റാഞ്ചി: രാഷ്ട്രീയം മതിയാക്കി താന്‍ കൃഷിയിലേക്ക് തന്നെ തിരിയുകയാണെന്ന് എട്ടു തവണ ലോക്‌സഭാംഗവും മുന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന കരിയ മുണ്ട. ജാര്‍ഖണ്ഡില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മുണ്ട ഈ തീരുമാനം എടുത്തിരിക്കുന്നത്.
ബി.ജെ.പി പുറത്തിറക്കിയിരിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ കരിയ മുണ്ടയ്ക്ക് പകരം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അര്‍ജുന്‍ മുണ്ടയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1977ലാണ് കരിയ മുണ്ട ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2009ല്‍ അദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി.
'ഞാന്‍ ലോക്‌സഭ വിട്ട് കൃഷിയിലേക്ക് മടങ്ങുകയാണ്. ജനങ്ങളെ സേവിക്കാനാണ് ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. എനിക്ക് സ്ഥാപിത താല്‍പര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ദൈവം എനിക്ക് ഒരുപാട് കാര്യങ്ങള്‍ തന്നു'- സീറ്റ് നിഷേധിക്കപ്പെട്ടത് അറിഞ്ഞ മുണ്ട പ്രതികരിച്ചു.
2000ല്‍ ബിഹാറില്‍ നിന്ന് വേര്‍പെടുത്തി ജാര്‍ഖണ്ഡ് രൂപവത്കരിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും ഉയര്‍ന്ന് കേട്ട പേരാണ് കരിയ മുണ്ടയുടേത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പോലും അവഗണിക്കപ്പെട്ടതിലുള്ള രോഷമാണ് മുണ്ട പങ്കുവെച്ചത്.
content highlights: BJP veteran denied ticket to return to farming