കോഴിക്കോട്: തനിക്കെതിരായി ടിവി 9 ചാനല്‍ നടത്തിയ ഒളികാമറ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എംകെ രാഘവന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയില്‍ പറഞ്ഞു.
വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോര്‍ട്ട്. സിങ്കപ്പൂര്‍ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്.
Content Highlights: Kozhikode MP M.K.Raghavan, bribery allegation, congress, lok sabha election 2019