ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായി ബി.ജെ.പി. 1984 ല്‍ സിഖ് കലാപത്തേക്കുറിച്ച് രാജീവ് നടത്തിയ വിവാദ പ്രസംഗമാണ് ബി.ജെ.പി ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതും പിന്നാലെയുണ്ടായ സിഖ് കലാപവും ബന്ധപ്പെടുത്തി 'വലിയ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങു' മെന്ന രാജീവിന്റെ പരാമര്‍ശം അന്നു തന്നെ വലിയ വിവാദമാണ് ഉണ്ടാക്കിയത്.
3000 ഓളം പേരാണ് സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടത്. അന്ന് തന്റെ അമ്മയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പൊതുയോഗത്തില്‍ രാജീവ് ഇങ്ങനെ പ്രസംഗിച്ചത്. ഒന്നാം തരം അഴിമതിക്കാരനായിട്ടാണ് രാജീവ് മരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. രാജീവ് ഐഎന്‍എസ് വിരാട് സ്വകാര്യ ടാക്‌സിയാക്കിയെന്ന് മോദി നടത്തിയ പ്രസംഗവും വിവാദമായി. അതിന് പിന്നാലെയാണ് ബി.ജെ.പി പുതിയ വീഡിയോയുമായി രംഗത്തെത്തിയത്.
1984 നെ മറക്കാന്‍ ബുദ്ധിമുട്ടാണ്. ഡല്‍ഹിക്കും രാജ്യത്തിനും മറക്കാനാകില്ല... എന്നു തുടങ്ങുന്ന ട്വീറ്റിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണവിധേയരായ സജ്ജന്‍ കുമാര്‍, ജഗ്ദീഷ് ടൈറ്റ്‌ലര്‍, കമല്‍നാഥ്, എച്ച് കെ എല്‍ ഭഗത് തുടങ്ങിയവരുടെ ചിത്രവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content highlights: 'When a tree falls, the earth shakes' bjp tweeted controversial speech of Rajiv Gandhi