ന്യൂഡല്‍ഹി: ബിരുദ വിദ്യാഭ്യാസം ഇല്ലെന്ന് വെളിപ്പെടുത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നല്‍കിയ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍, ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ലെന്നും പ്ലസ് ടു ആണ് വിദ്യാഭ്യാസയോഗ്യത എന്നുമാണ് സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നത്. തനിക്ക് ബിരുദമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സ്മൃതി ഇറാനിയുടെ നിലപാടു മാറ്റമാണ് ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സ്മൃതി ഇറാനിയെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിട്ടുണ്ട്.
'ഡേയ്.. മന്ത്രി ആയിരുന്നടെയ് മന്ത്രി..
തിരക്കിന്നിടയില്‍ എവിടേലും വെച്ച് കളഞ്ഞ് പോയതാവും.. അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആവോ?
ഇനി നെഹ്റു എങ്ങാനും എടുത്തോ എന്തോ'- എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയാണ് സ്മൃതി ഇറാനിയ്‌ക്കെതിരെയുള്ള പരിഹാസങ്ങള്‍ക്ക് തുടക്കംകുറിച്ചത്. സ്മൃതി ഇറാനി അഭിനയിക്കുന്ന പുതിയ സീരിയല്‍ വരുന്നുണ്ടെന്നും 'ക്യൂന്‍കി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ ഥീ' എന്നാണ് അതിന്റെ പേരെന്നും പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പത്രസമ്മേളനം. 'ക്യൂന്‍കി സാസ് ഭീ കഭീ ബഹൂ ഥീ' എന്ന സ്മൃതി ഇറാനി മുന്‍പ് അഭിനയിച്ച സീരിയലിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇത്. ഈ സീരിയലിന്റെ ടൈറ്റില്‍ ഗാനത്തിന്റെ പാരഡി പാടിക്കൊണ്ടായിരുന്നു പ്രിയങ്കാ ചതുര്‍വേദിയുടെ പരിഹാസം.
'ക്വാളിഫിക്കേഷന്റെ രൂപം മാറുന്നു. പുതിയ പുതിയ രൂപങ്ങളില്‍ ചെറുതായിവരുന്നു. ഒരു ഡിഗ്രി വരുന്നു, ഒരു ഡിഗ്രി പോകുന്നു, വരുന്ന പത്രികയും പുതിയതാണല്ലോ'- എന്നായിരുന്നു അവര്‍ പാടിയ പാരഡി ഗാനം. പ്രിയങ്കാ ചതുര്‍വേദിയുടെ പരിഹാസം സോഷ്യല്‍ മീഡിയ ഇത് ഏറ്റുപിടിക്കുകയും ചെയ്തു.
തനിക്ക് യേല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം ഉണ്ടെന്നായിരുന്നു മുന്‍പ് സ്മൃതി ഇറാനി അവകാശപ്പെട്ടിരുന്നത്. എന്നല്‍ ഇത് സത്യമല്ലെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി കോണുകളില്‍നിന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. 2004ല്‍ ചാന്ദ്‌നി ചൗക്കില്‍നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്മൃതി ഇറാനി ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയിരുന്നു എന്നായിരുന്നു സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
2014ല്‍ അമേഠിയില്‍ മത്സരിക്കുന്നതിനായി നല്‍കിയ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ 1994ല്‍ വിദൂര വിദ്യാഭ്യാസം വഴി ബികോം പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് 1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി എന്നാണ്. 1994-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Content Highlights: Shafi Parambil Attacks Smriti Irani’s Degree, lok sabha election, Amethi