പട്‌ന: ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. എന്നാല്‍, സി.പി.ഐ സ്ഥാനാര്‍ഥിയായി ബഗുസരായിയില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കനയ്യ കുമാറിന് മത്സരിക്കാന്‍ അവസരം ലഭിക്കില്ല.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ പേര് ചര്‍ച്ചകളില്‍ ഒന്നും ഉയര്‍ന്നു വന്നിട്ടില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. കനയ്യ കുമാറിനോട് തേജസ്വി യാദവിനുള്ള അതൃപ്തിയാണ് സീറ്റ് നിഷേധത്തിന് പിന്നിലെന്നാണ് സൂചന.
തേജസ്വി യാദവ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അനുകൂല പ്രതികരണം ഉണ്ടാവാത്തതാണ് അതൃപ്തിക്ക് പിന്നിലെന്നാണ് അഭ്യൂഹങ്ങള്‍. കനയ്യ കുമാറിനോട് ലാലു പ്രസാദ് യാദവിന് താത്പര്യമുണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ അഴിമതി കേസില്‍ ജയിലിലാണ്. മകന്‍ തേജസ്വി യാദവാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കനയ്യ കുമാര്‍ മുഖ്യധാരയിലെത്തുന്നത് തനിക്ക് ഭീഷണിയാവുമോ എന്ന ആശങ്ക തേജസ്വി യാദവിനുണ്ടെന്ന അഭ്യൂഹങ്ങളുമുണ്ട്.
2014 ലെ തിരഞ്ഞെടുപ്പില്‍ ബഗുസരായിയില്‍ 60,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട തന്‍വീര്‍ ഹസനെ ഇത്തവണയും രംഗത്തിറക്കാനാണ് ആര്‍.ജെ.ഡിയുടെ നീക്കം. 2009 ല്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ഥി മോനസിര്‍ ഹസന്‍ ഇവിടെനിന്ന് വിജയിച്ചിരുന്നു. വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെതിരെ കനയ്യ മത്സരിച്ച് ജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് ആര്‍.ജെ.ഡി വിലയിരുത്തുന്നത്.
Content Highlights: Kanhaiya Kumar, Bihar, Tejaswi Yadav