വിജയം സി.പി.എമ്മിന്റെ അപവാദപ്രചാരണങ്ങള്‍ക്കുള്ള മറുപടി-പ്രേമചന്ദ്രന്‍


1 min read
Read later
Print
Share

കൊല്ലം : അപവാദപ്രചാരണങ്ങളിലൂടെയും വര്‍ഗീയത പ്രചരിപ്പിച്ചും വിജയം നേടാന്‍ ശ്രമിച്ച സി.പി.എമ്മിനുള്ള ജനങ്ങളുടെ മറുപടിയാണ് യു.ഡി.എഫ്. കൊല്ലത്തു നേടിയ തിളക്കമാര്‍ന്ന വിജയമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. വിജയമുറപ്പിച്ചതിനുശേഷം കൊല്ലം ഡി.സി.സി.യില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രേമചന്ദ്രന്‍.

സി.പി.എം. ലക്ഷ്യമിട്ട മണ്ഡലങ്ങളിലൊന്നായിരുന്നു കൊല്ലം. ഇതിനായി മുഖ്യമന്ത്രിമുതല്‍ പി.ബി. അംഗങ്ങള്‍വരെ മണ്ഡലത്തിലെത്തി ക്രൂരമായ രാഷ്ട്രീയ വ്യക്തിഹത്യയാണ് തനിക്കെതിരേ നടത്തിയത്. രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍പോലും സി.പി.എം. തയ്യാറായിരുന്നില്ല. തന്നെ സംഘിവത്കരിക്കാന്‍ കടുത്ത ശ്രമം നടന്നു. മന്ത്രി തോമസ് ഐസക് ഇതിനായി രണ്ടുമാസത്തോളം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തി. ഇരവിപുരം എം.എല്‍.എ. എം.നൗഷാദ്, മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കെ.ടി.ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചില മണ്ഡലങ്ങളില്‍ വര്‍ഗീയമായ പ്രചാരണംപോലും നടത്തി. ഇത് ന്യൂനപക്ഷ സമൂഹത്തില്‍ ആശങ്കയുണ്ടാക്കി. എന്നാല്‍, ന്യൂനപക്ഷ വോട്ടുബാങ്കില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടത്തിയ ഈ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തന്റെ വിജയം.

നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വികാരമാണ് കേരളത്തില്‍ വലതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാകാനുള്ള പ്രധാന കാരണം. ഇക്കാര്യത്തില്‍ മതേതര വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഏകീകരിക്കാന്‍ മുന്നണിക്കായി. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയോടുള്ള ജനങ്ങളുടെ വിയോജിപ്പും വിജയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ശബരിമലയില്‍ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയതിനുള്ള വിശ്വാസിസമൂഹത്തിന്റെ താക്കീതുകൂടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Content Highlights: Lok Sabha Elections 2019: kollam, Kerala,N K Premachandran won

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram