‍ ചേര്‍ന്നെന്ന് അറിയാന്‍ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ശ്രീ.ജോസഫ് വാഴയ്ക്കന്‍. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ മറുപടി പറയുന്നില്ല .

പിന്നെ, രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടാല്‍ അതെങ്ങനെയാണ് മഹാപാതകമാവുന്നത്?പ്രിയ വാഴയ്ക്കന്‍,
ജനാധിപത്യത്തില്‍ ജയം മാത്രമല്ലല്ലോ തോല്‍വിയുമില്ലേ?. ജനാധിപത്യത്തില്‍ തോല്‍വിയെന്നത് അത്ര മോശം കാര്യമാണോ ?
താങ്കളെന്തിനാണ് കോപാകുലനാവുന്നത്?

ആര് ജയിക്കണമെന്ന് ജനങ്ങളല്ലേ തീരുമാനിക്കുന്നത്. ഏത് കൊലകൊമ്പന്‍ നേതാവിനെയും തോല്‍പിക്കാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ടെന്ന് നമ്മളെല്ലാം മനസിലാക്കേണ്ടതാണ്. തോല്‍വിയെന്ന് കേള്‍ക്കുമ്പോഴെ നിലതെറ്റിപ്പോകരുത് .

രാഹുല്‍ ഗാന്ധി തോല്‍ക്കില്ലെന്ന് അങ്ങ് വാശി പിടിക്കുമ്പോള്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിയെ വരെ തോല്‍പിച്ച ചരിത്രം ജനങ്ങള്‍ക്കുണ്ടെന്ന് മറക്കരുത്. ജനാധിപത്യത്തില്‍ ഏതെങ്കിലും വ്യക്തിയോ കുടുംബമോ അല്ല പരമാധികാരികളെന്ന് ജനങ്ങള്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണ് .

നേമത്ത് ബി ജെ പി യ്ക്ക് ഒരു എം എല്‍ എ ഉണ്ടെന്ന് ചുളുവില്‍ പറഞ്ഞു പോകുമ്പോള്‍ അവിടെ ബി ജെ പി ജയിച്ചതെങ്ങനെയെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന്‍ ദയവായി മറന്നു പോവരുത്.

മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നേമത്തെ വോട്ടിന്റെ കണക്ക് താഴെ കൊടുക്കുന്നു. എങ്ങനെയാണ് കേരളത്തില്‍ ബിജെപി ജയിച്ചതെന്ന് കണക്കുകള്‍ സ്വയം വിശദീകരിച്ചു കൊള്ളും. കേരളത്തില്‍ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് മനസുവെക്കണം. കോണ്‍ഗ്രസിന്റെ കുളത്തിലേ ബി ജെ പിയുടെ താമരയിവിടെ വളരൂ.

ബി ജെ പി ജയിക്കാത്ത കേരളത്തില്‍ , നിലവില്‍ ബിജെപി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടില്‍ ശ്രീ.രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബി ജെ പി യെ തോല്‍പിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം ,
പക്ഷേ കേരളമത് വിശ്വസിക്കണമെന്ന് വാശി പിടിക്കരുത്.

സ്വരാജിനുള്ള വാഴയ്ക്കന്റെ മറുപടി ഇങ്ങനെ

സ്വരാജിനെ സൂക്ഷിക്കണം എന്ന് ഞാന്‍ പറയില്ല.

കാരണം ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുന്ന അവസാന തലമുറയിലെ അംഗത്തിന് അനാവശ്യ ശ്രദ്ധ കൊടുക്കണം എന്ന് തോന്നുന്നില്ല.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ ഉണ്ടായിരുന്ന കനല്‍ കൂടി കെട്ടടങ്ങുന്നു എന്ന വെപ്രാളത്തില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ ആവേശത്തോടെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന സ്വരാജടക്കമുള്ള സിപിഎം നേതാക്കള്‍ മുന്നോട്ടു വക്കുന്ന രാഷ്ട്രീയം എന്താണെന്ന് ഇന്നും വ്യക്തമാക്കുന്നില്ല.

കോണ്‍ഗ്രസിനെ ആര്‍ എസ് എസ് ബന്ധം ആരോപിച്ചു മൂലക്കിരുത്താന്‍ നോക്കുന്ന സിപിഎം നേതാക്കള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ സംഘപരിവാറുമായി ഭായി ഭായി ബന്ധം പുലര്‍ത്തിയത് സ്വന്തം വിപ്ലവ സഖാക്കള്‍ ആണെന്നത് മറക്കണ്ട.

1977 ല്‍ കൂത്തുപറമ്പില്‍ ആര്‍ എസ് എസ് വോട്ട് വാങ്ങി ജയിച്ച പിണറായി വിജയന്റെ അരുമ ശിഷ്യനല്ലേ ശ്രീ സ്വരാജ്.

1977 ല്‍ പാലക്കാട് നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി റ്റി ശിവദാസമേനോന്റെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എല്‍ കെ അദ്വാനിയുടെ പ്രസംഗം കേട്ട് കയ്യടിച്ച സഖാക്കളുടെ പിന്‍തലമുറക്കാരന്‍ തന്നെയല്ലേ സ്വരാജ്.

തിരുവനന്തപുരം പാര്‍ലമെന്റ് ഇലക്ഷനില്‍ നാല് നിയോജക മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്ത് പോയ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥിയായ ഒ രാജഗോപാല്‍ തിരുവനന്തപുരം എംപിയായി കാണുവാന്‍ വേണ്ടിയാണോ വോട്ട് മറിച്ചത് ?

കോണ്‍ഗ്രസ് ബിജെപിക്കെതിരായ ഏക ദേശീയ ബദലാണെന്നും തങ്ങളെ കൊണ്ട് ദേശീയ തലത്തില്‍ വലിയ കാര്യമൊന്നുമില്ലെന്നും സ്വയം തിരിച്ചറിയുന്ന സഖാക്കള്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ കോണ്‍ഗ്രസിനെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണിയെടുക്കുന്ന സിപിഎം സംഘത്തില്‍ നിങ്ങളുമുണ്ടല്ലോ.

സ്വരാജിന്റെ മറുപടിയില്‍ അല്‍ ക്വയ്ദ എന്ന് വിളിച്ചാലും കുഴപ്പമില്ലെന്ന് കണ്ടു. അല്‍ ക്വയ്ദയും താലിബാനും തോറ്റു പോകുന്ന രീതിയില്‍ വിചാരണ ചെയ്തും, ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരുന്നും അപരിഷ്‌കൃത സമൂഹത്തെ പോലും ലജ്ജിപ്പിക്കുന്ന രീതിയില്‍ മൃതദേഹത്തെ പോലും വികൃതമാക്കി, 51 ഉം, 37 ഉം 64 ഉം, 15 ഉം വെട്ട് വെട്ടി മനുഷ്യജീവനുകളെ കൊന്നൊടുക്കുന്ന സിപിഎം എന്ന സംഘടനയെ അല്‍ ക്വയ്ദയെന്നല്ല, താലിബാനും കടന്നു ഐ എസ് എന്ന് വിശേഷിപ്പിച്ചാലും അധികമാകില്ല എന്ന് ഈ തിരഞ്ഞെടുപ്പോട് കൂടി പൊതുസമൂഹം തെളിയിക്കും.

രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് ശ്രീ സ്വരാജ് പറയേണ്ട കാര്യമില്ല. രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ തോല്‍പ്പിക്കാനായി കച്ചകെട്ടി ഇറങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരെ സാക്ഷാല്‍ പിണറായി വിജയന്‍ മത്സരിക്കുന്നതല്ലേ ഹീറോയിസം.

ഈ തിരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ അവസ്ഥ ബംഗാളിലെയും ത്രിപുരയിലെയും പോലെയാകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചു പൊളിറ്റിക്കല്‍ സ്പേസില്‍ പിടിച്ചു നില്‍ക്കുന്ന സ്വരാജിനോട് അവസാനമായി പറയട്ടെ.

താങ്കള്‍ ആവേശപൂര്‍വം പ്രവര്‍ത്തിക്കുന്ന സിപിഎം എന്ന സംഘടന രൂപീകരിച്ചതില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സ്ഥാപക നേതാവായ വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണീഷ്‌മെന്റ് നല്‍കണമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെയുള്ള നിങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി ഒരു മംഗളപത്രം പ്രതീക്ഷിക്കേണ്ടതില്ലല്ലോ...

content highlights: m swaraj mla and joseph vazhackan facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram