ന്യൂഡല്‍ഹി: ബീഹാറില്‍ പ്രതിപക്ഷ മഹാസഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായി. സംസ്ഥാനത്ത് കോണ്‍ഗ്രസ് 11 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ആര്‍.ജെ.ഡിയുമായി ഏറെ സമയത്തെ വിലപേശലുകള്‍ക്ക് ഒടുവിലാണ് മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ പാര്‍ട്ടികളും തീരുമാനത്തില്‍ തൃപ്തരാണെന്നും വരും ദിവസങ്ങളില്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. 20 സീറ്റില്‍ ആര്‍ജെഡി മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ഇടത് പാര്‍ട്ടികള്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കും. ജെ.എന്‍.യു സമരനായകന്‍ കനയ്യകുമാര്‍ ബേഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
ഏഴു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 11ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് മെയ് 19 വരെ നീളും. കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും പുറമെ ഉപേന്ദ്ര ഖുഷ്‌വാഹയുടെ ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, ലോക്താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളും മുന്നണിയിലുണ്ട്.
content highlights: Bihar, Grand Alliance, Congress, RJD, CPI, RLSP