തിങ്കളാഴ്ച അഞ്ചാംഘട്ടം വിധിയെഴുതുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്കെതിരേ കടുത്ത മത്സരം കാഴ്ചവെച്ചതിന്റെ ശുഭപ്രതീക്ഷയില്‍ കോണ്‍ഗ്രസും എസ്.പി.-ബി.എസ്.പി. മഹാസഖ്യവും. വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളില്‍ 12 സീറ്റിലും കഴിഞ്ഞ തവണ വിജയിച്ചത് ബി.ജെ.പി.യായിരുന്നു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി റായ്ബറേലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയിലും വിജയിച്ചതാണ് പ്രതിപക്ഷസീറ്റുകള്‍. ത്രികോണമത്സരം മുറുകിയ മണ്ഡലങ്ങളില്‍ ജാതിഗണിതങ്ങളും നിര്‍ണായകമാവുന്നതാണ് അഞ്ചാംഘട്ടത്തിലെ ജനവിധി.
അമേഠിയും റായ്ബറേലിയും നിലനിര്‍ത്താനാവുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോണ്‍ഗ്രസ് ഈ ഘട്ടത്തിലെ ആറു മണ്ഡലങ്ങളില്‍കൂടി കടുത്തമത്സരം കാഴ്ചവെക്കുന്നു. ഇതില്‍ രണ്ടു മണ്ഡലങ്ങള്‍ തീര്‍ച്ചയായും കിട്ടുമെന്നാണ് പാര്‍ട്ടിയുടെ ശുഭപ്രതീക്ഷ. മുതിര്‍ന്ന നേതാവ് പി.എല്‍. പുനിയയുടെ മകന്‍ തനൂജ് പുനിയ മത്സരിക്കുന്ന ബാരാബങ്കി, യുവനേതാവ് ജിതിന്‍ പ്രസാദ സ്ഥാനാര്‍ഥിയായ ദൗറാഹ എന്നിവയാണ് കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുള്ള മണ്ഡലങ്ങള്‍. കൂടാതെ ബാന്ദ, ഫത്തേപുര്‍, ഫൈസാബാദ്, ബഹ്റാച്ച് എന്നീ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രതീക്ഷയര്‍പ്പിക്കുന്നു.
12 മണ്ഡലങ്ങളില്‍ തീപാറും പോരാട്ടം
എന്നാല്‍, അമേഠിയും റായ്ബറേലിയുമൊഴികെ 12 മണ്ഡലങ്ങളിലും ബി.ജെ.പി.യുമായി കടുത്ത പോരാട്ടത്തിലാണ് മഹാസഖ്യം. ഇതില്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലഖ്നൗ മണ്ഡലത്തില്‍ ബി.ജെ.പി.ക്ക് വലിയ ഭീഷണിയില്ല. 2014-ല്‍ രാജ്നാഥിന് 5.61 ലക്ഷം വോട്ട് ലഭിച്ചിരുന്നു. കോണ്‍ഗ്രസിനും മഹാസഖ്യത്തിനും ലഭിച്ച 4.09 ലക്ഷം വോട്ടുകള്‍ കണക്കാക്കിയാല്‍ത്തന്നെ ബി.ജെ.പി.ക്ക് ലഭിച്ചത്ര വരില്ല. മാത്രമല്ല, ബിഹാറില്‍ ശത്രുഘന്‍ സിന്‍ഹയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ പുനം സിന്‍ഹ ലഖ്നൗവില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായപ്പോള്‍ പാര്‍ട്ടി പിന്തുണച്ചില്ല. പകരം, ആള്‍ദൈവം പ്രമോദം കൃഷ്ണത്തെ സ്ഥാനാര്‍ഥിയാക്കി.
അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ സിറ്റിങ് എം.പി. ലല്ലുസിങ്ങിനെ രംഗത്തിറക്കിയിരിക്കുകയാണ് ബി.ജെ.പി. 2014-ല്‍ 4.91 ലക്ഷം വോട്ട് നേടിയിരുന്നു. മഹാസഖ്യത്തിന്റെ വോട്ടുകൂട്ടിയാല്‍ മൂന്നരലക്ഷം വരും. കോണ്‍ഗ്രസിന് 1.29 ലക്ഷം വോട്ടും ലഭിച്ചു. പ്രതിപക്ഷവുമായി ഒരുലക്ഷം വോട്ടിന്റെ അന്തരമുള്ളതിനാല്‍ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്നാല്‍, രാമക്ഷേത്രം ചര്‍ച്ചയായ മണ്ഡലത്തില്‍ ശിവസേന മത്സരിക്കുന്നതാണ് ഭീഷണി. പാസി (ദളിത് വിഭാഗം) സ്ത്രീയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ മിത്രസെന്‍ യാദവിന്റെ മകന്‍ ആനന്ദ്സെന്‍ യാദവാണ് ഇവിടെ എസ്.പി. സ്ഥാനാര്‍ഥി. 2012-ല്‍ അഖിലേഷ് സര്‍ക്കാര്‍ മിത്രസെന്നിനെതിരായ കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍, ആനന്ദ് സെന്നിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ രോഷാകുലരാണ് ഒന്നേമുക്കാല്‍ ലക്ഷം വരുന്ന പാസി വോട്ടര്‍മാര്‍. സവര്‍ണനായ ഡോ. നിര്‍മല്‍ ഖത്രിയെ രംഗത്തിറക്കിയതാണ് കോണ്‍ഗ്രസിന്റെ തന്ത്രം.
ബെഹ്റൈച്ചിലെ സിറ്റിങ് എം.പി. സാവിത്രി ബായ് ഫുലെ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെന്നതാണ് അവരുടെ പ്രതീക്ഷ. മോദിസര്‍ക്കാരിന്റെ ദളിത് വിരുദ്ധനിലപാടില്‍ പ്രതിഷേധിച്ചാണ് സാവിത്രി ഫുലെ ബി.ജെ.പി.യില്‍നിന്ന് രാജിവെച്ചത്. 2014-ല്‍ 4.32 ലക്ഷം വോട്ടുനേടി. ഇവിടെ എസ്.പി.-ബി.എസ്.പി. വോട്ടുകൂട്ടിയാല്‍ 4.33 ലക്ഷം വോട്ടുണ്ട്. ഈ മുന്‍തൂക്കത്തിലാണ് മഹാസഖ്യം. ബാരാബങ്കിയില്‍ പി.എല്‍. പുനിയയുടെ സ്വാധീനം മകന്‍ തനൂജിന്റെ വിജയത്തിലെത്തുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇവിടെ, ബി.ജെ.പി.ക്ക് 4.54 ലക്ഷം വോട്ട് 2014-ല്‍ ലഭിച്ചു. കോണ്‍ഗ്രസ് 2.42 ലക്ഷം വോട്ടുനേടി രണ്ടാമതെത്തി. എസ്.പി.-ബി.എസ്.പി. വോട്ടുകൂട്ടിയാല്‍ 3.17 ലക്ഷം വരുമെന്നതാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. സിറ്റിങ് എം.പി. പ്രിയങ്ക സിങ് റാവത്തിന് സീറ്റുനല്‍കാത്തത് ബി.ജെ.പി.ക്ക് വെല്ലുവിളിയാണ്. പുനിയയുടെ പിന്‍ബലം വോട്ടാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
ദൗറാഹയില്‍ കഴിഞ്ഞതവണ തോറ്റെങ്കിലും ജിതിന്‍ പ്രസാദയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അദ്ദേഹം രണ്ടുതവണ ഇവിടെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി.ക്ക് 3.60 ലക്ഷം വോട്ടുകള്‍ 2014-ല്‍ ലഭിച്ചു. എസ്.പി.-ബി.എസ്.പി. വോട്ടുകൂട്ടിയാല്‍ 4.68 ലക്ഷമുള്ളതാണ് മഹാസഖ്യത്തിന്റെ ആത്മവിശ്വാസം.
കൈസര്‍ഗഞ്ജില്‍ 2014-ല്‍ ബി.ജെ.പി.ക്ക് 3.81 ലക്ഷം വോട്ടുണ്ടെങ്കിലും തങ്ങളുടെ പാര്‍ട്ടിവോട്ടുകള്‍ 4.68 ലക്ഷമായതും ഗോണ്ടയില്‍ ബി.ജെ.പി.ക്കുകിട്ടിയ 3.59 ലക്ഷം വോട്ടുകളുടെ അടുത്തെത്തി 3.16 ലക്ഷം നേടാനായതുമൊക്കെ മഹാസഖ്യത്തിന്റെ വീര്യം വര്‍ധിപ്പിച്ചു.
കൗശംബിയിലും 2014-ല്‍ നേടിയ വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ വിജയത്തിലേക്ക് വഴിവെക്കുമെന്നാണ് മഹാസഖ്യം കരുതുന്നത്. ബി.ജെ.പി.ക്ക് 3.31 ലക്ഷം വോട്ട് ലഭിച്ചപ്പോള്‍ എസ്.പി.യും ബി.എസ്.പി.യും കൂടി 4.90 ലക്ഷം വോട്ടുനേടി. ബി.ജെ.പി. 4.17 ലക്ഷം വോട്ടുവാരിയ സീതാപുരില്‍ തങ്ങളുടെ പാര്‍ട്ടികള്‍ക്ക് 5.22 ലക്ഷം നേടാനായതില്‍ അവിടെ വിജയമുറപ്പിച്ചിരിക്കുകയാണ് മഹാസഖ്യം.
വിവാദ പ്രസ്താവനയ്ക്ക് പേരെടുത്ത കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് ഫത്തേപുരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി. ഇവിടെ മഹാസഖ്യവും ബി.ജെ.പി.യും തമ്മിലാണ് പോരാട്ടം. എന്നാല്‍, മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിന്റെ പാര്‍ട്ടി പി.ഡി.എ. വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ ഇവിടെ എസ്.പി.ക്ക് ഭീഷണിയായുണ്ട്.
ബാന്ദയില്‍ 2014-ല്‍ ബി.ജെ.പി. 3.42 ലക്ഷം വോട്ടുനേടിയപ്പോള്‍ എസ്.പി.ക്കും ബി.എസ്.പി.ക്കുംകൂടി 4.16 ലക്ഷം ലഭിച്ച ധൈര്യത്തിലാണ് മഹാസഖ്യം. ബി.എസ്.പി. സ്ഥാപകന്‍ കാന്‍ഷിറാമിന്റെ വലംകൈയായിരുന്ന ആര്‍.കെ. ചൗധരിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. മായാവതിയുടെ വിശ്വസ്തന്‍ സി.എല്‍. വര്‍മയാണ് മഹാസഖ്യം സ്ഥാനാര്‍ഥി. സിറ്റിങ് എം.പി. കൗശല്‍ കുമാറിനെ ബി.ജെ.പി.യും രംഗത്തിറക്കി. യു.പി.യിലെ 71 ബി.ജെ.പി. എം.പി.മാരില്‍ ആറും 310 എം.എല്‍.എ.മാരില്‍ 23-ഉം പാസികളാണെന്നത് സംസ്ഥാനത്ത് അവരുടെ ശക്തിതെളിയിക്കുന്നു.
Content Highlights: Loksabha Election Fifth Phase Polling, Congress-BJP-BSP-SP