റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരമുറപ്പിച്ച് മഹാസഖ്യം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ തോല്‍വി ബിജെപിക്ക് ഇരട്ടപ്രഹരമായി.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ മുന്നേറ്റം നടത്തിയാണ് മഹാസഖ്യം അധികാരത്തിലേറുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് കോണ്‍ഗ്രസും ആര്‍ജെഡിയും ജെഎംഎം നയിക്കുന്ന മഹാസഖ്യത്തിന് കരുത്തുപകര്‍ന്നു.
ജെഎംഎം നേതാവും പ്രതിപക്ഷ നേതാവുമായ ഹേമന്ത് സോറനായിരിക്കും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ദേശീയതയും ആര്‍ട്ടിക്കിള്‍ 370-ഉം പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോള്‍ പ്രാദേശിക വിഷയങ്ങളിലൂന്നി ഹേമന്ത് സോറന് പിന്നില്‍ ഒന്നിച്ചുനിന്നതാണ് മഹാഖ്യത്തെ വിജയത്തിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി 182 റാലികളിലാണ് ഹേമന്ത് സോറന്‍ പങ്കെടുത്തത്.
ജാര്‍ഖണ്ഡില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിക്കുകയാണെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ ഹേമന്ത് സോറന്റെ പ്രതികരണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരുടെയും പ്രതീക്ഷകള്‍ തകരില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഹേമന്ത് സോറനെ പ്രഖ്യാപിച്ചതോടെ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ ഭിന്നത അകന്നിരുന്നു. കോണ്‍ഗ്രസിലാകട്ടെ നേതാക്കള്‍ പലരും കൊഴിഞ്ഞുപോയി. പിസിസി പ്രസിഡന്റ് പോലും രാജിവച്ച് ആം ആദ്മിയില്‍ ചേര്‍ന്നിട്ടും ഒറ്റ മനസ്സുമായി ഈ തിരഞ്ഞെടുപ്പിനെ നേരിടാനായതാണ് കോണ്‍ഗ്രസിനെ തുണച്ചത്. തെക്കന്‍ ജാര്‍ഖണ്ഡില്‍ മുന്നേറ്റമുണ്ടാക്കിയ കോണ്‍ഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചത് 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എഐസിസി സെക്രട്ടറി ആര്‍പിഎന്‍ സിങ്ങായിരുന്നു.
എക്സിറ്റ് പോളുകള്‍ ത്രിശങ്കു പ്രവചിച്ചപ്പോഴും അപകടസാധ്യതയുണ്ടെങ്കിലും സര്‍ക്കാരുണ്ടാക്കാമെന്ന ഉറച്ച പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. പക്ഷേ എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിലും വലിയ വിജയമാണ് മഹാസഖ്യം നേടിയത്. ജെ.വി.പിയുടെയും എ.ജെ.എസ്.യുവിന്റെയും വിലപേശല്‍ ശേഷി നഷ്ടപ്പെട്ടതും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്.
Content Highlights: jharkhand assembly election result; jmm led alliance wins and bjp lost