ഗുവാഹാട്ടി: അസം ധനമന്ത്രി ഹിമാന്ത ബിസ്വ ശര്‍മ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്ന് ബി ജെ പി നേതാവ് രാം മാധവ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ട് ഹിമാന്തയുടെ സ്ഥാനം ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേതിനെക്കാള്‍ മുകളിലാണെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ബി ജെ പിയുടെ മുഴുവന്‍ തിരഞ്ഞെടുപ്പു ചുമതലയുള്ള അമിത് ഷാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 25 സീറ്റുകളുടെ ചുമതലയുള്ള ഹിമാന്ത മത്സരിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു രാം മാധവ്.
ഒരുപക്ഷെ, അമിത് ഷായുടേതിനെക്കാള്‍ പ്രയാസകരമായ ജോലിയാണ് ഹിമാന്തയുടേത് എന്നതാവാം അദ്ദേഹം മത്സരിക്കാതിരിക്കാനുള്ള കാരണം- രാം മാധവ് കൂട്ടിച്ചേര്‍ത്തു. ഹിമാന്തയ്ക്ക് ഇവിടെ 5-6 സര്‍ക്കാരുകളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉത്തരവാദിത്തവും ഹിമാന്തയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് ഒരുപാട് ഊര്‍ജവും സമയവും ആവശ്യമായുണ്ട്. അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടി ഒരു സീറ്റിലേക്ക് ചുരുക്കാത്തത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടിയുള്ള വലിയ പ്രചാരണത്തിന് അദ്ദേഹത്തിന്റെ ഊര്‍ജം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്- രാം മാധവ് കൂട്ടിച്ചേര്‍ത്തു.
ഹിമാന്തയെ അസമിലെ തേസ്പുറില്‍നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് സീറ്റ് നഷ്ടമായേക്കുമെന്ന് മനസ്സിലായതോടെ തേസ്പുര്‍ സിറ്റിങ് എം പി രാം പ്രസാദ് ശര്‍മ ഇതില്‍ പ്രതിഷേധിക്കുകയും പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കാന്‍ ഒരുങ്ങുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തുനിന്നുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പുനഃപരിശോധിക്കാന്‍ ദേശീയനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. രാം പ്രസാദ് ശര്‍മയുടെ അടുത്ത അനുയായിയും അസം ടീ ട്രൈബ്‌സ് വെല്‍ഫെയര്‍ മന്ത്രി പല്ലബ് ലോചന്‍ ദാസിനെ തേസ്പുറില്‍നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനമാവുകയും ചെയ്തു.
content highlights: Himanta Biswa Sarma above Amit Shah for Northeast says Ram Madhav