ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് ഇപ്പോഴും പ്രസക്തമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതിന് അദ്ദേഹത്തിന് വിശദീകരണങ്ങളുണ്ട്. ചരിത്രത്തിൽനിന്നുള്ള ഓർമപ്പെടുത്തലുണ്ട്. വിമർശനങ്ങൾക്ക് മറുപടിയുമുണ്ട്. യെച്ചൂരി ഉറപ്പിക്കുന്നു, ഇവിടെ ഇടതിന് ഒരിടമുണ്ട്. മാതൃഭൂമി പ്രതിനിധി കെ.വി. ശ്രീകുമാറിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എന്താണ്...
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പാണിത്. അഞ്ചുവർഷമായി ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും പ്രാധാന്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. വെറുപ്പിന്റെയും അക്രമത്തിന്റെയും അന്തരീക്ഷമുണ്ടാക്കാൻ ഹിന്ദുത്വശക്തികൾ ശ്രമിച്ചുകൊണ്ടേയിരുന്നു. മതേതരത്വം തകർക്കാനാണത്. വാജ്പേയി സർക്കാരിന്റെ കാലത്തും ശ്രമമുണ്ടായിരുന്നു. നരേന്ദ്രമോദി അത് പലമടങ്ങാക്കി. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള മതേതര, ജനാധിപത്യരാജ്യമായി ഇന്ത്യ നിലനിൽക്കണോ എന്ന് ഫലം തീരുമാനിക്കും. ബി.ജെ.പി.യെ പരാജയപ്പെടുത്തേണ്ട തിരഞ്ഞെടുപ്പാണിത്.
ബി.ജെ.പി.ക്കെതിരേ പറയുമ്പോഴും ശക്തമായ പ്രതിപക്ഷസഖ്യം ഇല്ലാത്തത് എന്തുകൊണ്ടാണ്...
തിരഞ്ഞെടുപ്പിനുമുന്പുള്ള സഖ്യങ്ങൾ സംസ്ഥാനതലത്തിൽമാത്രമേ സാധ്യമാവുകയുള്ളൂ. 1977-ൽ ഇന്ദിരാഗാന്ധിയുടെ പരാജയത്തിന് ശേഷമുണ്ടായ ജനതാസർക്കാർ മുതൽ മൊറാർജി ദേശായി, വി.പി.സിങ്, ദേവഗൗഡ, വാജ്പേയി, മൻമോഹൻ സിങ് എന്നിവരെല്ലാം പ്രധാനമന്ത്രിമാരായത് തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യംകൊണ്ടാണ്. 2019-ലും അതുതന്നെ സംഭവിക്കും. തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിപക്ഷകക്ഷികളുടെ സഖ്യം നിലവിലുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികളും ദേശീയപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അത് പ്രശ്നമല്ല. 2004-ൽ ഞങ്ങൾ കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോൺഗ്രസുമായി ഏറ്റുമുട്ടി. ജയിച്ച 61 സീറ്റിൽ 57-ലും പരാജയപ്പെട്ടത് കോൺഗ്രസാണ്. കേരളത്തിൽനിന്ന് ഒരു കോൺഗ്രസ് എം.പി.പോലും ഉണ്ടായില്ല. എന്നിട്ടും മൻമോഹൻസിങ് സർക്കാർ രൂപവത്കരിച്ചു. ഞങ്ങൾ പുറത്തുനിന്ന് പിന്തുണച്ചു. ഇത്തവണയും ഇടതുപിന്തുണയോടെയുള്ള സർക്കാർ ഉണ്ടാവും.
സഖ്യങ്ങൾ ഉണ്ടാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടോ...
ഇല്ല. അതിന് പ്രാദേശികവിഷയങ്ങളുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ ഞങ്ങൾ കോൺഗ്രസിനൊപ്പമല്ല. പക്ഷേ, ഒരു മതേതരസർക്കാരാണ് ഞങ്ങളുടെയും ആവശ്യം. രാഷ്ട്രീയം വെറും കണക്കുകൂട്ടലുകൾ മാത്രമല്ല. രണ്ടും രണ്ടും കൂട്ടിയാൽ രാഷ്ട്രീയത്തിൽ എപ്പോഴും നാലല്ല ഉത്തരം. ഛത്തീസ്‌ഗഢ് തിരഞ്ഞെടുപ്പ് നോക്കൂ. ബി.ജെ.പി.ക്കെതിരേ കോൺഗ്രസ് മത്സരിച്ചപ്പോൾ മായാവതിയുടെ ബി.എസ്.പി.യും അജിത് ജോഗിയുടെ പാർട്ടിയും സഖ്യമായി മത്സരിച്ചു. ഇത് ബി.ജെ.പി.വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കും കോൺഗ്രസിന് ക്ഷീണമാവുമെന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ടെന്തായി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചില്ലേ. ബി.ജെ.പി.ക്ക് കിട്ടേണ്ട ഗോത്രവർഗവോട്ടുകൾ അജിത്ജോഗിയും ദളിത് വോട്ടുകൾ മായാവതിയും ഇല്ലാതാക്കുകയാണ് ചെയ്തത്. ഇത്തവണ ഉത്തർപ്രദേശിൽ എസ്.പി.-ബി.എസ്.പി. സഖ്യത്തിൽ കോൺഗ്രസ് ഇല്ലാത്തതുകൊണ്ട് ബി.ജെ.പി.ക്ക് അത് നേട്ടമാവുമെന്ന് പറയാൻ വയ്യ. കൂടുതൽ മതേതരസഖ്യങ്ങൾ ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കണമായിരുന്നു.
ബി.ജെ.പി. ഉയർത്തുന്ന രാഷ്ട്രീയം വെല്ലുവിളിയല്ലേ...
ഭിന്നിപ്പിക്കലാണ് എക്കാലത്തും ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും നയം. ജനാധിപത്യ-മതേതര ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കലാണ് അവരുടെ ലക്ഷ്യം.
സർവേകൾ അനുകൂലമല്ലല്ലോ...
എന്റെ ഓർമയിൽ 2004-ൽ ഭൂരിപക്ഷം അഭിപ്രായസർവേകളും എൽ.ഡി.എഫിന് പ്രവചിച്ചത് ആറുസീറ്റ്. എന്നിട്ട് കിട്ടിയത് 18 സീറ്റ്. അതിനെ അത്രമാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ്...
പരമ്പരാഗതമായി കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. രാഹുൽ കേരളത്തിൽ മത്സരിക്കുമ്പോൾ എന്തുസന്ദേശമാണ് നൽകുന്നത്. പാർലമെന്റിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് എല്ലാ പ്രതിപക്ഷപാർട്ടികളുടെയും യോഗം വിളിച്ച് ബി.ജെ.പി.യോട് ഒന്നിച്ച് പോരാടാമെന്ന് പറയുന്നു. എന്നിട്ട് കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ മത്സരിക്കുന്നു. അതിനാണ് ഉത്തരം കിട്ടേണ്ടത്. ഉത്തരേന്ത്യയിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നും മത്സരിക്കണമെന്ന വാദം ശരിയാണ്. മുമ്പും കോൺഗ്രസ് പ്രസിഡന്റുമാർ അത് ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധി ചിക്കമഗളൂരുവിലും സോണിയാഗാന്ധി ബെല്ലാരിയിലും മത്സരിച്ചിട്ടുണ്ട്. രാഹുലിനും അത് ചെയ്യാമായിരുന്നു. ബി.ജെ.പി. ക്കെതിരേ മത്സരിക്കാമായിരുന്നു.
ബംഗാളിൽ എന്താണ് പ്രതീക്ഷ...
ഞങ്ങളുടെ പ്രവർത്തകരെ വോട്ടുചെയ്യാൻ അനുവദിച്ചാൽ ബംഗാളിലും ത്രിപുരയിലും പാർട്ടി നില മെച്ചപ്പെടുത്തും. തിരിച്ചുവരവിന്റെ പാതയിലാണ് പാർട്ടി. മമതയും ബി.ജെ.പി.യും ഒത്തുകളിക്കുകയാണ്. മമത ന്യൂനപക്ഷപ്രീണനം നടത്തുമ്പോൾ ബി.ജെ.പി. ഭൂരിപക്ഷത്തിൽ കണ്ണുവെക്കുകയാണ്. ശാരദാചിട്ടിതട്ടിപ്പ് ഉൾപ്പെടെയുള്ള അഴിമതികൾ മറച്ചുവെക്കാൻ തൃണമൂലിന് ബി.ജെ.പി.യുടെ സഹായം വേണം.
ജഗൻമോഹൻ റെഡ്ഡി, ചന്ദ്രശേഖരറാവു എന്നിവർ കിങ് മേക്കർമാരാവുമോ...
അതിനും സാധ്യതയുണ്ട്. ഒഡിഷയിലെ നവീൻ പട്നായിക്കും കരുത്തുകാട്ടിയേക്കും. എൻ.ഡി.എ.യ്ക്കോ യു.പി.എ.യ്ക്കോ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ അവർ നിർണായകമാവും. അവർ എല്ലാ വഴികളും തുറന്നിട്ടിരിക്കുന്നവരാണ്.
ശബരിമല വിഷയം തിരിച്ചടിയാവുമോ...
1957-ലെ ആദ്യസർക്കാർമുതൽ മാറിമാറി കേരളം ഇടതുപക്ഷം ഭരിച്ചിട്ടുണ്ട്. വിശ്വാസങ്ങൾക്കോ വിശ്വാസികൾക്കോ ഒന്നും സംഭവിച്ചിട്ടില്ല. സുപ്രീംകോടതിവിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വിധിയെ ഡൽഹിയിൽ സ്വാഗതം ചെയ്തവരാണ് ബി.ജെ.പി.യും കോൺഗ്രസും. ഞങ്ങൾക്ക് വിശ്വാസികളോടും കോടതികളോടും ബഹുമാനമുണ്ട്. വർഗീയത വളർത്താനാണ് ബി.ജെ.
പി.യുടെ ശ്രമം. ധ്രുവീകരണത്തിനാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. പക്വതയുള്ളവരാണ് കേരളസമൂഹം. മുസ്‌ലിംസ്ത്രീകളുടെ തുല്യതയുടെ വിഷയത്തിൽ, മുത്തലാഖ് വിഷയത്തിൽ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവന്നവരാണ് മറ്റൊരു വിശ്വാസത്തിന്റെ പേരിൽ സ്ത്രീകൾക്ക് തുല്യത വേണ്ട എന്നുപറയുന്നത്.
തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസുമായി സഖ്യമുണ്ടാവുമോ...
സാഹചര്യം വരട്ടെ. 1996-ൽ കോൺഗ്രസ് നേതൃത്വത്തിലല്ലാതെ സർക്കാർ ഉണ്ടായി. 2004-ൽ കോൺഗ്രസ് നയിച്ച സർക്കാർ ഉണ്ടായി. തിരഞ്ഞെടുപ്പ് ഫലം വരട്ടെ.
ദേശീയത മുഖ്യപ്രചാരണ വിഷയമാവുന്നത് ബി.ജെ.പി.ക്ക് നേട്ടമാവില്ലേ...
ബി.ജെ.പി.യുടേത് ഇന്ത്യൻ ദേശീയതയല്ല. ഹിന്ദുത്വദേശീയതയാണ്. പ്രതിപക്ഷത്തെ പാകിസ്താൻ അനുകൂലികൾ എന്നാണ് അവർ വിളിക്കുന്നത്. എല്ലാകക്ഷികളും പാർലമെന്റിൽ ഐകകണ്ഠ്യേന വായുസേനയെ അഭിനന്ദിച്ചതാണ്. ഭീകരവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പ്രശ്നം തുടങ്ങിയത് എങ്ങനെയാണ്. 350 ഭീകരർ കൊല്ലപ്പെട്ടുവെന്ന് ആദ്യം പറഞ്ഞത് അമിത് ഷായാണ്. 300 എന്ന് രാജ്നാഥ് സിങ് തിരുത്തി. 450 എന്ന് മറ്റൊരു മന്ത്രി പറഞ്ഞു. മറ്റൊരു മന്ത്രി പറഞ്ഞു ആരും മരിച്ചില്ല, കൊല്ലലല്ല, പാകിസ്താനെ പാഠം പഠിപ്പിക്കലായിരുന്നു ലക്ഷ്യമെന്ന്.
ഒടുവിൽ വ്യോമസേനാമേധാവിക്ക് നേരിട്ട് പറയേണ്ടിവന്നു. എത്രപേർ കൊല്ലപ്പെട്ടുവെന്ന് എണ്ണലല്ല ഞങ്ങളുടെ ജോലിയെന്ന്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആഗ്രഹം മോദി വീണ്ടും വരണം എന്നാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഭീകരാക്രമണം 176 ശതമാനം വർധിച്ചു. മരിച്ചവരുടെ എണ്ണത്തിൽ 200 ശതമാനമാണ് വർധന. ഉറി ആക്രമണത്തിനുശേഷം സർജിക്കൽ സ്ട്രൈക്ക് നടത്തി ഭീകരവാദം ഇല്ലാതായി എന്ന് മോദി പറഞ്ഞു. പുൽവാമയ്ക്കുശേഷം ബാലാകോട്ട് ആക്രമണം കഴിഞ്ഞ് ഭീകരവാദം തുടച്ചുനീക്കി എന്നുപറഞ്ഞു. അതിനുശേഷം 20 ഇന്ത്യൻ െസെനികർ വീരമൃത്യുവരിച്ചു. അതുകൊണ്ടുതന്നെ തെറ്റായ അവകാശവാദങ്ങളിലല്ല ജനങ്ങൾ വോട്ടുചെയ്യുക. അഞ്ചുവർഷത്തെ അവരുടെ ദൈനംദിന ജീവിതത്തിലുണ്ടായ അനുഭവങ്ങളിൽ നിന്നാണ് അവർ വോട്ടുചെയ്യുക.
Content Highlights: interview with sitaram yechury-loksabha election 2019