ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സ്ഥാനാര്‍ഥിയായത് ജനങ്ങള്‍ക്ക് വേണ്ടി: കുമ്മനം രാജശേഖരന്‍


ലക്ഷ്മി കെ.എല്‍.

4 min read
Read later
Print
Share

ഇത്രയും കാലത്തെ തെരഞ്ഞെടുപ്പ് ചരിത്രം ആവര്‍ത്തിക്കുമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന തെരഞ്ഞെടുപ്പാവും ഇത്തവണ നടക്കുകയെന്ന് തിരുവനന്തപുരത്തെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ച് തിരുവന്തപുരത്ത് സ്ഥാനാര്‍ത്ഥിയായത് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇടതു- വലതു മുന്നണികളുടെ ഭരണത്തില്‍ അവഗണിക്കപ്പെട്ട തലസ്ഥാനനഗരിയെ അതിന്റെ പ്രതാപകാലത്തേക്ക് തിരികെ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

നിലയ്ക്കല്‍ സമരനായകന്‍ എന്ന ഇമേജ് നല്‍കുന്ന ആത്മവിശ്വാസം

സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ഇടപെടലുകള്‍ മാത്രമേ ഞാന്‍ ഇതുവരെയും നടത്തിയിട്ടുള്ളൂ. പൊതുജനനന്മയെ നിലനിര്‍ത്തിയുള്ള ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യമാണ് എന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നത്. അത്തരത്തിലുള്ള നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ലഭിക്കുന്ന ഒരവസരമായിക്കൂടിയായാണ് പ്രചാരണ പ്രവര്‍ത്തനങ്ങളെ കാണുന്നത്. ആ നേട്ടങ്ങള്‍ തന്നെയാണ് എന്റെ കൈമുതല്‍.

ശബരിമല വിഷയം ഏതെങ്കിലും തരത്തില്‍ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നു കരുതുന്നുണ്ടോ

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടുക എന്നത് ജനങ്ങളുടെ മനസിനെ ഏറെ സ്വാധീനിക്കുന്ന വിഷയമാണ്, എല്ലാ മതങ്ങളില്‍ പെട്ടവര്‍ക്കും അങ്ങനെ തന്നെ. അത് ജനങ്ങളുടെ സ്വകാര്യ ആവശ്യമാണ്. വിശ്വാസത്തിന് കോട്ടം തട്ടുന്നത് അവരില്‍ അങ്കലാപ്പും ആവലാതിയും സൃഷ്ടിക്കും. അതാണ് നമ്മള്‍ ശബരിമല വിഷയത്തില്‍ കണ്ടത്. വിശ്വാസ സംരക്ഷണം എന്ന ജനങ്ങളുടെ ആവശ്യം നേടിയെടുക്കാനും സംരക്ഷിക്കാനും ഞാന്‍ അവര്‍ക്കൊപ്പമുണ്ടാകും എന്ന ഉറപ്പാണ് എനിക്ക് ജനങ്ങള്‍ക്ക് നല്‍കാനുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് വര്‍ദ്ധന നല്‍കുന്ന ആത്മവിശ്വാസം എത്രത്തോളമാണ്

ദിവസം കഴിയുന്തോറും വര്‍ധിച്ചു വരുന്ന ജനപിന്തുണയാണ് കേരളത്തില്‍ ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നത്. വിശ്വാസസംരക്ഷണത്തിനായി അചഞ്ചലമായി നിലകൊണ്ട ബി.ജെ.പി.യുടെ നിശ്ചയദാര്‍ഢ്യവും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി കൊണ്ടുവന്ന നിരവധി പദ്ധതികളും എല്ലാം ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. മോദി സര്‍ക്കാരിന്റെ ഭരണകാലത്താണ് ഭാരതം ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വന്നത് എന്നതുമൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്.

ഭാരതത്തിന്റെ സുരക്ഷയുടെ കാര്യത്തിലാണെങ്കിലും അത് കാണാനാവും. ഭക്ഷണം, വെള്ളം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍ എന്നാ മേഖലകളിലെല്ലാം മോദി സര്‍ക്കാര്‍ ചെലുത്തുന്ന ശ്രദ്ധ വളരെ വലുതാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍ പെട്ട് ആളുകള്‍ക്കും തുല്യമായ രീതിയിലാണ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടുള്ളത്. ഇതൊക്കെ ജനങ്ങളെ വളരെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെയൊക്കെ അനന്തരഫലമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ കാണാന്‍ പോകുന്നത്.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണിച്ച കോണ്‍ഗ്രസ് നയത്തെ എങ്ങനെ വിലയിരുത്തുന്നു

രണ്ടാമതൊരു മണ്ഡലം തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ആദ്യം രാഹുല്‍ ഗാന്ധി വ്യക്തമാക്കണം, അത് ജനങ്ങളോട് വിശദീകരിക്കണം. അമേഠിയില്‍ കോണ്‍ഗ്രസിന്റെ പതനം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ സ്മൃതി ഇറാനിക്ക് ലഭിക്കുന്ന വലിയ തോതിലുള്ള ജനപിന്തുണയും നമ്മള്‍ കാണുന്നുണ്ട്. ഈ സാഹചര്യമാണോ രാഹുലിനെ കേരളത്തിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചത് എന്നത് അദ്ദേഹം ജനങ്ങളോട് വ്യക്തമാക്കണം.

മറ്റൊന്ന്, ഇതേ വിഷയത്തില്‍ സി.പി.എമ്മിന്റെ പ്രതികരണമാണ്. വയനാട് പോലെ ഒരു മണ്ഡലത്തില്‍ വന്ന് മത്സരിക്കാന്‍ വേണ്ടി സി.പി.എമ്മിനോട് എന്താണ് ശത്രുത എന്നാണ് അവര്‍ ചോദിക്കുന്നത്. ഇരുമുന്നണികളും സൗഹൃദത്തിലാണ് എന്നും ഇത്തരത്തില്‍ ഒരു മത്സരത്തിന്റെ ആവശ്യമില്ല എന്നുള്ളതിന്റെയും തെളിവായി വേണം ഈ ആവലാതിയെ കാണാന്‍. ഇതു രണ്ടും നമ്മള്‍ കൂട്ടിവായിക്കണം. ഇവര്‍ക്ക് ഒരു പൊതു ശത്രുവേയുള്ളൂ, അത് ബി.ജെ.പി. ആണ്. ഇവിടെ ഇടതു പക്ഷത്തിന്റെ നിലപാട് കൂടി വ്യക്തമാക്കേണ്ടതുണ്. ഇതിനൊക്കെയും രാഷ്ട്രീയമാനങ്ങളുണ്ട്, അവ രാഷ്ട്രീയമണ്ഡലത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങളുണ്ട്. ഇവയെല്ലാം വിലയിരുത്തുന്ന സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പരാജയമായി വേണം ഈ സംഭവത്തെ വിലയിരുത്താന്‍.

മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ച്് നാട്ടിലേയ്ക്കുള്ള വരവ് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു...

കേരളത്തിലെ ഇന്നത്തെ സാമൂഹിക അവസ്ഥ, എന്റെ നാടിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഏറ്റവും ഉചിതമായ സാഹചര്യം ഇപ്പോഴാണ് എന്ന തിരിച്ചറിവാണ് മിസോറാം ഗവര്‍ണര്‍ എന്ന ഉയര്‍ന്ന ഭരണഘടനാ പദവി വിട്ട് കേരളത്തിലേക്ക് തിരികെ വരാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ആ നാടിനോടുള്ള വിധേയത്വം കാണിക്കാനും നാടിനെ നയിക്കാനുള്ള മാനസികാവസ്ഥ പ്രകടമാക്കേണ്ടതുമായ സന്ദര്‍ഭമാണ് ഒരു തെരഞ്ഞെടുപ്പു കാലത്ത് നമുക്ക് ലഭിക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുന്ന നമ്മുടെ തലസ്ഥാനത്തെ ഇന്ത്യയിലെ മറ്റെല്ലാ തലസ്ഥാനനഗരത്തോടും കിടപിടിക്കുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് എന്റെ ലക്ഷ്യം. തലസ്ഥാന നഗരത്തെ മാത്രമല്ല നഗരത്തിനപ്പുറമുള്ള ഗ്രാമപ്രദേശങ്ങളിലും സമസ്ത മേഖലകളിലും വികസനം എത്തിക്കും എന്ന ഉറപ്പാണ് എനിക്ക് എന്റെ വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ളത്.

ശശി തരൂര്‍ സി. ദിവാകരന്‍- ഈ എതിരാളികളെക്കുറിച്ച്...

കുറച്ച് പഴഞ്ചന്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് ശശി തരൂരിനും സി. ദിവാകരനും ഇപ്പോഴും ജനങ്ങള്‍ക്ക് നല്‍കാനുള്ളത്. അവരുടെ രണ്ടുപേരുടേയും മുന്നണികളും കേരളം ഭരിച്ചിട്ടുണ്ട്. തലസ്ഥാനത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്കു കാരണം ഈ രണ്ടു മുന്നണികളും തന്നെയാണ്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ശശി തരൂരിനും സി. ദിവാകരനും ഒഴിഞ്ഞുമാറാനാകില്ല, ജനങ്ങളോട് ഇതിന് അവര്‍ മറുപടി പറഞ്ഞേ മതിയാവൂ. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് ഇവിടെ പദ്ധതികള്‍ നടപ്പാക്കുന്നത് ഒരിക്കലും എം.പി.യുടെ കഴിവല്ല. തിരുവനന്തപുരത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കായി ഏകദേശം 550 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതിന്റെ പകുതി കൂടി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ശശി തരൂരിന് കഴിഞ്ഞിട്ടില്ല. പിന്നെന്ത് ട്രാക്ക് റെക്കോഡാണ് അദ്ദേഹത്തിന് പറയാനുള്ളത്.

ശരിയായ രീതിയില്‍ മാലിന്യ സംസ്‌കരണമെങ്കിലും നടക്കുന്നുണ്ടോ ഇവിടെ. പാര്‍വതീ പുത്തനാറിന്റെ വിഷയം, വിമാനത്താവളത്തിന്റെ വിഷയം, മെട്രോ റെയിലിന്റെ വിഷയം, ഹൈക്കോടതി ബെഞ്ചിന്റെ വിഷയം... ഇതിലൊന്നും ജനങ്ങള്‍ക്ക് പ്രയോജനകരമായി ഒരു തീര്‍പ്പുണ്ടാക്കാന്‍ ഇതുവരെ ഭരിച്ച ആര്‍ക്കും കഴിഞ്ഞിട്ടില്ലല്ലോ. വികസന മുരടിപ്പും ജനങ്ങള്‍ക്ക് വിനാശങ്ങളും മാത്രം സമ്മാനിച്ചവരാണ് ഇവിടെ ഇതുവരെ ഭരിച്ച എല്‍.ഡി.എഫ്. - യു.ഡി.എഫ്. മുന്നണികള്‍. ജനങ്ങള്‍ വലിയ തോതിലുള്ള മാറ്റം ആഗ്രഹിക്കുന്നുണ്ട്, അതിന്റെ തെളിവാണ് പ്രചാരണത്തിനായി ചെല്ലുന്നയിടങ്ങളില്‍ നിന്നെല്ലാം എനിക്ക് ലഭിക്കുന്ന ഇത്ര വലിയ സ്വീകാര്യതയ്ക്കുള്ള കാരണം.

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു സാധ്യത ഉണ്ടാവുകയും താങ്കള്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്താല്‍...

ജയിക്കുകയും ചെയ്യും.... അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ തീര്‍ച്ചയായും ജയിക്കും പക്ഷേ അങ്ങനെ ഒരു സാഹചര്യം എന്തായാലും ഉണ്ടാകാന്‍ പോകുന്നില്ല, കാരണം വടകരയില്‍ കെ. മുരളീധരന്‍ തോല്‍ക്കുക തന്നെ ചെയ്യും. പിന്നെ എന്തിനാണ് വട്ടിയൂര്‍ക്കാവില്‍ ഒരു ഉപതെരഞ്ഞെടുപ്പ്. എല്ലാക്കാലവും വോട്ട് ചെയ്തവര്‍ ഇത്തവണയും വോട്ട് ചെയ്യും എന്നു വിചാരിച്ചിരിക്കുന്ന കോണ്‍ഗ്രസുകാരുടെയും കമ്യൂണിസ്റ്റ്കാരുടെയും കണക്കുകൂട്ടലുകളെല്ലാം ഇത്തവണ തെറ്റും. ഇതുവരെയും ജയിപ്പിച്ചു എന്നതുകൊണ്ടുതന്നെ ഇനിയും ജയിപ്പിച്ചുകൊള്ളും എന്നൊന്നും പറയാനാകില്ല. വോട്ടര്‍മാര്‍ ആര്‍ക്കും അങ്ങനെ ഒരു വാക്കും നല്‍കിയിട്ടില്ല. കാലം മാറി, ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറി, അവരുടെ ചിന്താഗതികള്‍ മാറി, അവരുടെ താല്‍പര്യങ്ങള്‍ മാറി, അജണ്ടകള്‍ മാറി... അതുകൊണ്ടുതന്നെ കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നമുക്ക് വിലയിരുത്താനാവില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram