ന്യൂഡല്‍ഹി: 1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചെന്ന മോദിയുടെ അവകാശവാദത്തെ രൂക്ഷമായി പരിഹസിച്ച് സോഷ്യല്‍മീഡിയ. ഒരു ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ ഇ-മെയില്‍ ലഭ്യമായത് 1995-മുതലാണെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. ഇതോടെ മോദിക്കെതിരെ നിരവധി ട്രോളുകളും പരിഹാസ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു.
ഇ-മെയില്‍ സൗകര്യം ആദ്യം ലഭ്യമായ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോലും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് സേവനം ലഭിച്ചതെന്നും ഇന്ത്യയില്‍ ഇ-മെയില്‍ ലഭ്യമായത് 1995-ലാണെന്നും വിമര്‍ശകര്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല ആദ്യ ഡിജിറ്റല്‍ ക്യാമറ വില്പനയ്ക്ക് എത്തിയത് 1990-ലാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ചിലരാകട്ടെ മോദിയുടെ അവകാശവാദത്തിനെതിരേ ഇ-മെയിലില്‍ ആദ്യമായി അയച്ച ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 1992-ലാണ് ആദ്യമായി ഇ-മെയില്‍ മുഖനേ ഒരു ചിത്രമയച്ചത്.
മോദിയാണോ ഇ-മെയില്‍ കണ്ടുപിടിച്ചതെന്നാണ് ചിലരുടെ ചോദ്യം. മറ്റുചിലരാകട്ടെ മോദിക്ക് എന്തോ ഗുരുതര രോഗമുണ്ടെന്നും അദ്ദേഹത്തിന് കൃത്യമായ ചികിത്സ വേണമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
1987-88 കാലത്ത് താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എല്‍ കെ അദ്വാനിയുടെ ചിത്രം പകര്‍ത്തുകയും അത് ഇമെയില്‍ മുഖാന്തരം ഡല്‍ഹിയിലേക്ക് അയച്ചു നല്‍കിയെന്നുമാണ് മോദി അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ 1987 ലാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കിയതെന്നും അന്ന് അതിന് വന്‍ വിലയായിരുന്നുമെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ദാരിദ്ര്യത്തില്‍ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കിയെന്നും വിമര്‍ശകര്‍ ആരായുന്നു. കൂടാതെ, വി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത് 1995ല്‍ ആണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും റഡാര്‍ തിയറിക്ക് പിന്നാലെ ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ അവകാശവാദത്തിലും മോദിയെ ട്രോളുകളുമായി പരിഹസിക്കുകയാണ് സാമൂഹികമാധ്യമങ്ങള്‍.
Content Highlights: pm modi says he uses digital camera and email in 1987, social medial creates trolls against modi