അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍ അടങ്ങി ഒതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് മന്ത്രി ജി സുധാകരന്‍. മറ്റൊരു അഭ്യര്‍ഥനയും തനിക്കില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. വിവാദമായ പൂതന പരാമര്‍ശം സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
'യു.ഡി.എഫ് സ്ഥാനാര്‍ഥി അരൂരിലെ കാര്യങ്ങളല്ല പറയുന്നത്. പൂച്ചയുടേയും പട്ടിയുടെയും പൂതനയുടെയും മറുതയുടെയും കാര്യമാണ് പറയുന്നത്. അതൊന്നും ഇവിടെ വിഷയമല്ല. ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പറയുന്നു. ജയിലില്‍ പോകാനാണോ വോട്ടുചോദിക്കുന്നത് ? അതിന് ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുന്നോ ? അടിയന്തരാവസ്ഥയുണ്ടോ ? അതെല്ലാം അസംബന്ധമാണ്.
ഭാര്യയും അമ്മയും ഒഴികെയുള്ള എല്ലാ സ്ത്രീകളും എന്റെ സഹോദരിമാരാണ്. ഷാനിമോളും അങ്ങനെതന്നെ. അതൊന്നും ചര്‍ച്ചാ വിഷയമല്ലല്ലോ ? പോലീസ് മാങ്ങാത്തൊലി (പോലീസില്‍ പരാതി നല്‍കിയകാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍). തന്നോടല്ലേ മാപ്പ് പറയേണ്ടത്.
അവര്‍ അടങ്ങിയൊതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പറയൂ. മറ്റൊരു അഭ്യര്‍ഥനയും തനിക്കില്ല. ഒരു കേസെടുക്കുന്നതിന് നിയമപരമായ വശങ്ങളില്ലേ ? (കേസെടുക്കണമെന്ന് ഷാനിമോളുടെ ആവശ്യം ചൂണ്ടിക്കാണിച്ചപ്പോള്‍). അസംബന്ധത്തിനാണോ കേസെടുക്കുന്നത്. കെട്ടിവച്ച കാശ് അവര്‍ക്ക് കിട്ടാതിരിക്കണമെന്നാണോ ? ഇപ്പോള്‍ കെട്ടിവച്ച കാശുകിട്ടും. എന്നാല്‍ പൂതന പരാമര്‍ശത്തെപ്പറ്റി പറയുംതോറും വോട്ട് കുറഞ്ഞുകൊണ്ടിരിക്കും.'
വികസനകാര്യങ്ങളാണ് തങ്ങള്‍ അരൂരില്‍ പറയുന്നത്. വികസനത്തില്‍ കുറവുവന്ന കാര്യങ്ങളുണ്ട്. എല്ലാം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. തിരഞ്ഞെടുപ്പിനുശേഷം എല്ലാം പൂര്‍ത്തിയാക്കും. എല്ലാ ഗ്രാമീണ റോഡുകളും നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Minister G Sudhakaran Aroor Shanimol Usman