എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയില്ല, 38-ാം വയസില്‍ മുഖ്യമന്ത്രി; പിതാവിനൊപ്പം പടനയിച്ച ഹേമന്ത് സോറന്‍


1 min read
Read later
Print
Share

ജൂലായ് 13-ന് കോണ്‍ഗ്രസ്, ആര്‍ജെഡി പിന്തുണയോടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു.

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപിയെ തറപറ്റിച്ച് മഹാസഖ്യം അധികാരത്തിലേയ്ക്കുടുക്കുമ്പോള്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേയ്ക്കെത്തുകയാണ് ഹേമന്ത് സോറന്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവും പ്രതിപക്ഷ നേതാവുമായ ഹേമന്ത് സോറന്റെ മുഖ്യമന്ത്രി കസേരയിലെ രണ്ടാമൂഴമാണിത്. 2013ല്‍ തന്‍റെ 38-ാം വയസ്സിലാണ് അദ്ദേഹം ആദ്യം മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

പട്‌ന ഹൈസ്‌കൂളില്‍നിന്ന് ഇന്റര്‍മീഡിയേറ്റ് പൂര്‍ത്തിയാക്കിയ ഹേമന്ത് സോറന്‍ മെസ്രയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് ചേര്‍ന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല.

പിതാവും ജെഎംഎം നേതാവുമായ ഷിബു സോറന്റെ പാത പിന്തുടര്‍ന്ന് പിന്നീട് ഹേമന്ത് സോറനും ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ സജീവമായി. 2009 ജൂണ്‍ മുതല്‍ 2010 ജനുവരി വരെ രാജ്യസഭാംഗമായിരുന്നു. 2010-ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ അര്‍ജുന്‍ മുണ്ട സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഹേമന്ത് സോറന്‍ ഉപമുഖ്യമന്ത്രിയായി. എന്നാല്‍ ജെഎംഎം പിന്തുണയോടെയുള്ള ബിജെപി സര്‍ക്കാരിന് അധികനാള്‍ ആയുസുണ്ടായില്ല.

2013 ജനുവരിയില്‍ ജെഎംഎം ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍വന്നു. പിന്നീട് ജൂലായ് 13-ന് കോണ്‍ഗ്രസ്, ആര്‍ജെഡി പിന്തുണയോടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. 38-ാം വയസ്സില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു. പക്ഷേ, ഒന്നര വര്‍ഷത്തോളം മാത്രമേ ഹേമന്ത് സോറന്‍ സര്‍ക്കാരിന് നിലനില്‍പ്പുണ്ടായുള്ളൂ. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ഇക്കാലയളവിലായിരുന്നു. മാവോവാദികളെ തുരത്താനും ഹേമന്ത് സോറന്‍ സര്‍ക്കാര്‍ സുപ്രധാന നടപടികള്‍ സ്വീകരിച്ചു.

2000-ല്‍ നിലവില്‍ വന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്ത് ഇതുവരെ ഒമ്പത് സര്‍ക്കാരുകളാണ് ഭരണം നടത്തിയത്. ഇതിനിടെ മൂന്നുതവണ രാഷ്ട്രപതി ഭരണവും ഏര്‍പ്പെടുത്തി.

Content Highlights: hemant soren will be the next chief minister of jharkhand, hemant soren political life and family

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram