ഞാൻ ഏകാധിപതിയല്ല; പാർട്ടിയെ പിടിച്ചുനിർത്താൻ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാര്‍ -ജോസ് കെ. മാണി


1 min read
Read later
Print
Share

എനിക്ക് ഏറെ ആദരവുള്ള രാഷ്ട്രീയനേതാവാണ് ജോസഫ്. അദ്ദേഹത്തോട് ഞാൻ എന്ത് പ്രതികാര നടപടിയെടുക്കാനാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ മുതൽ കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയം ഏറെ ചർച്ചയായി. പി.ജെ. ജോസഫിനെ ഒഴിവാക്കി തോമസ് ചാഴികാടനെ സ്ഥാനാർഥിയാക്കിയപ്പോഴുണ്ടായ വിവാദങ്ങളിൽ കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി മറുപടി പറയുന്നു

കേരള കോൺഗ്രസ് എമ്മിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാണ് ആരോപണം?

ഞാൻ ഒരു ഏകാധിപതിയല്ല. പരസ്യമായി വിമർശിക്കുന്ന ഒരാൾപോലും നാളിതുവരെ കേരള കോൺഗ്രസിന്റെയോ ഘടകകക്ഷികളുടെയോ യോഗങ്ങളിൽപ്പോലും ഒരു പരാതിയോ ആരോപണങ്ങളോ ഉന്നയിച്ചിട്ടില്ല. ഒരു തീരുമാനവും ഞാൻ ഒറ്റയ്ക്കല്ല എടുത്തിട്ടുള്ളത്.

ജോസഫിന് സീറ്റ് നിഷേധിച്ചതിനു പിന്നിൽ പ്രതികാരമാണെന്നാണ് ആരോപണം?

എനിക്ക് ഏറെ ആദരവുള്ള രാഷ്ട്രീയനേതാവാണ് ജോസഫ്. അദ്ദേഹത്തോട് ഞാൻ എന്ത് പ്രതികാര നടപടിയെടുക്കാനാണ്. കേരള കോൺഗ്രസുമായി ജോസഫ് വിഭാഗം ലയിച്ചപ്പോൾ വ്യക്തമായ ഒരു ധാരണയുണ്ടാക്കിയിരുന്നു. പാർട്ടിയിലെ കാര്യങ്ങളെല്ലാം പി.ജെ. ജോസഫിനെ അറിയിച്ചിരുന്നു. ഈ ധാരണപ്രകാരമുള്ള കാര്യങ്ങളാണ് രാജ്യസഭാ സീറ്റ് ചർച്ചയിലും ഇപ്പോഴത്തെ ലോക്‌സഭാ സീറ്റ് ചർച്ചയിലും നടന്നിട്ടുള്ളത്. ലോക്‌സഭാ സീറ്റുമായുള്ള കാര്യങ്ങളെല്ലാം കൃത്യമായി പി.ജെ. ജോസഫിനെ പാർട്ടി ചെയർമാൻ കെ.എം. മാണി അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. സ്ഥാനാർഥിനിർണയത്തിന് ഇടങ്കോലിട്ടത് ഞാനാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. പാർട്ടിയെ പിടിച്ചുനിർത്താൻ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണ്.

ജില്ലാ സെക്രട്ടറിമാർ അടക്കം രാജിവയ്ക്കുന്നു. കൂടുതൽ ആളുകൾ ജോസഫ് ഗ്രൂപ്പിലേക്ക് പോകുന്നു?

ആകെ ഒരു ജില്ലാ സെക്രട്ടറി മാത്രമേ രാജിവെച്ചുള്ളൂ. ജോസഫ് വിഭാഗത്തിലേക്ക് ആളുകൾ പോയാലും അവർ കേരള കോൺഗ്രസിന്റെ ഭാഗം തന്നെയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram