കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പതനത്തിനു ശേഷം ബിഹാറില്‍ ജാതിയാണ് എല്ലാം. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ജാതി വ്യവസ്ഥയുടെ അടിമകളാണ്. ചെറുതും വലുതുമായി 96 സമുദായങ്ങള്‍. ജാതിയെയും മതത്തെയും കൂട്ടുപിടിച്ച് അധികാരം പിടിച്ച സര്‍ക്കാറുകള്‍ ജനങ്ങളെ തിരിഞ്ഞു നോക്കിയില്ല. ജനസംഖ്യ പത്ത് കോടിയിലധികം. ദരിദ്ര സംസ്ഥാനം. ഇന്നും ദിവസ വേതനം ഇരുന്നൂറില്‍ താഴെ. ജീവിത നിലവാരം എന്ന വാക്കു പോലും ഇവിടത്തെ പിന്നോക്കക്കാര്‍ക്ക് അന്യമാണ്. ഭക്ഷണം കിട്ടാത്ത കുട്ടികള്‍ പഠിക്കാന്‍ പോകണമെന്ന് ആര്‍ക്കും വാശിയില്ല. വികസനം റോഡുകളിലും പാലങ്ങളിലുമൊതുങ്ങി. കീറിയ കുപ്പായമിട്ട് റോഡുകളില്‍ അലയുകയാണ് ബിഹാറിലെ കുരുന്നുകള്‍. അത്ര ദയനീയമാണ് ബിഹാറിലെ കാഴ്ച്ചകള്‍.
ബിഹാറിലെ ലെനിന്‍ ഗ്രാഡ് എന്നറിയപ്പെട്ടിരുന്നു ബെഗുസാര. ഹിന്ദി ഹൃദയഭൂമിയില്‍ കിഴക്കന്‍ ഗംഗയുടെ തീരത്തെ വിപ്ലവമണ്ണ്. ഇടത് നേതാവും ഹിന്ദി ഹൃദയഭൂമിയുടെ ആദ്യ ഇടത് എം.എല്‍.എയുമായ ചന്ദ്രശേഖര്‍ സിംഗും പ്രശസ്ത ഹിന്ദി കവി റാംദാരി സിംഗ് ദിന്‍കറും ചരിത്രകാരല്‍ റാം ശരണ്‍ ശര്‍യും ജനിച്ച മണ്ണ്.
ജെ.എന്‍.യു. മുന്‍ യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ സ്വന്തം ബെഗുസാരായി ഒരു കാലത്തെ സോഷ്യലിസ്റ്റുകളുടെ വിഹാരകേന്ദ്രം. ബീഹാറിലെ പഴയ വ്യവസായമേഖല തൊഴിലാളികളാല്‍ സമ്പന്നം. ട്രെയ്ഡ് യൂണിയനുകളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ കാലം. ജാതിയുടെ വേരിളക്കാന്‍ അന്ന് തൊഴിലാളികള്‍ക്ക് കഴിഞ്ഞു. ഭൂസമരങ്ങള്‍ ചെങ്കോടിക്ക് കീഴില്‍ അണിനിരന്നു. ചുവപ്പ് നിറഞ്ഞ ബേഗുസരായി, വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രതാപകാലം. തൊഴില്‍ സമരങ്ങള്‍ വഴി ഇടത് പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് നല്ല വേതനവും ജീവിതവും നേടികൊടുത്ത കാലം. ചുവപ്പ് ബെഗുസാരായിയെ കെട്ടി പുണര്‍ന്ന കാലം.
1980-ല്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് 27% സംവരണം നല്‍കണമെന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം ലാലുപ്രസാദും നിതീഷ് കുമാറും സംസ്ഥാനത്തെ ഇളക്കിമറിച്ചു. അതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബിഹാറില്‍ അപ്രസക്തമായി. തൊഴിലാളികള്‍ ജാതികളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. ബെഗുസാരായിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിത്തറ ഇളകിയ സമയമായിരുന്നു അത്. തൊണ്ണൂറുകള്‍ക്ക് ശേഷം ദളിത്, ഒ.ബി.സി., മുസ്ലീം, പിന്നാക്ക സഖ്യത്തിലൂടെ വലിയ ശതമാനം വോട്ടും ലാലു ഉറപ്പിച്ചു.
സ്വാഭാവികമായും വ്യവസായങ്ങളില്ലാതായി. ട്രെയ്ഡ് യൂണിയനുകളുടെ ശക്തി കുറഞ്ഞു. ബിഹാറില്‍ ജാതിമത വൈരങ്ങള്‍ ശക്തി പ്രാപിച്ചതോടെ യാദവരും മസ്ലീങ്ങളും പാര്‍ട്ടി വിട്ടു. ഇടതു പാര്‍ട്ടികളെ ഇല്ലാതാക്കുന്നതില്‍ ലാലു വലിയ പങ്കു വഹിച്ചു. പഴയ അവിഭക്ത ബിഹാര്‍ സഭയില്‍ നാല്‍പതോളം അംഗങ്ങളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പേരിന് പോലും ആളില്ലാതെ നിലംപൊത്തി. ബെഗുസാരായിലെ സി.പി.ഐയുടെ കെട്ടിടം ആ പഴയ പ്രതാപത്തിന്റെ അവശിഷ്ടമാണ്. ബീഹാറിലെ ജാതി രാഷ്ട്രീയത്തിനുമുന്നില്‍ വിളറി വെളുത്തുപോവുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍.
പരമ ദയനീയമാണ് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ അവസ്ഥ. കമ്മ്യൂണിസ്ററ് പ്രത്യയശാസ്ത്രം ബിഹാറിലെ യുവാക്കളെ ഉത്തേജിപ്പിക്കുന്നില്ല. സി.പി.എം., സി.പി.ഐ. പോലുള്ള മുഖ്യധാരാ ഇടതു പാര്‍ട്ടികളുടെ ഓഫീസുകള്‍ പോലും വ്യദ്ധസദനങ്ങളായി മാറിയിരിക്കുന്നു. യുവാക്കള്‍ ഇടതു പാര്‍ട്ടികളിലേക്ക് വരാത്തതാണ് ഇന്നു പാര്‍ട്ടി നേരിടുന്ന പ്രധാന പ്രശ്നം. കനയ്യയിലൂടെ ആ പ്രശ്നം പരിഹരിക്കാമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ കരുതുന്നത്. സ്വന്തം സമുദായമായ ഭൂമിഹാറിലെ യുവാക്കളെ കൂടെ നിര്‍ത്താന്‍ കനയ്യക്ക് കഴിയുന്നു എന്നത് പ്രതീക്ഷയോടെയാണ് സി.പി.ഐ. കാണുന്നത്. കനയ്യയുടെ റാലികളില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുന്നത് നേട്ടമായി കാണുമ്പോഴും പൂര്‍ണ്ണ തൃപ്തരല്ല പാര്‍ട്ടി കേന്ദ്രങ്ങള്‍.
കാവിക്കൊടിയുമായി കൂട്ടികെട്ടി ബി.ജെ.പി. കഴിഞ്ഞ തവണ ബെഗുസാരായി പടിച്ചു. സി.പി.ഐ. നിലം തൊട്ടില്ല. തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് മുപ്പത്തിരണ്ടുകാരനായ കനയ്യകുമാറിലൂടെ. ഹിന്ദി ഹൃദയഭൂമിക്ക് ആദ്യ ഇടത് എം.എല്‍.എയെ നല്‍കിയ ബെഗുസരായിയെ വിശ്വസിക്കുകയാണ് കനയ്യയും സി.പി.ഐയും.
ചുവപ്പ് വിപ്ലവത്തിനായി മണ്ണിലിറങ്ങി പ്രവര്‍ത്തിക്കുകയാണ് ബെഗുസാരായിയുടെ മകന്‍ രാവും പകലുമില്ലാതെ കൂടെ ജെ.എന്‍.യു. വിദ്യാര്‍ഥികളും ജിഗ്നേഷ് മേവാനിയുമുള്‍പ്പെടെ വലിയൊരു ഇടതു ലോകവുമുണ്ട് ബെഗുസാരായിയില്‍. ത്രികോണമത്സരം. ബി.ജെ.പിയും ജെ.ഡി.യും ഒരുവശത്ത്. മറുവശത്ത് ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സും ഇള്‍പെടുന്ന മഹാസഖ്യം. ഇടതു കേന്ദ്രങ്ങളുടെ നെഞ്ചിടുപ്പ് കേള്‍ക്കാം അങ്ങ് ഡല്‍ഹിവരെ.
മണ്ഡലത്തില്‍ 4.5 ലക്ഷം വോട്ടുള്ള ഭൂമിഹാര്‍ സമുദായക്കാരാണ് കനയ്യയും ബി.ജെ.പി. സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും. മസ്ലീം 2.5 ലക്ഷം, യാദവ 80,000, പിന്നാക്കക്കാര്‍ ഒരു ലക്ഷം ഇങ്ങനെയാണ് ബെഗുസാരായിലെ ജാതി വോട്ടുകള്‍. 2014-ലെ തെരഞ്ഞെടുപ്പില്‍ ഭൂമിഹാര്‍ ഉള്‍പ്പെടുന്ന മുന്നോക്ക സമുദായക്കാര്‍ ബി.ജെ.പിക്കൊപ്പവും പിന്നാക്ക സമുദായങ്ങള്‍ ലാലുവിനൊപ്പവും നിന്നു. മോദി തരംഗമുണ്ടായിട്ടും ബെഗുസരായിയില്‍ രണ്ട് ലക്ഷത്തോളം വോട്ട് സി.പി.ഐ. നേടി. 4.28 ലക്ഷം വോട്ട് ബി.ജെ.പിയും 3.69 ലക്ഷം വോട്ട് ആര്‍.ജെ.ഡിയും നേടി.
ഭൂമിഹാറാര്‍ സമുദായവും മുസ്ലിങ്ങളും കനയ്യക്കൊപ്പം നില്‍ക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ കരുതുന്നത്. അങ്ങനെ വന്നാല്‍ ബെഗുസാരായി വീണ്ടും ചുവക്കും. ജാതി സമവാക്യങ്ങളും, ബി.ജെ.പിയുടെ ഹിന്ദുത്വവും കൂടിയാകുമ്പോള്‍ അത്ര സുഖകരമാകില്ല സി.പി.ഐ ക്ക് കാര്യങ്ങളെങ്കിലും ജെ.എന്‍.യു. സമരനായകനായകനെന്ന പ്രതിച്ഛായയും യുവത്വവും പാര്‍ട്ടിയുടെ ശക്തമായ പ്രചരണവും ബെഗുസാരായില്‍ ചലനങ്ങളുണ്ടാക്കുന്നുമുണ്ട്.
സ്ഥിരമായി ഒരു പാര്‍ട്ടിയെ വിജയിപ്പിക്കുന്ന ശീലം ബെഗുസാരായിക്കില്ല. സി.പി.ഐ. ഉള്‍പ്പെടെ ബിഹാറിലെ എല്ലാ പ്രമുഖ പാര്‍ട്ടികളും വിജയിച്ചിട്ടുള്ള ബെഗുസാരായി മണ്ഡലം ഏഴ് തവണ കോണ്‍ഗ്രസിന് വഴങ്ങി. പ്രവചനാതീതമാണ് ബെഗുസാരിയുടെ രാഷ്ട്രീയം എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രതീക്ഷ നല്‍കുന്നുമുണ്ട്. മഹാസഖ്യത്തില്‍ സി.പി.ഐയെ ഉള്‍പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ലാലുവിന്റെ എതിര്‍പ്പ് കാരണം സാധിച്ചില്ല. ബെഗുസരായിയില്‍ കോണ്‍ഗ്രസ് വോട്ട് നിര്‍ണ്ണായകമാണ് അത് കനയ്യക്ക് അനുകൂലമാകാനാണ് സാധ്യത. കോണ്‍ഗ്രസ്സിന് കനയ്യ ജയിക്കുന്നതിലാണ് താല്‍പര്യം എന്നു പറയുന്നതാണ് സത്യം. ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് സി.പി.ഐ. ശ്രമിക്കുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ ബി.ജെ.പി. മണ്ഡലം പിടിക്കും.
ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ. പരാജയപ്പെട്ടാല്‍ അവസാനത്തെ തുറുപ്പ് ചീട്ടും സി.പി.ഐക്ക് നഷ്ടമാകും. കനയ ദുര്‍ബലനായി മാറും. കനയ്യയുടെ ഭാവി ബീഹാറിലെ സോഷ്യലിസ്റ്റുകളുടെ കൂടിഭാവിയാണ്. ജയിച്ചാല്‍ പാര്‍ലിമെന്റില്‍ ഇടതു രാഷ്ട്രീയം പറയാന്‍ കഴിയുന്ന ഏറ്റവും മികച്ച നേതാവായി കനയ്യ മാറും. അത് ഇന്ത്യന്‍ ഇടതുപക്ഷത്തിന് നല്‍കുന്ന ഊര്‍ജം തീവ്രമായിരിക്കും. സോഷ്യലിസ്റ്റുകള്‍ കാത്തിരിക്കുകയാണ് കാലം കണക്കു ചോദിക്കുന്നതിനായി, കാവിയെ ചുമപ്പിക്കുന്നതിനായി. ഏപ്രില്‍ 29-ന് ബെഗുസാരായിയില്‍ ജനങ്ങള്‍ വിധിയെഴുതും.
Content Highlights: The Great Indian War 2019, General Election 2019, Kanhaiya Kumar, Begusarai, Bihar, CPI Candidate