പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടേറുന്നതിനൊപ്പം ആലത്തൂര്‍ മണ്ഡലത്തില്‍ വിവാദങ്ങളും ഏറുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാഹരിദാസ് പാട്ടു പാടിവോട്ടുതേടുന്നതിനെ അനുകൂലിച്ചും വിമര്‍ശിച്ചും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാണ്. ഇതിനിടെ രമ്യാഹരിദാസിന്റെ പോസ്റ്ററുകള്‍ക്ക് മുകളില്‍ സിപിഎമ്മിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പുതിയ വിവാദത്തിന് കാരണമായി.
രമ്യ ഹരിദാസിന്റെ പോസ്റ്ററുകള്‍ക്ക് മുകളില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ വികൃതമാക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
ഫെയ്‌സ്ബുക്കിലൂടെ പ്രതികരണവുമായി വി ടി ബല്‍റാമും ഷാഫി പറമ്പിലും പ്രതികരണവും പരിഹാസവുമായെത്തി. ആദ്യം ശബ്ദത്തെ തടയാന്‍ ശ്രമിച്ച സിപിഎം ഇപ്പോള്‍ മുഖത്തെയും തടയുന്നു എന്നായിരുന്നു സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ആലത്തൂരില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരമാണെന്നും മുകളിലുള്ളത് സ്‌ക്രാച്ച് ചെയ്തു കളഞ്ഞാല്‍ യഥാര്‍ഥ വിജയിയെ കണ്ടെത്താമെന്ന് വി ടി ബല്‍റാം പോസ്റ്റര്‍ പതിച്ച ചിത്രമുള്‍പ്പെടെ പോസ്റ്റ് ചെയ്തു.
പാട്ടു പാടി വോട്ട് ചോദിച്ച രമ്യയെ പരിഹസിച്ച ദീപ നിശാന്തിനോടാണ് പോസ്റ്റര്‍ പതിച്ചതിനെ കുറിച്ച് ഷാഫി പറമ്പിലിന്റെ ചോദ്യം.
എന്നാല്‍, ഈ സംഭവുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും പ്രസുകളില്‍ പോയി കാശ് കൊടുത്താല്‍ ഏത് പാര്‍ട്ടി ചിഹ്നവും അച്ചടിച്ചു കിട്ടുമെന്നും അത് എവിടെ വേണമെങ്കിലും ഒട്ടിക്കാമെന്നും എം സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒരു സിപിഎം പ്രവര്‍ത്തകനും കോണ്‍ഗ്രസിന്റെ പോസ്റ്ററിന് മുകളില്‍ സിപിഎമ്മിന്റെ പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനനടപടിയെടുക്കുമെന്നും ആലത്തൂരിലെ ഇടതു സ്ഥാനാര്‍ഥി പി കെ ബിജു വ്യക്തമാക്കി.
Content Highlights: Poster controversy in Alathur, VT Balram, M Swaraj, Shafi Parambil