എഴുപതുകളിൽ യുവനേതാവായിരുന്ന ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ പരിശീലനക്കളരികളായിരുന്നു ഛപ്രയും പരിസരപ്രദേശങ്ങളും. പട്‌ന നഗരത്തിൽനിന്ന് 70 കിലോമീറ്റർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും പിന്നീട് ജാതിരാഷ്ട്രീയത്തിനും വളക്കൂറിട്ട മണ്ണ്. ലാലുവിന്റെ നേതൃത്വത്തിൽ യാദവരും ന്യൂനപക്ഷങ്ങളും മേൽക്കൈ നേടിയതോടെ രാഷ്ട്രീയ ജനതാദളിന്റെ തട്ടകമായി മാറി. എന്നാൽ, 2008-ൽ മണ്ഡല പുനർനിർണയം നടന്നപ്പോൾ ഛപ്ര വിഭജിച്ച് പുതുതായി സരൺ മണ്ഡലംകൂടി പിറന്നു. അതോടെ ലാലുവിന് സ്വാധീനമുള്ള ഒരു ലോക്‌സഭാ മണ്ഡലംകൂടിയായി.
ബിഹാർരാഷ്ട്രീയത്തിൽ ലാലുവിന്റെ ഉയർച്ചതാഴ്ചകളുടെ സാക്ഷ്യപത്രംകൂടിയാണ് സരൺ മണ്ഡലം. മണ്ഡലംപിറന്ന് 2009-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലാലുവായിരുന്നു ആർ.ജെ.ഡി. സ്ഥാനാർഥി. ബി.ജെ.പി.യുടെ യുവനേതാവ് രാജീവ് പ്രതാപ് റൂഡിയെ ലാലു മികച്ച ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. എന്നാൽ, കേസിൽപ്പെട്ട് അയോഗ്യനായതോടെ ലാലു മണ്ഡലം ഭാര്യ റാബ്രിദേവിക്ക് കൈമാറി. 2014-ൽ റാബ്രി ആർ.ജെ.ഡി. സ്ഥാനാർഥിയായി. എതിരാളി രാജീവ് പ്രതാപ് റൂഡിതന്നെ. ലാലുവിന്റെ അഭാവത്തിൽ റാബ്രിയെ അട്ടിമറിച്ച് രാജീവ് പ്രതാപ് റൂഡി ബി.ജെ.പി.ക്ക് മണ്ഡലത്തിൽ വേരോട്ടമുണ്ടാക്കി. യാദവ-മുസ്‍ലിം-ദളിത് ജാതിസമവാക്യങ്ങൾ തിരുത്തിയെഴുതിയാണ് അദ്ദേഹം അടിത്തറയൊരുക്കിയത്. ബിഹാറിൽ ആഞ്ഞുവീശിയ മോദിതരംഗത്തിൽ ലാലുവിന്റെ ഭൂരിപക്ഷം മറികടന്ന് 40,948 വോട്ടുകളുടെ ഭൂരിപക്ഷം റൂഡി സ്വന്തമാക്കിയത് രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചു. ജെ.ഡി.യു. അംഗം സലീം പർവീസ് 1,07,008 വോട്ടും ബി.എസ്.പി. അംഗം ബാൽ മുകുന്ദ് ചൗഹാർ 15,500 വോട്ടും സ്വന്തമാക്കി. ഇതോടെ സരൺ മണ്ഡലത്തിലെ രാഷ്ട്രീയ-ജാതി ചേരുവകൾക്ക് മാറ്റമുണ്ടാക്കാനായി ബി.ജെ.പി.-ആർ.എസ്.എസ്. ശ്രമങ്ങൾ.
ഇക്കുറി ബി.ജെ.പി. സ്ഥാനാർഥി രാജീവ് പ്രതാപ് റൂഡി തന്നെ. റാബ്രിദേവി മത്സരത്തിൽനിന്ന് ഒഴിഞ്ഞുനിന്നപ്പോൾ കുടുംബബന്ധുവും ലാലുവിന്റെ വിശ്വസ്തനുമായ ചന്ദ്രികാ റായിക്കാണ് ആർ.ജെ.ഡി. മണ്ഡലം നൽകിയത്. ലാലു മന്ത്രിസഭയിൽ രണ്ടുവട്ടം കാബിനറ്റ് മന്ത്രിയായിരുന്ന ചന്ദ്രികാറായി മകൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണ്. റൂഡിയും റായിയും സരൺ നിവാസികൾതന്നെ. ഇരുവരും ഉന്നതവിദ്യാഭ്യാസം നേടിയവർ. കടുത്ത രാഷ്ട്രീയമത്സരത്തിന് ഇടംപിടിക്കേണ്ട മണ്ഡലത്തിലേക്ക് ചന്ദ്രികാറായിയുടെ മരുമകൻ തേജ്പ്രതാപ് യാദവ് രംഗപ്രവേശം ചെയ്തതോടെ കടുപ്പം കൂടി. ഭാര്യ ഐശ്വര്യയുമായുള്ള വിവാഹ മോചനത്തിന് ഹർജി നൽകി കഴിയുന്ന തേജ് പ്രതാപ് യാദവ് ചന്ദ്രികാ റായിക്കെതിരേ പ്രചാരണവുമായി രംഗത്തെത്തിയിരിക്കയാണ്. തേജ് ഒഴികെയുള്ള ലാലു കുടുംബാംഗങ്ങൾ ചന്ദ്രികാറായിക്ക് അനുകൂലമായും നിലയുറപ്പിക്കുന്നു. ആർ.ജെ.ഡി.യുടെ നേതൃത്വംവഹിക്കുന്ന തേജസ്വിയാദവ്, റായിക്കുവേണ്ടി പ്രസംഗിക്കാനെത്തിയപ്പോൾ, തേജ് പ്രതാപ് യാദവ് റായിക്കെതിരേ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ നിശിതവിമർശമുയർത്തുന്നു!
വീണ്ടും ജയിക്കാൻ റൂഡി
പട്‌നയിലാണ് ജനിച്ചതെങ്കിലും സരണിലാണ് രാജീവ് പ്രതാപ് റൂഡിയുടെ വേരുകൾ. ചണ്ഡീഗഡിൽ വിദ്യാർഥിയായിരിക്കുമ്പോൾ പഞ്ചാബ് സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് രാജീവ് പ്രതാപ് റൂഡി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. മഗധ സർവകലാശാലയിൽനിന്ന് എം.എ. ബിരുദമെടുത്തശേഷം പട്‌നയിൽ കോളേജ് അധ്യാപകനായി. കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസുള്ള രാജീവ് പ്രതാപ് റൂഡി യാത്രാവിമാനം പറത്തുന്ന ഏക രാഷ്ട്രീയനേതാവാണ്. വാജ്‌പേയി മന്ത്രിസഭയിലും മോദി മന്ത്രിസഭയിലും വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്ന രാജീവിന് 2017-ലെ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടമായി.
സരണിലെ ബനിയാപുരിൽ ഉച്ചവെയിലിന്റെ ഉച്ചിയിൽ തടിച്ചുകൂടിയ പ്രവർത്തകർക്കിടയിലൂടെ റോഡ്ഷോയ്ക്ക് ഒരുങ്ങുമ്പോഴാണ് രാജീവ് പ്രതാപ് റൂഡിയെ കണ്ടത്. ഉരുകുന്ന ചൂടിൽ അണികളുടെ മുദ്രാവാക്യംവിളി നൽകുന്ന ആവേശത്തിലായിരുന്നു സ്ഥാനാർഥി. പ്രാദേശികനേതാക്കൾ മാലയണിയിച്ച് മത്സരിക്കുന്നു. അതിനിടയിൽ ‘മാതൃഭൂമി’യോട് അൽപ്പനേരം സംസാരിച്ചു.
-വിജയം ആവർത്തിക്കുമോ ?
മോദിക്കും നിതീഷിനും അനുകൂലമായ തരംഗമാണ്. ദേശീയതയും ദേശാഭിമാനവുമാണ് ഏറ്റവും വലിയ ദേശീയവിഷയങ്ങൾ. മസൂദ് അസഹറിനെ ആഗോളഭീകരവാദിയായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമാണ്. മോദിയുടെ സ്വാധീനം ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽപ്പോലും ദൃശ്യമാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ ഒട്ടേറെ കാര്യങ്ങൾ സംസ്ഥാനത്തിനായി ചെയ്തിട്ടുണ്ട്. മോദിയും നിതീഷും കൈകോർത്താണ് വികസനത്തിനായി പ്രവർത്തിക്കുന്നത്.
മഹാസഖ്യവും ശക്തമായി രംഗത്തുണ്ട്. മത്സരം കടുക്കുമോ?
മഹാസഖ്യത്തെ എവിടെയും കാണാനില്ല. സ്വന്തക്കാർക്കും ബന്ധുക്കൾക്കും സ്ഥാനാർഥിത്വം നൽകുകയാണ് ആർ.ജെ.ഡി. ചെയ്തത്. സരണിൽ മത്സരിക്കുന്ന ചന്ദ്രികാറായി ലാലുവിന്റെ ബന്ധുവാണ്. ജയിലിൽ കഴിയുന്ന പ്രഭുനാഥ് സിങ്ങിന്റെ മകനാണ് മഹാരാജ് ഗഞ്ചിൽ ആർ.ജെ.ഡി. സ്ഥാനാർഥി. അതുപോലെ ജയിലിൽ കഴിയുന്ന ഷഹാബുദ്ദീന്റെ ഭാര്യയാണ് സിവാനിലെ സ്ഥാനാർഥി. മഹാസഖ്യം എവിടെയാണ് ?
തിരഞ്ഞെടുപ്പിനും രാഷ്ട്രീയത്തിനുമിടയിൽ പൈലറ്റ് എന്ന പ്രൊഫഷൻ എങ്ങനെ സൂക്ഷിക്കും?
പൈലറ്റ് ലൈസൻസ് ഞാൻ സജീവമായി നിലനിർത്തിയിട്ടുണ്ട്. രാഷ്ട്രീയവും പൈലറ്റ് എന്ന പ്രൊഫഷനും ഒരുമിച്ച് സൂക്ഷിക്കുന്നു. രണ്ടും ജീവിതത്തിന്റെ ഭാഗമാണ്. 30 വർഷമായി നിലനിർത്തുന്നു. രണ്ടിലും എനിക്ക് സന്തോഷമുണ്ട്.
തിരിച്ചുപിടിക്കാൻചന്ദ്രികാ റായി
പൈലറ്റല്ലെങ്കിലും ആറുവട്ടം എം.എൽ.എ.യായി ജനങ്ങളെ നയിച്ച പാരമ്പര്യമാണ് ആർ.ജെ.ഡി. സ്ഥാനാർഥി ചന്ദ്രികാറായിക്കുള്ളത്. നിലവിൽ സരൺ ലോക്‌സഭാമണ്ഡലത്തിൽപ്പെട്ട പർസ മണ്ഡലത്തിലെ എം.എൽ.എ.യാണ്. ബിഹാർ മുഖ്യമന്ത്രിയായിരുന്ന ദുർഗാപ്രസാദ് റായിയുടെ മകനായ ചന്ദ്രികാറായി രണ്ടുവട്ടം ലാലു മന്ത്രിസഭയിൽ ക്യാബിനറ്റ് അംഗമായിരുന്നു. ഇക്കുറി രാജീവ് പ്രതാപ് റൂഡിക്കെതിരായ കടുത്ത ജനവികാരം മണ്ഡലത്തിലുണ്ടെന്നാണ് ചന്ദ്രികയുടെ ആരോപണം. അഞ്ചുവർഷമായി ഒരു വികസനവും നടത്തിയിട്ടില്ലെന്ന് റായി ചൂണ്ടിക്കാട്ടുന്നു.
ലാലു ജയിലിൽ കഴിയുന്നത് ഞങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. അദ്ദേഹം പ്രചാരണം നടത്തിയിരുന്നെങ്കിൽ അദ്‌ഭുതങ്ങൾ സംഭവിക്കുമായിരുന്നു. ലാലുവിനെ ജയിലിലടച്ചതിൽ ജനങ്ങൾ രോഷാകുലരാണ്. ആ രോഷം ജനങ്ങൾ രേഖപ്പെടുത്തുമെന്ന് ചന്ദ്രിക പറഞ്ഞു.
പാളയത്തിൽ പട
ബി.ജെ.പി.യെക്കാളുപരി പാളയത്തിലെ പടയാണ് ചന്ദ്രികാറായിയെ അസ്വസ്ഥനാക്കിയത്. മകൾ ഐശ്വര്യയുടെ ഭർത്താവും ലാലുവിെന്റ മൂത്തമകനുമായ തേജ് പ്രതാപിന്റെ നിലപാടുകൾ അദ്ദേഹത്തിന് തലവേദന തീർക്കുന്നു. തേജിന് മണ്ഡലത്തിൽ സ്വാധീനമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയിലേക്ക് ചന്ദ്രിക പലപ്പോഴും വീണുപോയി. തേജ് മാധ്യമങ്ങളെ വെറുതെ കളിപ്പിക്കുകയാണ്. ഇതൊക്കെ കുടുംബപ്രശ്നങ്ങളാണ്. അതിനപ്പുറം ഒന്നുമില്ല. എല്ലാ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുമെന്ന് ചന്ദ്രിക പറഞ്ഞതിന് തൊട്ടുപിന്നാലെ തേജ് ഫെയ്സ് ബുക്കിൽ പ്രതികരണവുമായെത്തി.
ചന്ദ്രികാറായി തട്ടിപ്പുകാരനാണെന്നും അയാൾക്ക് വോട്ടുചെയ്യരുതെന്നുമായിരുന്നു തേജിന്റെ പ്രസ്താവന. “എന്റെ അച്ഛൻ രണ്ടുവട്ടം ജയിച്ച മണ്ഡലമാണിത്. ചന്ദ്രികാറായി ഈ കുടുംബത്തിന്റെ ആരുമല്ല. പുറത്തുനിന്നുള്ളയാളാണ്. ലാലു കുടുംബത്തിന്റെ പേരിൽ വോട്ട് തട്ടാനാണ് ശ്രമം. സരണിലെ ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. നിമിഷംതോറും നിറംമാറുന്ന ഓന്തിനെപ്പോലെയാണയാൾ. എന്റെ വിവാഹമോചനഹർജി കോടതിയുടെ പരിഗണനയിലാണ്. ഞാൻ അതിൽ ഉറച്ചുനിൽക്കുന്നു” -തേജ് തുറന്നടിച്ചു. തേജിന്റെ സഹോദരൻ തേജസ്വിയാദവിൻറെ റാലികൾ തുടർച്ചയായി സംഘടിപ്പിച്ചാണ് ചന്ദ്രിക തേജിന്റെ പ്രചാരണങ്ങളെ മറികടക്കാൻ ശ്രമിച്ചത്.
അഞ്ചാംഘട്ടത്തിലാണ് സരൺ വിധിയെഴുതിയത്. രാഷ്ട്രീയത്തിന് അടിയൊഴുക്കുകളിലൂടെ ദിശ നിർണയിക്കുന്ന ജാതിസമവാക്യങ്ങളാണ് ഇവിടെയും പ്രധാനം. യാദവ-മുസ്‍ലിം വോട്ടുബാങ്കുകളിലാണ് ആർ.ജെ.ഡി.യുടെ അടിത്തറ. യാദവവോട്ടുകൾ പിളർത്തി ഉന്നതസമുദായ വോട്ടുകൂടി ചേർത്താൻ ജയിക്കാമെന്ന് ബി.ജെ.പി.യും കണക്കുകൂട്ടുന്നു.