കൊല്‍ക്കത്ത ഉത്തറില്‍ ഉശിരേറിയ പോരാട്ടം


2 min read
Read later
Print
Share

ഹിന്ദി സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ സ്വാധീനം വലിയ തോതിലുള്ള മണ്ഡലമാണ് കൊല്‍ക്കത്ത ഉത്തര്‍. ഇവരില്‍ ഭൂരിഭാഗവും കൊല്‍ക്കത്തയിലെ ബഡാ ബസാര്‍ എന്ന വന്‍ വ്യാപാരകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണ്.

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരഹൃദയമുള്‍ക്കൊള്ളുന്ന മണ്ഡലമാണ് കൊല്‍ക്കത്ത ഉത്തര്‍. ഇത്തവണ നഗരത്തില്‍ ബി.ജെ.പി. ഏറ്റവും പ്രതീക്ഷവെക്കുന്ന മണ്ഡലം. ദേശീയ സെക്രട്ടറിയും മുന്‍ സംസ്ഥാനപ്രസിഡന്റുമായ രാഹുല്‍ സിന്‍ഹയാണ് ഇവിടെ രണ്ടാംവട്ടം പാര്‍ട്ടിക്കുവേണ്ടി കളത്തിലിറങ്ങുന്നത്. തൃണമൂലിന്റെ മുതിര്‍ന്നനേതാവും നിലവിലുള്ള എം.പി.യുമായ സുദീപ് ബന്ദോപാധ്യായയാണ് ഇത്തവണയും രാഹുലിന്റെ മുഖ്യ എതിരാളി.

കഴിഞ്ഞതവണ ബി.ജെ.പി. ബംഗാളില്‍ കാര്യമായ ശ്രദ്ധയൂന്നാതിരുന്നിട്ടും രാഹുല്‍ സിന്‍ഹയ്ക്ക് രണ്ടരലക്ഷത്തോളം വോട്ടുമായി രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. 2009-ലെ നാല് ശതമാനത്തില്‍ നിന്ന് 21 ശതമാനത്തിന്റെ വര്‍ധനയാണ് ബി.ജെ.പി.ക്കുണ്ടായത്. 2009-ല്‍ കിട്ടിയ 40 ശതമാനത്തില്‍നിന്ന് 20 ശതമാനം വോട്ട് നഷ്ടമായ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്കുപോയി. റോസ് വാലി ചിട്ടിഫണ്ട് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റുചെയ്ത സുദീപ് ബന്ദോപാധ്യായയ്ക്ക് ഇടക്കാലത്ത് മണ്ഡലത്തില്‍ സജീവമാകാന്‍ കഴിയാഞ്ഞതും സിന്‍ഹയ്ക്ക് അനുകൂലഘടകമായി മാറിയിരുന്നു. പാവങ്ങളുടെ പണം തട്ടിയ കേസിലെ പ്രതിയെന്നത് സുദീപിനെതിരേ ബി.ജെ.പി. പ്രചാരണവിഷയമാക്കിയിരുന്നു. ഇത്തവണ ബി.ജെ.പി.യുടെ കാടിളക്കിയുള്ള പ്രചാരണക്കൊഴുപ്പിന്റെ തരംഗത്തില്‍ ജയം ഏതാണ്ടുറപ്പിച്ച മട്ടിലായിരുന്നു രാഹുല്‍ സിന്‍ഹ.

എന്നാല്‍ തന്റെ മണ്ഡലത്തിലൂടെ ദേശീയാധ്യക്ഷന്‍ അമിത് ഷാ നടത്തിയ റോഡ് ഷോയെത്തുടര്‍ന്നുണ്ടായ അക്രമവും ഈശ്വരചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവവും സിന്‍ഹയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവം രാഷ്ട്രീയഭേദമന്യേ വന്‍ പ്രതിഷേധത്തിന് കാരണമായി. തകര്‍ന്ന പ്രതിമയുടെ ചിത്രം സഹിതം തൃണമൂല്‍ പത്രങ്ങളില്‍ വലിയ പരസ്യങ്ങള്‍ നല്‍കി പ്രചാരണം നടത്തുന്നുണ്ട്.

ഹിന്ദി സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ സ്വാധീനം വലിയ തോതിലുള്ള മണ്ഡലമാണ് കൊല്‍ക്കത്ത ഉത്തര്‍. ഇവരില്‍ ഭൂരിഭാഗവും കൊല്‍ക്കത്തയിലെ ബഡാ ബസാര്‍ എന്ന വന്‍ വ്യാപാരകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണ്. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ഇവിടെ നോട്ടുനിരോധനവും ജി.എസ്.ടി.യും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതിലുള്ള പ്രതിഷേധം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് തൃണമൂല്‍ നേതാക്കളുടെ കണക്കുകൂട്ടല്‍. തന്നെ 2016-ല്‍ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് എവിടെയുമെത്തിക്കാന്‍ സി.ബി.ഐ.യ്ക്ക് കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രീയപ്രതികാരമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും സുദീപ് വാദിക്കുന്നു.

പുതുമുഖമായ കനിനികാ ബോസ് ഘോഷാണ് ഇവിടെ സി.പി.എം. സ്ഥാനാര്‍ഥി. ഊര്‍ജസ്വലമായ പ്രചാരണം തന്നെയാണ് ഇടതുപക്ഷവും നടത്തുന്നത്. എന്നാല്‍ ബി.ജെ.പി.യുടെയും തൃണമൂലിന്റെയും രണ്ട് പ്രബലരായ സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവത്തെ നേരിടാന്‍ ആദ്യ അങ്കത്തിനിറങ്ങുന്ന കനിനികയ്ക്ക് അത്ര എളുപ്പമല്ല. വര്‍ഗീയ വിഭജനത്തിനെതിരെയും സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും നോട്ട് നിരോധനത്തിനുമെതിരെയും ജനം വിധിയെഴുതുമെന്നാണ് അവര്‍ പറയുന്നത്. ചൗരംഗി പോലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സയ്യിദ് ഷാഹിദ് ഇബ്രാഹിമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

Content Highlights: kolkata uttar loksabha constituency

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram