തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ യുഡിഎഫ് അനുകൂല വോട്ടുകള്‍ വെട്ടിനിരത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കരട് വോട്ടര്‍ പട്ടികയിലും അന്തിമ വോട്ടര്‍പട്ടികയിലും വെട്ടിനിരത്തല്‍ നടത്തതായും ഇടതനുകൂല ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ക്രമക്കേടിനെതിരെ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
നിയമവിരുദ്ധവും ചട്ടവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. വോട്ടര്‍ പട്ടികയ്‌ക്കൊപ്പമുള്ള ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ വെട്ടിനിരത്തിയവരുടെ പേരുകള്‍ ഉള്‍പ്പെട്ടതുമില്ല. അതു കൊണ്ട് ബൂത്ത് തലത്തിലുള്ളവര്‍ വോട്ടര്‍ പട്ടിക വിശദമായി പരിശോധിച്ചതുമില്ല. വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് പലരും വോട്ടില്ലെന്നറിയുന്നത് ആലപ്പുഴ മണ്ഡലത്തില്‍ മാത്രം പതിനയ്യായിരത്തിലധികം വോട്ടുകള്‍ ഒഴിവാക്കപ്പെട്ടുവെന്നാണ് യുഡിഎഫിന്റെ കണക്ക്.
ബിഎല്‍ഒ മാരും താലൂക്ക് ഓഫീസുകളിലെ എന്‍ജിഒ യൂണിയന്‍ നേതാക്കളുമാണ് വെട്ടിനിരത്തലിന് പിന്നിലെന്ന് യുഡിഎഫ് ആരോപിക്കുന്നു. എല്ലാ ബൂത്തുകളിലും ഒഴിവാക്കപ്പെട്ടവരുടെ കണക്കെടുക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിനായി പ്രത്യേക ഫോം തയ്യാറാക്കി താഴെത്തട്ടില്‍ നല്‍കിയിട്ടുണ്ട്. വോട്ട് നഷ്ടപ്പെട്ടവര്‍ പ്രത്യേകപരാതി നല്‍കും.
Content Highlights: Irregularities in voting, Allegation raised by Congress, LokSabha Election 2019, Election in Kerala