ബക്‌സര്‍: രാജ്യത്തെ ജനങ്ങളാണ് തന്റെ കുടുംബമെന്നും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് കരുത്ത് നല്‍കിയത് ദരിദ്ര ജീവിതവും സത്യസന്ധതയുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ബക്‌സറില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അശ്വനി ചൗബേയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നു. എന്നാല്‍, ചിലര്‍ക്ക് അത് സഹിക്കാനാവുന്നില്ല. മോഹന വാഗ്ദാനങ്ങള്‍ നല്‍കി വോട്ടു നേടുകയും തിരഞ്ഞെടുപ്പിനുശേഷം വാഗ്ദാനങ്ങളെല്ലാം വിസ്മരിക്കുകയും ചെയ്തവരാണ് അവര്‍. പാവപ്പെട്ടവരെ അവര്‍ കൊള്ളയടിച്ചു. കോടികള്‍ കൊള്ളയടിക്കുകയും വലിയ ബംഗ്ലാവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
എന്നാല്‍, താനാകട്ടെ ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴോ പ്രധാനമന്ത്രി പദത്തിലിരുന്നപ്പോഴോ ഒരു നിമിഷം പോലും സ്വന്തം നേട്ടത്തിനുവേണ്ടിയോ ബന്ധുക്കളുടെ നേട്ടത്തിനു വേണ്ടിയോ പ്രവര്‍ത്തിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങളാണ് തന്റെ കുടുംബം. കേന്ദ്രത്തില്‍ അസ്ഥിര സര്‍ക്കാര്‍ ഉണ്ടാക്കാനും അതിലൂടെ പണമുണ്ടാക്കാനുമാണ് പ്രതിപക്ഷ സഖ്യം ശ്രമിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷികളും വിജയം നേടും.
പ്രതിപക്ഷത്തിന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുകഴിഞ്ഞു. തന്നെ അപമാനിക്കുന്നതിലൂടെയാണ് അവര്‍ നിരാശതീര്‍ക്കുന്നത്. രാജ്യത്തിന്റെ ഭാവി വികസനം എങ്ങനെയാവണമെന്ന് നിശ്ചയിക്കുന്നതാവും തിരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷ സഖ്യം വികസനത്തെപ്പറ്റി സംസാരിക്കുന്നതേയില്ലെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: PM Narendra Modi, Poverty, Honesty