ഇടുക്കിയുടെ മണ്ണില്‍ ഡീന്‍ കുര്യാക്കോസിലൂടെ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്. ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയിലേക്ക് ജയിച്ചുകയറുന്നത്. 1,71,053 വോട്ടുകളാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം.
കസ്തൂരിരംഗന്‍ പോയി പ്രളയവും കര്‍ഷക ആത്മഹത്യകളും ആഞ്ഞുവീശിയ ഇടുക്കിയില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും അടിപതറി. 2014 ലെ തോല്‍വിക്ക് യുഡിഎഫ് പലിശ സഹിതം കണക്കുതീര്‍ത്തു. കഴിഞ്ഞ തവണ അരലക്ഷം വോട്ടിന് കൈവിട്ട മണ്ഡലം അതിലും മികച്ച ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ തിരിച്ചുപിടിച്ചത്. യുഡിഎഫ് തരംഗം ഇടുക്കിയിലും ശക്തമായിരുന്നുവെന്ന് ഭൂരിപക്ഷത്തില്‍ നിന്ന് വ്യക്തം. പി.ടി തോമസ് ജയിച്ചുകയറിയ ഇടുക്കി ഇടവേളയ്ക്ക് ശേഷം ശിഷ്യന്‍ ഡീനിലൂടെ വീണ്ടും കോണ്‍ഗ്രസിനൊപ്പം കൈപിടിച്ചു. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെ ഡീന്‍ മുന്നേറി. കഴിഞ്ഞ തവണ ഡീന് പ്രതികൂലമായ നാല് ഹൈറേഞ്ച് മണ്ഡലങ്ങളില്‍ ശക്തമായി കോണ്‍ഗ്രസും യുഡിഎഫും തിരിച്ചുവന്നു. പി.ജെ ജോസഫിന്റെ ഉറച്ച പിന്തുണയും സഭയുടെ എതിര്‍പ്പില്ലാത്തതും കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാക്കി. ഹൈറേഞ്ച് സംരക്ഷണ സമിതി ഇഫക്ട് ഇത്തവണ ചലനമുണ്ടാക്കിയില്ല. ഇതാണ് അവരുടെ പ്രതിനിധിയായ ജോയ്‌സ് ജോര്‍ജിന്റെ രണ്ടാം ടേം എന്ന സ്വപ്നം തകര്‍ത്തത്.
498493 വോട്ടുകളാണ് ഡീന്‍ നേടിയത്. ഇടതു സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിന് 327440 വോട്ടുകളേ ലഭിച്ചുള്ളു. 78648 വോട്ടുകളാണ് ബി ഡി ജെ എസിന്റെ ബിജു കൃഷ്ണന്‍ നേടിയത്. ഒരു നിയോജകമണ്ഡലത്തിലും ഡീന്‍ കുര്യാക്കോസിനെക്കാള്‍ കൂടുതല്‍ വോട്ട് നേടാന്‍ ജോയ്‌സിന് കഴിഞ്ഞില്ല.
നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
മൂവാറ്റുപുഴ
ഡീന്‍ കുര്യാക്കോസ്- 78799
ജോയ്‌സ് ജോര്‍ജ്- 46260
ബിജു കൃഷ്ണന്‍-12867
കോതമംഗലം
ഡീന്‍ കുര്യാക്കോസ്-67942
ജോയ്‌സ് ജോര്‍ജ്- 47346
ബിജു കൃഷ്ണന്‍-12092
ദേവികുളം
ഡീന്‍ കുര്യാക്കോസ്- 66748
ജോയ്‌സ് ജോര്‍ജ് 42712
ബിജു കൃഷ്ണന്‍-7498
ഉടുമ്പന്‍ചോല
ഡീന്‍ കുര്യാക്കോസ്- 63550
ജോയ്‌സ് ജോര്‍ജ്- 51056
ബിജു കൃഷ്ണന്‍- 10863
തൊടുപുഴ
ഡീന്‍ കുര്യാക്കോസ് -79342
ജോയ്‌സ് ജോര്‍ജ്- 42319
ബിജു കൃഷണന്‍ 15223
ഇടുക്കി
ഡീന്‍ കുര്യാക്കോസ്-71218
ജോയ്‌സ് ജോര്‍ജ്-50290
ബിജു കൃഷ്ണന്‍-10891
പീരുമേട്
ഡീന്‍ കുര്യാക്കോസ്- 70098
ജോയ്‌സ് ജോര്‍ജ്-46718
ബിജു കൃഷ്ണന്‍- 9070
പ്രളയവും പ്രളയാനന്തര പുനര്‍നിര്‍മാണവും കര്‍ഷക ആത്മഹത്യകളുമാണ് ഇടുക്കി ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവമായി ഉയര്‍ന്നുവന്നത്. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ മാസങ്ങളില്‍ എട്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിനെ യു ഡി എഫ് മുഖ്യപ്രചാരണായുധമാക്കി. പി ജെ ജോസഫ് വിഭാഗത്തിന്റെ ഉറച്ചപിന്തുണ കൂടിയായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് വിജയം എളുപ്പമായി. പ്രളയവും പ്രളയാനന്തര പുനര്‍നിര്‍മാണവും വേണ്ടവിധം കൈകാര്യം ചെയ്യാനായില്ലെന്ന ആക്ഷേപം പ്രചാരണകാലത്ത് ഉടനീളം യു ഡി എഫ് ഉയര്‍ത്തിയിരുന്നു. നിരവധി വികസനപദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കാന്‍ സാധിച്ചുവെന്നും അത് രണ്ടാമൂഴം തരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു എല്‍ ഡി എഫ് ക്യാമ്പ്. എന്നാല്‍ ആ കണക്കുകൂട്ടല്‍ പാളി.
2014ല്‍ കത്തിജ്വലിച്ച കസ്തൂരി രംഗന്‍ വിഷയമായിരുന്നു ജോയ്‌സിനെ പാര്‍ലമെന്റിലെത്തിച്ചത്. കസ്തൂരി രംഗന്‍ സമരം നയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനായിരുന്ന ജോയ്‌സ് ജോര്‍ജ് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തി. അന്ന് അത് എല്‍ ഡി എഫ് നടത്തിയ ഒരു സമര്‍ഥമായ കരുനീക്കമായിരുന്നു. യു ഡി എഫ് മണ്ഡലത്തെ കൈപ്പിടിയിലാക്കാനുള്ള നീക്കത്തില്‍ എല്‍ ഡി എഫ് വിജയിക്കുകയും ചെയ്തു. അങ്ങനെ എല്‍ ഡി എഫിന്റെയും സഭയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പിന്തുണയില്‍ ജോയ്‌സ് ജോര്‍ജ് ജയിച്ചുകയറി. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞപ്പോള്‍ കസ്തൂരി രംഗന്‍ വിഷയം ആറിത്തണുത്തു. പിന്തുണ പ്രഖ്യാപിച്ചും പ്രകടനം നടത്തിയും ഹൈറേഞ്ച് സംരക്ഷണ സമിതി ഒപ്പം നിന്നിട്ടും ജോയ്‌സിന് ആ പിന്തുണ പോരാതെ വന്നു. ഇടത് എം പി അവകാശപ്പെടുന്ന വികസനം ഫളെക്‌സില്‍ മാത്രമാണ് യാഥാര്‍ഥ്യമായതെന്ന യു ഡി എഫ് ആരോപണം വോട്ടര്‍മാരില്‍ കുറിക്കുകൊണ്ടു.
കോണ്‍ഗ്രസ് സ്ഥാനാരര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതില്‍ പലപ്പോഴും വില്ലനാകാറുള്ളത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ്. എന്നാല്‍ ഇക്കുറി ഗ്രൂപ്പ് പോരും ഡീനിനു മുന്നില്‍ വഴിമുടക്കിയായി എത്തിയില്ല.
ജോയ്സ് ജോര്‍ജ് എന്ന എല്‍ ഡി എഫ് സ്വതന്ത്രനെ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷവും വിടാതെ പിന്തുടര്‍ന്ന വിവാദമായിരുന്നു കൊട്ടക്കാമ്പൂരിലേത്. കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ് ഭൂമി കയ്യേറിയെന്ന ആരോപണവും അതിനു പിന്നാലെയുണ്ടായ നിയമനടപടികളും ജോയ്സിന്റെ പ്രതിച്ഛായയെ ബാധിച്ചു.
ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. ഇതില്‍ ഇടുക്കിയും തൊടുപുഴയും ഒഴികെ എല്ലാ നിയോജകമണ്ഡലങ്ങളും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഒപ്പം നിന്നു. റോഷി അഗസ്റ്റിന്റെ ഇടുക്കിയും ജോസഫിന്റെ തൊടുപുഴയും മാത്രമായിരുന്നു യുഡിഎഫ് എംഎല്‍എമാര്‍.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആകെ പോളിങ് ശതമാനം 70.6% ആയിരുന്നു. 382019 വോട്ടുകളാണ് അന്ന് ജോയ്‌സ് നേടിയത്. അതായത് പോള്‍ ചെയ്ത വോട്ടുകളുടെ 46.6%. 50579 വോട്ടായിരുന്നു ജോയ്‌സിന്റെ ഭൂരിപക്ഷം. 331477 വോട്ടുകള്‍ നേടി രണ്ടാമതെത്തിയ ഡീന്‍ 40.4%വോട്ടു നേടി. 50438 വോട്ട് അഥവാ 6.1 ശതമാനമായിരുന്നു ബി ജെ പിയുടെ അക്കൗണ്ടില്‍ ലഭിച്ചത്. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മൂവാറ്റുപുഴ,തൊടുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് യു ഡി എഫിന് ലീഡ് ലഭിച്ചത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും നേടിയ വോട്ട് കണക്ക് ഇങ്ങനെ:
മൂവാറ്റുപുഴ: യു ഡി എഫ്(52414), എല്‍ ഡി എഫ്(46842),ബി ജെ പി(8137), ലീഡ്- 6672. കോതമംഗലം: യു ഡി എഫ്(47578), എല്‍ ഡി എഫ്(45102), ബി ജെ പി(7349). ലീഡ്-2476. ദേവികുളം: യു ഡി എഫ്(44526), എല്‍ ഡി എഫ്(53647). ബി ജെ പി(5592), ലീഡ്-9121. ഉടുമ്പന്‍ചോല: യു ഡി എഫ്(39671), എല്‍ ഡി എഫ്(62363), ബി ജെ പി(5896), ലീഡ്- 22692. തൊടുപുഴ: യു ഡി എഫ്(54321), എല്‍ ഡി എഫ്(51233), ബി ജെ പി(12332), ലീഡ്-3088. ഇടുക്കി:
യു ഡി എഫ്(43873), എല്‍ ഡി എഫ്(68100), ബി ജെ പി(4752), ലീഡ്: (24227). പീരുമേട് യു ഡി എഫ്(48372). എല്‍ ഡി എഫ്(54351), ബി ജെ പി(6347), ലീഡ്: 5979.
രണ്ടുവര്‍ഷത്തിനു ശേഷം നടന്ന 2016നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍,
ദേവികുളം മണ്ഡലത്തില്‍നിന്ന് 5782 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫിന്റെ എസ് രാജേന്ദ്രന്‍ വിജയിച്ചു. യു ഡി എഫിന്റെ എ കെ മണിയായിരുന്നു രാജേന്ദ്രന്റെ എതിരാളി. ഉടുമ്പന്‍ചോലയില്‍ എല്‍ ഡി എഫിന്റെ എം എം മണി 1109 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു ഡി എഫിന്റെ അഡ്വ സേനാപതി വേണുവിനെ പരാജയപ്പെടുത്തി. തൊടുപുഴയില്‍ 45587 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു ഡി എഫിന്റെ പി ജെ ജോസഫ് എല്‍ ഡി എഫിന്റെ അഡ്വ റോയ് വാരികാട്ടിനെ പരാജയപ്പെടുത്തി.
ഇടുക്കിയില്‍ എല്‍ ഡി എഫിന്റെ ഫ്രാന്‍സിസ് ജോര്‍ജിനെതിരെ യു ഡി എഫിന്റെ റോഷി അഗസ്റ്റിന്‍ 9333വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പീരുമേട്ടില്‍ എല്‍ ഡി എഫിന്റെ ഇ എസ് ബിജിമോള്‍ 314 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു ഡി എഫിന്റെ അഡ്വ. സിറിയക്ക് തോമസിനെ പരാജയപ്പെടുത്തി. കോതമംഗലത്ത് എല്‍ ഡി എഫിന്റെ ആന്റണി ജോണ്‍ 19282 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു ഡി എഫിന്റെ ടി യു കുരുവിളയെ പരാജയപ്പെടുത്തി. മൂവാറ്റുപുഴയില്‍ എല്‍ ഡി എഫിന്റെ ഏബ്രഹാം 9375 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു ഡി എഫിന്റെ ജോസഫ് വാഴക്കനെ പരാജയപ്പെടുത്തി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ എല്‍ ഡി എഫിന്റെ ലീഡ് നിലയില്‍ വലിയ കുറവുണ്ടായതായി കാണാം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോയ്‌സ് നേടിയ 50579 വോട്ടിന്റെ ഭൂരിപക്ഷം രണ്ടുവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 19058 ആയി ചുരുങ്ങി.
എന്നാല്‍ 2019ല്‍ 171053 എന്ന മാന്ത്രികസംഖ്യയുടെ ഭൂരിപക്ഷത്തിലാണ് ഡീന്‍ കുര്യാക്കോസിനെ പാര്‍ലമെന്റിലേക്ക് ഇടുക്കി അയച്ചിരിക്കുന്നത്.
Content Highlights: dean kuriakose came back in idukki with record majority