ഗംഗാ സമതലത്തിന്റെ മൈനസും., കിഴക്കന്‍ ഇന്ത്യയിലെ പ്ലസും..


പ്രവീണ്‍ കൃഷ്ണന്‍

3 min read
Read later
Print
Share

യു.പി.യിലും രാജസ്ഥാനിലും, ഛത്തീസ്ഗഡിലും 'മൈനസ്' വന്നാല്‍ കിഴക്കന്‍ ഇന്ത്യയിലെ 'പ്ലസ്' കൊണ്ട് അതിനെ ഒരുപരിധിവരെ പ്രതിരോധിക്കുക എന്നതാണ് പാര്‍ട്ടിയുടെ തന്ത്രം. അനുനിമിഷം മാറിമറിയുന്ന ദേശീയ രാഷ്ടീയ സാഹചര്യങ്ങളില്‍ കണക്കുകൂട്ടലുകള്‍ ഫലം കാണുകയോ പിഴക്കുകയൊ ചെയ്യാം.

ന്ദ്രപ്രസ്ഥത്തിലെ അധികാര കേന്ദ്രത്തിലേക്കുള്ള പ്രധാന ചവിട്ടുപടിയാണ് ഏത് രാഷ്ടീയപാര്‍ട്ടിക്കും ഗംഗാസമതലം., പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്. യു.പി.പിടിക്കുന്നവര്‍ ഇന്ത്യ പിടിക്കുമെന്നായിരുന്നു സ്വാതന്ത്ര്യത്തിനുശേഷം ആദ്യ നാല് പതിറ്റാണ്ടുകളില്‍ ദേശീയ രാഷ്ടീയത്തിലെ പല്ലവി. രാജ്യത്ത് കോണ്‍ഗ്രസിന്റെ ആധിപത്യം നിലനിന്ന 80-കള്‍ വരെ ഈ സ്ഥിതി തുടര്‍ന്നു. എന്നാല്‍ 90-കളുടെ തുടക്കത്തിലെ മണ്ഡല്‍, മസ്ജിദ് കാലഘട്ടത്തോടെ യു.പി.തെളിക്കുന്ന വഴിയെ രാജ്യം ചലിക്കുന്ന രീതി മാറി. ജാതി,മത രാഷ്ടീയത്തിന്റെ നീര്‍ച്ചുഴിയില്‍ കോണ്‍ഗ്രസിനുണ്ടായ തളര്‍ച്ച മുതലാക്കി എസ്.പി.യും ബി.എസ്.പിയും യു.പിയില്‍ സ്വാധീനം ഉറപ്പിച്ചു.

ബി.ജെ.പി.ക്കാകട്ടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളും വളര്‍ച്ചയും തളര്‍ച്ചയും മാറിമാറി അനുഭവിക്കേണ്ടിവന്ന സംസ്ഥാനമാണ് യു.പി. അയോധ്യാ പ്രക്ഷോഭത്തിന്റെ തരംഗത്തിലേറി 90-കളില്‍ സംസ്ഥാനത്ത് വെന്നിക്കൊടി പാറിച്ച ബി.ജെ.പിക്ക് പിന്നീട് വേലിയിറക്കത്തിന്റെ കാലമായിരുന്നു. 2014-ലെ പൊതു തിരഞ്ഞെടുപ്പിലാണ് ഇതിനൊരു മാറ്റം വന്നത് . മുസഫര്‍നഗര്‍ കലാപം ഉള്‍പ്പടെ സംസ്ഥാനത്തുണ്ടായ സാമൂദായിക ധ്രുവീകരണം ഫലപ്രദമായി മുതലെടുത്ത് പാര്‍ട്ടിക്ക് വന്‍ നേട്ടത്തിന് അവസരമൊരുക്കാന്‍ യു.പി.യിലേക്ക് നിയോഗിക്കപ്പെട്ട അമിത് ഷാ എന്ന അക്കാലത്ത് അധികം അറിയപ്പെടാതിരുന്ന നേതാവിനായി. ഗുജറാത്തിനപ്പുറം ഒരു ലോകമില്ലായിരുന്ന അമിത് ഷാ എന്ന മോദിയുടെ വിശ്വസ്തന്‍ ദേശീയ രാഷ്ടീയത്തിലെ കരുത്തനായ തന്ത്രജ്ഞനായി വളര്‍ന്നത് യു.പി.യില്‍ ബി.ജെ.പിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ്. 80ല്‍ 71 ലോക്‌സഭാ സീറ്റുകളും പിടിച്ചെടുത്ത് സമാനതകളില്ലാത്ത പ്രകടനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. നടത്തിയത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനം പാര്‍ട്ടി തൂത്തുവാരി.

2019-ലെ തിരഞ്ഞെടുപ്പില്‍ ഇതിന് അടുത്തെത്തുന്ന പ്രകടനം അവിടെ കാഴ്ചവെക്കാന്‍ ബി.ജെ.പിക്ക് കഴിയുമോ എന്നത് ' മില്യണ്‍ ഡോളര്‍ ' ചോദ്യമാണ്. പൊതുതിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ശേഷം ഗംഗയിലൂടെ ഏറെ വെള്ളം ഒഴുകി. സംസ്ഥാന രാഷ്ടീയത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം, രണ്ടു പതിറ്റാണ്ടായി ഇരുചേരിയില്‍ പരസ്പരം പോരടിച്ചിരുന്ന എസ്.പി.യും ബി.എസ്.പിയും ബി.ജെ.പി. വിരുദ്ധ വിശാല പ്ലാറ്റ്‌ഫോമില്‍ ഒന്നിച്ചതാണ്.. എസ്.പി.-ബി.എസ്.പി മുന്നണി രൂപപ്പെട്ടശേഷം സമീപകാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് പൊതുവില്‍ തിരിച്ചടിയായിരുന്നു ഫലം. പ്രിയങ്കയെ രംഗത്തിറക്കി ഒരു തിരിച്ചുവരവിന് പടയൊരുക്കം നടത്തുന്ന കോണ്‍ഗ്രസും കളം നിറഞ്ഞതോടെ സംസ്ഥാനത്തെ സമവാക്യങ്ങള്‍ പ്രവചനാതീകമാകുന്നു.

ചുരുക്കത്തില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന അനൂകൂല സാഹചര്യങ്ങള്‍ ഇത്തവണ ബി.ജെ.പി.ക്കില്ല എന്ന് നിസംശയം പറയാം. പുതിയ പരിസ്ഥിതിയേക്കുറിച്ച് ബി.ജെ.പി. ബുദ്ധികേന്ദ്രങ്ങളുടെ വിലയിരുത്തല്‍ രണ്ടു തരത്തിലാണ്. ഒന്ന് രാഷ്ടീയത്തില്‍ ഒന്നും ഒന്നും രണ്ടല്ല. എസ്.പിയുടേയും ബി.എസ്.പിയുടേയും അടിത്തറയായ വോട്ട് ബാങ്കുകള്‍ പരസ്പരം ചേരില്ലെന്നും സഖ്യത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ മോദി ഫാക്ടറിനെ മറികടക്കാന്‍ കഴിയില്ലെന്നുമുള്ള ആത്മവിശ്വാസ പ്രകടനമാണ് ഇതില്‍ പ്രധാനം. പ്രതിപക്ഷ നിരയില്‍ ഇപ്പോഴും തങ്ങള്‍ക്ക് മുതലെടുക്കാവുന്ന അനൈക്യവും വിള്ളലുകളും ഉണ്ടെന്ന തന്ത്രപരമായ കണക്കുകൂട്ടലാണ് മറ്റൊന്ന്. തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരു മൂന്നാംശക്തിയായി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ലക്ഷണങ്ങള്‍ കാട്ടുന്ന കോണ്‍ഗ്രസിന്റെ സാന്നിധ്യം ഫലത്തില്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ബി.ജെ.പി. നേതാക്കളുടെ അവകാശവാദം. സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താന്‍ എസ്.പി.യും ബി.എസ്.പിയും വലിയ താത്പര്യം കാട്ടിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി.യെ എന്നപോലെ എസ്.പി. ബി.എസ്.പി. പാര്‍ട്ടികളേയും കടന്നാക്രമിച്ചുമാത്രമേ കോണ്‍ഗ്രസിന് തങ്ങളുടെ നഷ്ടപ്പെട്ട പരമ്പരാഗത വോട്ട് ബാങ്കുകള്‍ കുറേയേങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയു. അതിന് പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസിന് മത്സരിക്കേണ്ടിവരും. അങ്ങിനെവന്നാല്‍ എസ്.പി.-ബി.എസ്.പി.സഖ്യത്തിന് പോകേണ്ട ബി.ജെ.പി.വിരുദ്ധ വോട്ടുകളില്‍ ഒരു പങ്ക് കോണ്‍ഗ്രസ് കൈക്കലാക്കും . ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും എസ്.പി.- ബിഎസ്.പി ,സഖ്യത്തിനുമായി ഭിന്നിച്ചാല്‍ അത് തങ്ങള്‍ക്ക് ഗുണകരമാകും. ഇങ്ങിനെ പോകുന്നു ബി.ജെ.പി.യുടെ പ്രതീക്ഷകള്‍.

എന്നാല്‍ കണക്കുകൂട്ടലുകളേയെല്ലാം അട്ടിമറിക്കുന്ന ഒരു അറ്റകൈ പ്രയോഗത്തിന് കോണ്‍ഗ്രസ് മുതിരുമോ എന്ന ആശങ്ക ബി.ജെ.പി. നേതൃത്വത്തില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. നെഹ്രു കുടുംബത്തിന്റെ പരാമ്പരാഗത സ്വാധീന മേഖലയായ അമേഠി ,റായ്ബറേലി പ്രദേശങ്ങളിലെ ചില മണ്ഡലങ്ങളിലായി മത്സരം ചുരുക്കി മറ്റുള്ള സ്ഥലങ്ങളില്‍ എസ്.പി. ബി.എസ്.പി സഖ്യത്തോടൊപ്പം നില്‍ക്കുക എന്ന തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് എത്തുമോ എന്നതാണത്. അങ്ങിനെ വന്നാല്‍ ബി.ജെ.പി ഭയക്കുന്ന ,പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ടീയ സാഹചര്യം രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്‌ല സംസ്ഥാനത്ത് സംജാതമാകും. ബി.ജെ.പി.ക്കെതിരെ സംയുക്ത പ്രതിപക്ഷം എന്ന സ്ഥിതി.

അത്തരമൊരു സാഹചര്യം മുന്നില്‍കണ്ടാണ് അമിത് ഷായും സംഘവും ഒരു പ്ലാന്‍ ബി തയ്യാറാക്കിയിരിക്കുന്നത്. യു.പി.യില്‍ വലിയ തിരിച്ചടി നേരിട്ടാല്‍ അത് മറികടക്കാന്‍ പുതിയ സ്വാധീനമേഖലകളില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന തന്ത്രം. ബി.ജെ.പി.യുടെ ഈ പദ്ധതിയില്‍ സുപ്രധാനമാണ് ബംഗാളും, ഒഡീഷയും ഇതേവരെ ബാലികേറാമലകളായി തുടര്‍ന്ന കിഴക്കന്‍ ഇന്ത്യയിലെ ഈ സംസ്ഥാനങ്ങളില്‍ ഇത്തവണ മോശമല്ലാത്ത സംഖ്യ സീറ്റുകള്‍ പിടിക്കാമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. ബംഗാളില്‍ പോരാട്ടം മമതയും മോദിയും അല്ലെങ്കില്‍ തൃണമൂലും ബി.ജെ.പി.യും തമ്മിലാണെന്നും മറ്റുള്ളവര്‍ അപ്രസക്തരെന്നുമുള്ള പ്രതീതി സൃഷ്ടിക്കുകയാണ് ഇതിന് പ്രധാനം. കൊല്‍ക്കത്തയിലെ സി.ബി.ഐ-സംസ്ഥാന പോലീസ് ഏറ്റുമുട്ടല്‍ നാടകങ്ങളുടെ തിരക്കഥ ഒരു രാഷ്ടീയ രചനയാണെന്ന് പലരും കരുതുന്നതും ഇതുകൊണ്ടുതന്നെ. ബംഗാള്‍, ഒഡീഷ എന്നീ പുതിയ ലക്ഷ്യങ്ങള്‍ക്ക് പുറമേ ബി.ജെ.പി. വലിയ പ്രതീക്ഷകള്‍ വെച്ചുപുര്‍ത്തുന്നു സംസ്ഥാനമാണ് 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്ര. മറാത്ത സംവരണത്തിന്റേയും മറ്റും പശ്ചാത്തലത്തില്‍ ശിവസേനയുമായി കലഹമൊഴിവാക്കി സഖ്യത്തില്‍ തിരഞ്ഞെടുപ്പ് നേരിടാനായാല്‍ മഹാരാഷ്ട്രയില്‍ വന്‍ നേട്ടം കൊയ്യാമെന്നാണ് ബി.ജെ.പി.യുടെ വിശ്വാസം.

യു.പി.യിലും രാജസ്ഥാനിലും ,ഛത്തീസ്ഗഡിലും 'മൈനസ്' വന്നാല്‍ കിഴക്കന്‍ ഇന്ത്യയിലെ 'പ്ലസ്' കൊണ്ട് അതിനെ ഒരുപരിധിവരെ പ്രതിരോധിക്കുക എന്നതാണ് പാര്‍ട്ടിയുടെ തന്ത്രം. അനുനിമിഷം മാറിമറിയുന്ന ദേശീയ രാഷ്ടീയ സാഹചര്യങ്ങളില്‍ കണക്കുകൂട്ടലുകള്‍ ഫലം കാണുകയോ പിഴക്കുകയൊ ചെയ്യാം.

content highlights: BJP, 2019 election, uttar pradesh, Narendra Modi, Amit Shah

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram